ഇങ്ങനെ മത്തി വറുത്തിട്ടുണ്ടോ? ഇത് സീക്രട്ട് മസാല
Mail This Article
മീൻ വറുത്തത് മിക്കവർക്കും പ്രിയമാണ്. നല്ല ഫ്രെഷ് മീൻ കിട്ടിയാൽ കറി വയ്ക്കുന്നതിനേക്കാൾ പൊരിച്ച് കഴിക്കണം എന്നാണ് മിക്കവരും പറയുന്നത്. പ്രത്യേകിച്ച് മത്തി. നല്ല രുചിയു ആരോഗ്യ ഗുണങ്ങൾ ഏറെ ഉള്ളതുമാണ് ചാള അല്ലെങ്കിൽ മത്തി. കഴിഞ്ഞിടയ്ക്ക് മത്തിയ്ക്ക് വൻ ഡിമാൻഡ് ആയിരുന്നു. റെക്കോഡ് വിലയായിരുന്നു. എന്നിട്ടും മത്തി വാങ്ങുന്നവരുമുണ്ട്. മുളകരച്ച കറി മാത്രമല്ല, ഫ്രൈ ആക്കാനും ഇത് സൂപ്പറാണ്. എപ്പോഴും ഒരേ രീതിയിലാണോ നിങ്ങൾ മീൻ പൊരിക്കുന്നത്? ചില സ്പെഷൽ ഐറ്റം ചേർത്തും മീൻ വറുക്കാം. ഇനി മത്തി വറുക്കുമ്പോൾ ഈ സീക്രട്ട് മസാല ചേർക്കാം. എങ്ങനെയെന്ന് നോക്കാം.
മത്തി വെട്ടി നന്നായി കഴുകി വൃത്തിയാക്കി എടുക്കാം. വറുക്കാൻ പരുവത്തിന് വരയണം. അതിലേക്ക് മുളക്പൊടിയും മഞ്ഞപൊടിയും ആവശ്യത്തിനുള്ള ഉപ്പും വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചതും ഒപ്പം സീക്രട്ട് മസാലയും ചേർക്കാം. അതായത് മിക്സിയുടെ ജാറിൽ ഒരു പിടി ചെറിയയുള്ളിയും കുരുമുളകും പുളിയ്ക്ക് അനുസരിച്ച് പച്ചമാങ്ങയും ചേർത്ത് നന്നായി അരച്ചെടുക്കാം.
ഈ അരപ്പും മീനിലേക്ക് ചേർത്ത മുളക്പൊടിയുടെ കൂട്ടും മീനും ചേർത്ത് നന്നായി യോജിപ്പിക്കാം. ശേഷം അരമണിക്കൂർ മസാല പിടിക്കാനായി വയ്ക്കാം, പിന്നീട് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഫ്ലേവറിനായി പെരുംജീരകവും ഇത്തിരി കറിവേപ്പിലയും വിതറി മീന്‍ തിരിച്ചും മറിച്ചുമിട്ട് പൊരിച്ചെടുക്കാം. സ്പെഷൽ മത്തി വറുത്തത് മിക്കവർക്കും ഇഷ്ടമാകും. സിംപിളാണ് അതീവരുചിയുമാണ്.