ADVERTISEMENT

സദ്യക്കു ശർക്കരവരട്ടി ഒരു പ്രധാന വിഭവമാണ്. ശർക്കരപുരട്ടി, ശർക്കര ഉപ്പേരി എന്നും ഇതിനു പേരുണ്ട്. സദ്യ വിളമ്പുമ്പോൾ ഇലയിൽ നിന്നും ആദ്യം എടുത്തു കൊറിക്കുന്ന വിഭവം. കടയിൽ നിന്നും വാങ്ങുമ്പോൾ പൊള്ളുന്ന വില പറയുന്ന ഈ ഒരു ഐറ്റം വിഷുവിനു വീട്ടിൽ തന്നെ തയ്യാറാക്കിയാലോ!

 

ചേരുവകൾ:

  • നേന്ത്രക്കായ - 650 ഗ്രാം (തൊലി കളഞ്ഞപ്പോൾ ഉള്ള വെയിറ്റ്)
  • മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ
  • വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്
  • പുഴുക്കലരി - ½ കപ്പ്
  • ശർക്കര - 350 ഗ്രാം
  • വെള്ളം - 1 കപ്പ്
  • ചുക്കുപൊടി - 2 ടേബിൾസ്പൂൺ
  • ജീരകം പൊടിച്ചത് - 1 ടേബിൾസ്പൂൺ
  • ഏലയ്ക്കാപ്പൊടി - 1 ടീസ്പൂൺ
  • കുരുമുളകു പൊടി - ½ ടീസ്പൂൺ

 

തയാറാക്കുന്ന വിധം വിഡിയോ കാണാം

ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടുത്തു മഞ്ഞൾപ്പൊടി ചേർത്തു നന്നായി ഇളക്കിയശേഷം ഇതിലേക്കു കായ തൊലികളഞ്ഞ് ഇടാം.

മഞ്ഞൾ വെള്ളത്തിൽ 10 മിനിറ്റ് ഇട്ടു വെച്ച ശേഷം കഴുകിയെടുത്ത് വൃത്തിയുള്ള തുണി ഉപയോഗിച്ച് വെള്ളമെല്ലാം ഒപ്പിയെടുക്കാം.

ഇനി കായ ഒരേ വലിപ്പത്തിൽ കാൽ ഇഞ്ച് കനത്തിൽ ചെറിയ കഷ്ണങ്ങളായി മുറിക്കുക

ചൂടായ വെളിച്ചെണ്ണയിൽ ഇട്ടു നന്നായി വറുത്തെടുക്കാം. ഒരു മിനിറ്റിനു ശേഷം മീഡിയം തീയിൽ, ഇടയ്ക്കിടെ ഇളക്കി കൊടുത്തു നല്ല ക്രിസ്പി ആകുന്നതു വരെ വറക്കുക. കട്ടിയുള്ളതു കാരണം ഉള്ള് വേവാന്‍ താമസമെടുക്കും.(കായ എണ്ണയിലേക്ക് ഇടുന്ന സമയത്തും എണ്ണയിൽ നിന്നു കോരുന്ന സമയത്തും തീ കൂട്ടി വച്ചാൽ എണ്ണ അധികം കുടിക്കില്ല)

വറത്തുകോരിയ ശേഷം മൺചട്ടിയിൽ ഇട്ടാൽ അധികമുള്ള എണ്ണ പോകും. ഇനി ഇത് ചൂടാറാൻ ആയി പരത്തിയിട്ട് കൊടുക്കാം.

ഈ സമയം കൊണ്ട് കുറച്ച് അരി വറുത്തു പൊടിക്കാം. അരി കഴുകി ഊറ്റിയെടുത്ത് ഇടത്തരം തീയിൽ ഇട്ട് നന്നായി വറുത്തെടുക്കാം. ചൂടാറിയശേഷം പൊടിച്ചെടുത്തു മാറ്റിവയ്ക്കാം.

ശർക്കര വെള്ളമൊഴിച്ച് ഉരുക്കിയെടുത്ത് ഉരുളിയിലേക്ക് അരിച്ച് ഒഴിക്കാം. ഇത് ഇടത്തരം തീയിൽ കുറുക്കി എടുക്കണം. ഇതിലെ വെള്ളമെല്ലാം വറ്റി ഒരു നൂൽ പരുവം ആകുമ്പോൾ തീ കുറച്ചു വയ്ക്കണം. അടുത്ത ഒരു ഘട്ടം, അതായത് നൂൽ പരുവം പൊട്ടാതെ നിൽക്കുന്നതായി കണ്ടാൽ തീ വേഗം ഓഫ് ചെയ്യാം. 30 സെക്കന്റിനു ശേഷം വറുത്തുവച്ചിരിക്കുന്ന കായ ചേർത്തു നന്നായി ഇളക്കി എടുക്കുക. ഇനി ഇതിലേക്കു ചുക്കുപൊടി, ജീരകം പൊടിച്ചത്, ഏലയ്ക്കാപ്പൊടി, കുരുമുളകു പൊടി എന്നിവ ചേർത്ത് ഇളക്കി എടുക്കാം. അതിനുശേഷം വറുത്തു പൊടിച്ചു വച്ച അരിപ്പൊടിയിൽ നിന്നും 2 പിടി അരിപ്പൊടി കൂടി ചേർത്ത് എല്ലാം ഒന്നിനൊന്നു തൊടാത്ത വിധം ആകുന്നതുവരെ വരെ ഇളക്കി കൊടുക്കണം. ശർക്കരവരട്ടി തയ്യാറായിക്കഴിഞ്ഞു. ചൂടാറിയശേഷം വായുകടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം.

Content Summary : Sharkkara varatti sdhya special recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com