ADVERTISEMENT

കാൽ നൂറ്റാണ്ടു മുൻപാണ്. ഇ.കെ.നായനാരാണ് അന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയാകേണ്ടിയിരുന്ന വി.എസ്.അച്യുതാനന്ദൻ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റു മുറിവേറ്റ്, പദവികൾ ഒന്നുമില്ലാതെ തലസ്ഥാനത്ത് ഒരു വാടക വീട്ടിൽ താമസിക്കുന്നു. തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കാർ തന്നെ പിന്നിൽനിന്നു കുത്തിയതിന്റെ വേദനയിൽ പാർട്ടിക്കുള്ളിൽ വിഎസിന്റെ പോരാട്ടം തുടങ്ങുന്ന കാലം കൂടിയാണ്. ഒരു ദിവസം വിഎസിനെ പരിചയപ്പെടുത്താം എന്നു പറഞ്ഞ് സുഹൃത്തും കേരളകൗമുദി ലേഖകനുമായ കെ. ബാലചന്ദ്രൻ എന്നെ അച്യുതാനന്ദന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. കൂടിക്കാഴ്ച കഴിഞ്ഞ് യാത്ര പറയുമ്പോൾ വിഎസ് ബാലചന്ദ്രനോടായി പറഞ്ഞു: ‘‘ആദ്യം ജോണിനെ ഞാൻ ഒന്നു പഠിക്കട്ടെ. അതുകഴിഞ്ഞ് വീണ്ടും കാണാം.’’ ഒരു പത്രപ്രവർത്തകനായ എന്നോട് ആദ്യ കൂടിക്കാഴ്ചയിൽ വിഎസ് അങ്ങനെ പറഞ്ഞത് എന്നെ അദ്ഭുതപ്പെടുത്തി. വൈകാതെ അദ്ദേഹം പറഞ്ഞതിന്റെ പൊരുൾ എനിക്കു മനസ്സിലായി. കാര്യങ്ങൾ പറയുമ്പോൾ എന്നെ വിശ്വസിക്കാമോ എന്നതാണു പഠനത്തിന്റെ ഉദ്ദേശ്യം.

വി.എസ്.അച്യുതാനന്ദൻ എപ്പോഴും അങ്ങനെയാണ്. അദ്ദേഹം വ്യക്തികളെ നിരീക്ഷിച്ചു പഠിച്ചുകൊണ്ടിരിക്കും. തന്റെ കൂടെ നിൽക്കുന്നവരും അല്ലാത്തവരും എന്ന നിലയിൽ അവരെ രണ്ടായി തിരിക്കും. പ്രത്യേകിച്ച് പാർട്ടിക്കുള്ളിൽ വിഭാഗീയത വർധിക്കുന്ന കാലത്ത്. ഒരു പോരാളിയായ തന്റെ കൂടെ ചേരുന്നോ ഇല്ലയോ എന്ന ചോദ്യവും കൂടി അതിലുണ്ട്. സ്ഥാനമാനങ്ങൾക്കു വേണ്ടി തന്റെ നിലപാടിൽ അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല. കൂടെ നിൽക്കുന്നവരെ അദ്ദേഹം വിശ്വസിച്ചു. അല്ലാത്തവരെ അകറ്റിനിർത്തി.

thalakkuri-column-on-vs-achuthanandan1
വിഎസ് അച്യുതാനന്ദൻ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തിൽ വിഎസ് നടത്തിയ പോരാട്ടങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. പോരാട്ടങ്ങളിൽ കുറ്റവാളിയായി മുദ്രകുത്തിയവരോട് വിഎസ് ഒരിക്കലും ക്ഷമിച്ചില്ല. അവസാന വിജയം വരെ പോരാട്ടം തുടർന്നു. എതിരാളി അമ്പേറ്റു വീഴുന്നതു വരെ വേട്ടയും തുടർന്നു.

നിയമസഭയിൽ ആയാലും പുറത്തായാലും കാര്യങ്ങൾ വ്യക്തമായി പഠിച്ചിട്ടേ വിഎസ് പ്രസ്താവനകൾ നടത്താറുള്ളൂ. എന്നാൽ വിവരം നൽകുന്ന ആളെ ഉത്തമ വിശ്വാസമുണ്ടെങ്കിൽ ആഴത്തിൽ പഠിക്കാതെതന്നെ സ്വീകരിക്കും. അതിൽ അദ്ദേഹത്തിനു തെറ്റു പറ്റാറില്ല. ആരെങ്കിലും തന്നോട് വിശ്വാസവഞ്ചന കാണിക്കുന്നു എന്ന സൂചന ലഭിച്ചാൽ ആ ബന്ധം അവിടെ അവസാനിക്കുകയും ചെയ്യും.

