ADVERTISEMENT

ട്രാന്‍സ്നിസ്ട്രിയ എന്നത് യൂറോപ്പിലെ ഒരു ചെറിയ പ്രദേശത്തിന്‍റെ പേരാണ്. പറയാന്‍ അത്രപോലും എളുപ്പമല്ലാത്ത ട്രാന്‍സ്ഡ്നിയസ്ട്രിയ, പ്രൈഡന്‍സ്ട്രോവിയന്‍ റിപ്പബ്ളിക്ക് എന്നീ പേരുകളിലും അറിയപ്പെടുന്നു. കേരളത്തിലെ ഒരു വലിയ ജില്ലയുടെ ഏതാണ്ട് അത്രമാത്രം വലിപ്പം. യൂറോപ്പില്‍തന്നെ അതിനെപ്പറ്റി അധികമാരും കേട്ടുകാണില്ല. അതേസമയം, ഇനിയങ്ങോട്ട് ധാരാളം കേള്‍ക്കാനും ചര്‍ച്ചചെയ്യപ്പെടാനുളള സാധ്യത കാണുകയും ചെയ്യുന്നു.  

കിഴക്കന്‍ യൂറോപ്പില്‍ രണ്ടു വര്‍ഷമായി യുദ്ധം നടന്നുവരുന്ന യുക്രെയിനുമായി അതിര്‍ത്തി പങ്കിടുന്നുവെന്നതാണ് ട്രാന്‍സ്നിസ്ട്രിയയുടെ ഭൂമിശാസത്രപരമായ ഒരു പ്രത്യേകത. നേരെ എതിര്‍വശത്തു മോള്‍ഡോവയാണ്. അങ്ങനെ യുക്രെയിനും മോള്‍ഡോവയ്ക്കും ഇടയില്‍ കിടക്കുന്ന ട്രാന്‍സ്നിയസ്ട്രിയ  ഒരു റിപ്പബ്ളിക് എന്നു സ്വയം അവകാശപ്പെടുന്നു. 

പക്ഷേ അതൊരു സ്വതന്ത്ര രാജ്യമല്ല, മോള്‍ഡോവയുടെ ഭാഗം മാത്രമാണ്. യുക്രെയിനെപ്പോലെ അത് റഷ്യയും പാശ്ചാത്യ ലോകവും തമ്മിലുളള വഴക്കിനും യുദ്ധത്തിനും വേദിയാകുമോ എന്നു പലരും ഭയപ്പെടുകയും ചെയ്യുന്നു.

പെട്ടെന്ന് ഇങ്ങനെയൊരു ഭയമുണ്ടാകാന്‍ കാരണം, ട്രാന്‍സ്നിസ്ട്രിയയിലെ സ്വയംപ്രഖ്യാപിത ഭരണകൂടം ഇക്കഴിഞ്ഞ ബുധനാഴ്ച (ഫെബ്രുവരി 28) മോള്‍ഡോവയക്ക് എതിരെ റഷ്യയോടു നടത്തിയ സഹായാഭ്യര്‍ഥനയാണ്. മോള്‍ഡോവയിലെ ഗവണ്‍മെന്‍റ് ട്രാന്‍സ്നിസ്ട്രിയയെ സാമ്പത്തികമായി ഞെക്കിക്കൊല്ലുന്നുവെന്നു പറയുന്ന അവര്‍ അതിനെതിരെ റഷ്യ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

അതിന്‍റെ പിറ്റേന്നു റഷ്യയില്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ പാര്‍ലമെന്‍റിലെ വാര്‍ഷിക പ്രസംഗം നടത്തുന്നതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഈ സഹായാഭ്യര്‍ഥന. അതിനോട് പുടിന്‍ എങ്ങനെ പ്രതികരിക്കുമെന്നറിയാന്‍ ലോകം കാതോര്‍ത്തുനിന്നു. പക്ഷേ, അദ്ദേഹം ഒന്നും പറഞ്ഞില്ല. 

അതേസമയം, ട്രാന്‍സ്നിസ്ട്രിയയുടെ സഹായാഭ്യര്‍ഥന അദ്ദേഹം തീര്‍ത്തും തള്ളിക്കളഞ്ഞതായി ആരും കരുതുന്നുമില്ല. എന്തു സംഭവിക്കുന്നുവെന്നു സസൂക്ഷ്മം വീക്ഷിക്കുന്നുവെന്നാണ് അമേരിക്കയുടെ പ്രതികരണം. പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളുടെ നിലപാടും വ്യത്യസ്തമല്ല. യുക്രെയിനിലെ റഷ്യന്‍ യുദ്ധം മൂന്നാം വര്‍ഷത്തിലേക്കു കടന്നിരിക്കുമ്പോഴാണ് പാശ്ചാത്യ ലോകത്തെ പൊതുവില്‍ അസ്വസ്ഥമാക്കുന്ന ഈ സംഭവവികാസം. 

