കുടകർ ചതിച്ചുകൊന്ന മന്ദപ്പൻ, സഹോദരങ്ങൾ കിണറ്റിലെറിഞ്ഞ മാക്കം: തെയ്യങ്ങളുടെ രക്തസാക്ഷ്യം
Mail This Article
തുളുനാടും അള്ളടവും കോലത്തുനാടും കടന്ന് തെക്ക് തിരുവനന്തപുരം വരെ ഇന്ന് തെയ്യമുണ്ട്. തെക്കോട്ട് കോഴിക്കോടും വയനാടും തിറയായും തുളുനാട്ടിൽ കർണാടകയിലെ ഭൂതക്കോലങ്ങളായും കാലങ്ങൾക്കു മുൻപേ തെയ്യങ്ങൾ തലപ്പാളിയും കാൽചിലമ്പും അണിഞ്ഞ് ഉറഞ്ഞാടിയിട്ടുണ്ട്. എന്നാൽ ഭാരതപ്പുഴയും ആലുവപ്പുഴയും കടന്ന് ‘വടക്കന്റെ ദൈവങ്ങൾ’ തെക്കോട്ടിറങ്ങിയത് അടുത്ത കാലത്താണ്. വടക്ക് അത് അനുഷ്ഠാനവും ആചാരവുമാണെങ്കിൽ തെക്ക് അതിലുള്ളത് ആഘോഷം മാത്രം. പറഞ്ഞുവരുന്നതു തെയ്യങ്ങളെക്കുറിച്ചുതന്നെയാണ്. മലയാള മാസം തുലാം പത്ത് കഴിഞ്ഞു, വടക്കേ മലബാറിൽ തെയ്യക്കാവുകളിൽ കാൽചിലമ്പിന്റെ ഒലികൾ ഉയരുന്നത് നിങ്ങൾ കേൾക്കുന്നില്ലേ, അസുരവാദ്യത്തിന്റെ അകമ്പടിയിൽ ചുവന്ന തെയ്യക്കോലങ്ങളുടെ മഞ്ഞക്കുറിയിട്ട അനുഗ്രഹ വാക്കുകളും ശകാരങ്ങളും തലോടലുകളും എനിക്ക് എവിടെനിന്നും കേൾക്കാനാകും.