വിഎസുമായുള്ള എന്റെ കൂടിക്കാഴ്ചയ്ക്കു മുമ്പാണ്. ഒരിക്കൽ കേരള രാഷ്ട്രീയത്തിൽ ഒച്ചപ്പാട് ഉണ്ടാക്കിയ ഒരു സംഭവത്തിൽ നിർണായകമായ ഒരു തെളിവ് ഒരു പത്രത്തിന്റെ ലേഖകനു ലഭിച്ചു. അടുത്ത ദിവസം തന്റെ സ്കൂപ്പ് രേഖ സഹിതം പത്രത്തിൽ വരുന്നത് ലേഖകൻ സ്വപ്നം കണ്ടിരിക്കുമ്പോൾ കടുത്ത സമ്മർദ്ദത്തിനു വഴങ്ങി പത്രത്തിന്റെ എഡിറ്റർ ആ വാർത്ത തടഞ്ഞുവച്ചു. സന്തോഷ് ട്രോഫിയിൽ കേരളം ജയിച്ച വാർത്തയും ഫിലിം അവാർഡ് പ്രഖ്യാപനവും ഒക്കെ ഒന്നിച്ചു വന്നതുകൊണ്ട് ഒന്നാം പേജിൽ സ്ഥലമില്ല എന്നതാണു കാരണം പറഞ്ഞത്. നിയമസഭ നടക്കുന്ന കാലം. വാർത്ത പിറ്റേന്ന് നിയമസഭയിൽ കത്തിക്കയറേണ്ടതാണ്. പ്രതിപക്ഷനേതാവ് എന്ന നിലയിൽ വിഎസ് ആണ് വിഷയം നിയമസഭയിൽ അവതരിപ്പിക്കേണ്ടത്. 

ഒടുവിൽ എഡിറ്ററുടെ കൂടി സമ്മതത്തോടെ തന്റെ സ്കൂപ്പ് വിഎസിനു മുന്നിൽ ലേഖകൻ എത്തിക്കുന്നു. ലേഖകനോട് അടുപ്പമുള്ള വിഎസ് അദ്ദേഹത്തോട് വിഷയം ആദ്യം പ്രസംഗ രൂപത്തിൽ എഴുതി തയാറാക്കാൻ ആവശ്യപ്പെടുന്നു. അതാണ് വിഎസിന്റെ രീതി. എഴുതിയത് വിഎസ് വായിച്ചു നോക്കി. തുടർന്ന് അദ്ദേഹം സംശയങ്ങൾ ചോദിച്ചു. തിരുത്തലുകൾ വരുത്തി.

thalakkuri-column-on-vs-achuthanandan2
വിഎസ് അച്യുതാനന്ദൻ

എഴുതിയ പ്രസംഗത്തിൽ ഇംഗ്ലിഷ് സാങ്കേതിക പദങ്ങൾ ഏറെ ഉള്ളതുകൊണ്ട് അതു വായിക്കാൻ വി എസിനു ബുദ്ധിമുട്ടുണ്ടാവുമോ എന്ന് ലേഖകന്റെ ആത്മഗതം . വിഎസിന്റെ മറുപടി ഉടനെ വന്നു.. ‘‘ഞാൻ വായിച്ചോളാം. എന്നാലും ഇംഗ്ലിഷ് വാക്കുകൾ കഴിയുന്നത്ര ഒഴിവാക്കുന്നതാണ് നല്ലത്. കേൾക്കുന്നവർക്ക് ഇംഗ്ലിഷ് അറിയണമെന്നില്ലല്ലോ.’’

ഏഴാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂവെങ്കിലും തന്റെ ഇംഗ്ലിഷ് പരിജ്ഞാനത്തിൽ വിഎസിന് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. ഉച്ചാരണം മോശമായാലും ഒരു തെറ്റും വരുത്താതെ അദ്ദേഹം ഇംഗ്ലിഷ് പ്രസംഗങ്ങൾ വായിക്കും. ഹിന്ദു മുതലുള്ള ഇംഗ്ലിഷ് പത്രങ്ങൾ മിക്കതും അദ്ദേഹം ദിവസവും വായിക്കുകയും ചെയ്തിരുന്നു. തനിക്ക് മനസ്സിലാവാത്ത കാര്യങ്ങൾ ചോദിച്ചറിയാനും വിഎസിനു മടി ഉണ്ടായിരുന്നില്ല.

പോരാട്ട വീര്യമാണ് കൈമുതൽ. ഭയമില്ലായ്മയാണു മുഖമുദ്ര. പാർട്ടിക്കുള്ളിലും പാർട്ടിക്കു പുറത്തും പൊരുതി ജയിച്ച ചരിത്രം മാത്രമുള്ള വിഎസ് ഇപ്പോൾ രോഗങ്ങളോടും പൊരുതിക്കൊണ്ട് ജന്മശതാബ്ദിയിലേക്കു കടക്കുന്നു. പിറന്നാൾ ആശംസകൾ...

Content Summary:  Thalakkuri- Column on VS Achuthanandan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com