സോവിയറ്റ് യൂണിയന്‍ നിലവിലുണ്ടായിരുന്ന കാലത്ത് അതിന്‍റെ ഭാഗങ്ങളായിരുന്നു റഷ്യയും യുക്രെയിനും മോള്‍ഡോവയും വേറെ ഒരു ഡസന്‍ രാജ്യങ്ങളും. 1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോട അവയെല്ലാം സ്വതന്ത്രമായി. അവയില്‍ ചിലതുമായി റഷ്യ ഇടയുകയും ഏറ്റുമുട്ടുകയും ചെയ്തു. 

ആ രാജ്യങ്ങള്‍ റഷ്യയുടെ സുരക്ഷാ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ വിധത്തില്‍ പാശ്ചാത്യ ലോകവുമായി അടുക്കുകയും അവരുടെ സാമ്പത്തിക-സൈനിക കൂട്ടായ്മകളുടെ ഭാഗമാവുകയും ചെയ്യുമെന്ന ഭീതിയായിരുന്നു അതിനു മുഖ്യകാരണം. ആ രാജ്യങ്ങളില്‍ നിവസിക്കുന്ന ഗണ്യമായ തോതിലുള്ള റഷ്യന്‍ പൗരന്മാരുടെയും റഷ്യന്‍ വംശജരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്‍റെ ചുമതല റഷ്യ സ്വയം ഏറ്റെടുക്കുകയും ചെയ്തു.   

സോവിയറ്റ് യൂണിയനില്‍ ലയിപ്പിക്കപ്പെടുന്നതിനു മുന്‍പ് മോള്‍ഡോവ റുമേനിയയുടെ ഭാഗമായിരുന്നു. ജനങ്ങളില്‍ അധികപേരും റുമേനിയന്‍ വംശജരും റുമേനിയന്‍ ഭാഷ സംസാരിക്കുന്നവരുമാണ്. അതിനാല്‍ സോവിയറ്റ് യൂണിയനില്‍ നിന്നു സ്വതന്ത്രമായ ഉടനെ മോള്‍ഡോവയെ റുമേനിയയില്‍ ലയിപ്പിക്കാന്‍ ശ്രമം നടന്നു. 

മോള്‍ഡോവയുടെ കിഴക്കു ഭാഗത്ത് യുക്രെയിനുമായി അതിര്‍ത്തി പങ്കിടുന്ന ട്രാന്‍സ്നിസ്ട്രിയയിലെ ഭൂരിപക്ഷം വരുന്ന റഷ്യന്‍ വംശജര്‍ അതിനെ എതിര്‍ത്തു. തുടര്‍ന്നുണ്ടായ കലാപം അവസാനിച്ചത് റഷ്യയുടെ സൈനിക ഇടപെടലിനെ തുടര്‍ന്നാണ്. സമാധാന സംരക്ഷണത്തിനെന്ന പേരില്‍ അന്നുമുതല്‍ ഏതാണ്ട് 1500 റഷ്യന്‍ ഭടന്മാര്‍ ട്രാന്‍സ്നിസ്ട്രിയയില്‍ നില്‍ക്കുന്നുണ്ട്. 

എങ്കിലും 4163 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണവും നാലേമുക്കാല്‍ ലക്ഷം ജനങ്ങളുമുള്ള ആ ഇടുങ്ങിയ പ്രദേശം മൂന്നു പതിറ്റാണ്ടു കാലമായി അവിടത്തെ റഷ്യക്കാരുടെ നേതൃത്വത്തില്‍ ഒരു സ്വതന്ത്ര രാജ്യത്തെപ്പോലെ പ്രവര്‍ത്തിച്ചുവരുന്നു. സ്വന്തം പതാകയും സ്വന്തം കറന്‍സിയുമുണ്ട്. 

പക്ഷേ, ലോകത്ത് ഒരു രാജ്യവും ട്രാന്‍സ്നിസ്ട്രിയയെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടില്ല. പ്രകൃതിവാതകം പോലുള്ള സാധനങ്ങള്‍ സൗജന്യമായി നല്‍കുകയും മറ്റു പല വിധത്തിലും സഹായിക്കുകയും ചെയ്യുന്ന റഷ്യപോലും അതിനെ കാണുന്നത് മോള്‍ഡോവയുടെ ഭാഗമായിട്ടാണ്.

