പ്ലാസ്റ്റിക് എൻജിനിയറിങ്ങിൽ ലോകം കീഴടക്കുന്ന 'ശൈലി'

Mail This Article
ഒരു കുഞ്ഞന്‍ പ്ലാസ്റ്റിക് കമ്പനിയായി 1987 ല്‍ ഗുജറാത്തില്‍ തുടങ്ങിയതാണ് ശൈലി എന്‍ജിനിയറിങ് പ്ലാസ്റ്റിക്സ്. രണ്ടു മോള്‍ഡിംഗ് മെഷിന്‍ മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. ഇന്നിപ്പോള്‍ പടർന്നുപന്തലിച്ച് ആഗോള വിപണികളിലെല്ലാം ശൈലിയുടെ ഉല്‍പ്പന്നങ്ങള്‍ കാണാം. വാഹനം, മെഡിക്കല്‍കെയർ, വീട്ടുസാധനങ്ങള്‍, കളിപ്പാട്ടം എന്നിങ്ങനെ വിശാലമായ ശ്രേണിയിലാണ് ഉല്‍പ്പന്നങ്ങള്‍.

ശൈലി ഓഹരിവിപണിയില്‍ വലിയ ബഹളമൊന്നുമുണ്ടാക്കാതെ അങ്ങനെ പോവുകയായിരുന്നു കുറച്ചുനാള്‍ മുന്‍പ് വരെ. പക്ഷേ, അഞ്ചാറ് കൊല്ലം മുന്‍പ് ലോകത്തിലെ ഏറ്റവും വലിയ ഫർണിച്ചർ സ്റ്റോർ ആയ മള്‍ട്ടിനാഷണല്‍ കമ്പനി ഐക്കിയ (സ്വീഡിഷ് കമ്പനി, സ്ഥാപകന്‍ ഇന്‍ഗ്വർ കാംപ്രാഡ്, നെതർലന്‍ഡ് ആസ്ഥാനം) ഇന്ത്യയില്‍ സ്റ്റോർ തുടങ്ങുന്നുവെന്ന വാർത്ത വന്നതോടെയാണ് ഇവിടെയുള്ളവർ ശൈലിയെ ശ്രദ്ധിച്ചുതുടങ്ങിയത്.

കാരണം, ശൈലി ഐക്കിയയുടെ ഒരു ഉല്‍പ്പന്ന സപ്ളൈയർ ആണ്. ലോകമെമ്പാടും ഐക്കിയക്ക് വിവിധ വിഭാഗങ്ങളിലായി ധാരാളം സപ്ളൈയര്‍മാരുണ്ട്. പക്ഷേ, ഇന്ത്യയില്‍ ഐക്കിയ എത്തുമ്പോള്‍ ഈ വിതരണം പതിന്മടങ്ങാകുമെന്നതായിരുന്നു ശൈലിയെ ആ സമയത്ത് ശ്രദ്ധിക്കാന്‍ കാരണം. ഐക്കിയ 2018 ല്‍ ഹൈദരാബാദില്‍ തുടങ്ങി, നവി മുംബൈ, മുംബൈ, ബാംഗ്ളൂർ എന്നിങ്ങനെ നാലു സ്റ്റോറുകളായി. ഇതിപ്പോള്‍ പറയാന്‍ കാരണം, അന്ന് 500 രൂപയിലും താഴെയായിരുന്ന ശൈലിയുടെ ഓഹരി വില ഇന്നിപ്പോള്‍, 2000 രൂപക്ക് അടുത്തായിരിക്കുന്നു.
ഈ കമ്പനിയുടെ 76 % ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യുകയാണ്. അതില്‍ 55 ശതമാനത്തിന്‍റെയും ഉപഭോക്താവ് ഐക്കിയ ആണ്. അമിത് സംഗ് വിയാണ് മാനേജിംഗ് ഡയറക്ടർ. ആഗോള ബ്രാന്‍റുകളുടെ ഏറ്റവും വലിയ പ്ലാസ്റ്റിക് എന്‍ജിനിയറിംഗ് സപ്ളൈയറുകളിലൊന്നാവുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് സാംഗ് വി പറയുന്നു.

പ്ലാസ്റ്റിക്കിന് പുറമെ ടോർളോണ്‍ എന്നു പറയുന്ന ഉല്‍പ്പന്നത്തിന്‍റെ ഏക ലൈസന്‍സ്ഡ് ഉല്‍പാദകൻ കൂടിയാണ് ശൈലി. ഉയർന്ന ചൂടിലും പിടിച്ചു നില്‍ക്കുന്ന, ലോഹത്തിന് പകരം വയ്ക്കാവുന്ന പോളിമറാണ് ടോർളോണ്‍. വേറെയുമുണ്ട് പുതിയ പരിപാടികള്‍. ചുരുക്കി പറഞ്ഞാല്‍ പ്ലാസ്റ്റിക് മേഖലയിലെ അനന്തസാധ്യതകള്‍ കൃത്യമായി കണ്ടെത്തി അതിനനുസരിച്ച് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോവുന്ന കാര്യക്ഷമതയുള്ള കമ്പനിയായിട്ടാണ് ഇതുവരെ ശൈലി വരച്ചിട്ടിരിക്കുന്ന ചിത്രം.
ഇത് തികച്ചും അറിവു പകരാന്‍ ഉദ്ദേശിച്ചുള്ളത് മാത്രമാണ്. ലേഖകന് ഈ ഓഹരിയില്‍ നിക്ഷേപമില്ല. നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നവർ സെബി റജിസ്ട്രേറ്റഡ് സ്ഥാപനങ്ങളുമായി ബന്ധപ്പെടുക.