രാഷ്ട്രീയ അതിജീവനത്തിന് നെതന്യാഹുവിന്റെ യുദ്ധം

Mail This Article
ജറുസലം ∙ ജനുവരിയിൽ ഹമാസുമായി ഒപ്പിട്ട വെടിനിർത്തൽ കരാറിൽനിന്നു പുറത്തുകടക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ശ്രമങ്ങളാണു വീണ്ടും ഗാസയെ ആക്രമിക്കുന്നതിലേക്ക് എത്തിയത്. യുദ്ധം ആരംഭിച്ചതു മുതൽ രണ്ടുതരം സമ്മർദങ്ങളാണ് നെതന്യാഹു നേരിട്ടത്.
ഒന്ന്, എത്രയുംവേഗം ഹമാസുമായി ധാരണയുണ്ടാക്കി ബന്ദികളെ മോചിപ്പിക്കണമെന്ന കുടുംബങ്ങളുടെ ആവശ്യം. രണ്ട്, ഹമാസിനെ ഇല്ലായ്മ ചെയ്യുംവരെ യുദ്ധം തുടരണമെന്ന സർക്കാരിലെ തീവ്രവലതുപക്ഷ കക്ഷികളുടെ ആവശ്യം. ചൊവ്വാഴ്ച രാവിലെ ഗാസയിൽ വീണ്ടും ബോംബിടാൻ തീരുമാനിച്ചതോടെ നെതന്യാഹു രണ്ടാമത്തെ ആവശ്യത്തിനു വഴങ്ങി വെടിനിർത്തൽ കരാറിൽനിന്നു പിന്മാറുകയായിരുന്നു. രണ്ടാംഘട്ട ചർച്ചയ്ക്കുമുൻപേ മുഴുവൻ ബന്ദികളെ മോചിപ്പിക്കണമെന്ന ആവശ്യം തള്ളിയ ഹമാസാണ് ആക്രമണം ക്ഷണിച്ചുവരുത്തിയതെന്ന് ഹമാസിനെ പഴിചാരുകയും ചെയ്തു.
ജനുവരി 18നു യുഎസ് മധ്യസ്ഥതയിൽ കരാർ ഒപ്പിട്ടപ്പോൾതന്നെ രണ്ടാംഘട്ടം വരെ വെടിനിർത്തൽ എത്തില്ലെന്ന വിലയിരുത്തലുണ്ടായിരുന്നു. ഗാസ യുദ്ധം സ്ഥിരമായി അവസാനിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്ന രണ്ടാംഘട്ടം കരാർ ഒപ്പിട്ടാൽ നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന തീവ്രകക്ഷികൾ പിന്തുണ പിൻവലിക്കും. ഇതോടെ കൂട്ടുകക്ഷി സർക്കാർ പ്രതിസന്ധിയിലാകും. ഈ സാഹചര്യം മറികടക്കാനാണ് രണ്ടാംഘട്ട ചർച്ച ഇസ്രയേൽ നീട്ടിക്കൊണ്ടുപോയത്.
ഹമാസുമായി കരാറുണ്ടാക്കിയതിന്റെ പേരിൽ മന്ത്രിസഭ വിട്ട തീവ്രവലതുപക്ഷ നേതാവായ ഇതാമർ ബെൻവിറിന്റെ പാർട്ടി, യുദ്ധം പുനരാരംഭിച്ചതോടെ സർക്കാരിൽ വീണ്ടും ചേരുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. നെതന്യാഹുവിനെതിരായ അഴിമതിക്കേസുകളിലെ വിചാരണയും ഇന്നലെ നിർത്തിവച്ചു.