മോള്‍ഡോവയില്‍നിന്നു വേറിട്ടുപോയെന്ന് അവകാശപ്പെടുമ്പോഴും വ്യാപാരം ഉള്‍പ്പെടെയുള്ള പല കാര്യങ്ങളിലും  ട്രാന്‍സ്നിസ്ട്രിയ മോള്‍ഡോവയെ ആശ്രയിക്കുന്നുണ്ട്. അടുത്ത കാലത്ത് യുക്രെയിന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ മോള്‍ഡോവ വ്യാപാര രംഗത്തു നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും അതുമൂലം ട്രാന്‍സ്നിസ്ട്രിയയ്ക്കു സാമ്പത്തിക പ്രശ്നങ്ങളെ നേരിടേണ്ടിവരികയും ചെയ്തു. മോള്‍ഡോവ തങ്ങളെ സാമ്പത്തികമായി ഞെക്കിക്കൊല്ലുന്നുവെന്നു ട്രാന്‍സ്നിസ്ട്രിയയുടെ നേതാക്കള്‍ പരാതിപ്പെടുകയും റഷ്യ ഇടപെടണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തത് അതിനെ തുടര്‍ന്നാണ്. 

ട്രാന്‍സ്നിസ്ട്രിയയെ റ,ൃഷ്യയില്‍ ലയിപ്പിക്കാനായി നേരത്തെ അവര്‍ ഒരു ഹിതപരിശോധന നടത്തിയിരുന്നു. പക്ഷേ, അതിലെ വിധി അനുകൂലമായിട്ടും ലയന നടപടിയെടുക്കാന്‍ റഷ്യ തയാറായില്ല. എങ്കിലും ഇനിയും അതുപോലൊരു ഹിതപരിശോധന നടക്കുകയാണെങ്കില്‍ പുടിന്‍റെ പ്രതികരണം അങ്ങനെതന്നെ ആവാനിടയില്ലത്രേ. വീണ്ടുമൊരു ഹിതപരിശോധന നടത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുമുണ്ട്.

യുക്രെയിനില്‍ റഷ്യ ആക്രമിക്കുന്നതിനു മുന്നോടിയായി പല വര്‍ഷങ്ങളിലായി നടന്ന സമാന സംഭവങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍മിക്കപ്പെടുന്നു. യുക്രെയിന്‍റെ തെക്കും കിഴക്കുമുള്ള മേഖലകളിലെ ക്രൈമിയ, ഡോണട്സ്ക്, ലുഹാന്‍സ്ക് എന്നീ പ്രദേശങ്ങളിലായിരുന്നു ആ സംഭവങ്ങള്‍.  

ഈ പ്രദേശളിലെല്ലാം ഭൂരിപക്ഷം ജനങ്ങളും റഷ്യന്‍ വംശജരാണ്. ക്രൈമിയയിലാണെങ്കില്‍ സോവിയറ്റ് കാലം മുതല്‍ക്കേയുള്ള ധാരണയനുരിച്ച് റഷ്യയുടെ സുപ്രധാന നാവികസേനാ താവളം സ്ഥിതിചെയ്യുന്നുമുണ്ട്. അതിനാല്‍ ആ പ്രദേശങ്ങളെല്ലാം തങ്ങളുടെ നിയന്ത്രണത്തില്‍ തുടരേണ്ടതു റഷ്യയുടെ ആവശ്യമായിത്തീര്‍ന്നു. യൂറോപ്യന്‍ സാമ്പത്തിക കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയനിലും പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയിലും ചേരാന്‍ യുക്രെയിന്‍ ശ്രമിച്ചതോടെ അതിന് അടിയന്തര പ്രാധാന്യം കൈവരികയും ചെയ്തു. 

ഡോണട്സ്ക്കിലും ലുഹാന്‍സ്ക്കിലും റഷ്യന്‍ വംശജരുടെ നേതൃത്വത്തിലും റഷ്യയുടെ പിന്തുണയോടെയും വിഘടന പ്രവര്‍ത്തനങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത് അതിനെ തുടര്‍ന്നാണ്. ഒടുവില്‍ യുക്രെയിനില്‍നിന്നു വേറിട്ടുപോയ സ്വതന്ത്ര രാജ്യങ്ങളായി അവയെ അവര്‍ പ്രഖ്യാപിക്കുകയും ആ തീരുമാനത്തെ റഷ്യ അംഗീകരിക്കുകയും ചെയ്തു.  

ക്രൈമിയയില്‍ റഷ്യന്‍ അനുകൂലികള്‍ ചെയ്തത് റഷ്യയുമായുളള ലയനം സംബന്ധിച്ച് ഹിതപരിശോധന നടത്തുകയായിരുന്നു. അനുകൂലഫലം പുടിന്‍ അംഗീകരിക്കുകയും ക്രൈമിയ റഷ്യയില്‍ ലയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ, ഡോണട്സ്ക്കിന്‍റെയും ലുഹാന്‍സ്ക്കിന്‍റെയും സ്വതന്ത്രരാഷ്ട്ര പദവിയോ കൈമിയയുടെ റഷ്യ ലയനമോ രാജ്യാന്തര സമൂഹം അംഗീകരിച്ചിട്ടില്ല. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com