സപ്ലൈ ചെയിൻ കൗൺസിൽ ഉപാധ്യക്ഷസ്ഥാനം ഇന്ത്യയ്ക്ക്
Mail This Article
ന്യൂഡൽഹി ∙ ഇന്തോ–പസിഫിക് സാമ്പത്തിക സംവിധാനത്തിലെ (ഐപിഇഎഫ്) സപ്ലൈ ചെയിൻ കൗൺസിൽ (എസ്‍സിസി) ഉപാധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക്. അധ്യക്ഷ പദവി യുഎസിനാണ്. അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര, വാണിജ്യ ഇടപാടുകൾ സുഗമമാക്കുന്നതിന് 14 അംഗ ഐപിഇഎഫ് ഫെബ്രുവരിയിൽ ആരംഭിച്ച 3 സമിതികളിലൊന്നാണ് എസ്‍സിസി. ക്രൈസിസ് റെസ്പോൺസ് നെറ്റ്‍വർക്, ലേബർ റൈറ്റ്സ് അഡ്വൈസറി ബോർഡ് എന്നിവയാണ് മറ്റുള്ളവ. ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാനും പരസ്പര സഹകരണത്തിലൂടെ അംഗരാജ്യങ്ങൾ സപ്ലൈ ചെയിൻ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് വേഗം പരിഹാരം കാണാനും ലക്ഷ്യമിട്ടാണ് സമിതിയുടെ പ്രവർത്തനം.
ടോക്കിയോയിൽ 2022 മേയ് 23നാണ് ഐപിഇഎഫ് ആരംഭിച്ചത്. ഓസ്ട്രേലിയ, ബ്രൂണെയ്, ഫിജി, ഇന്ത്യ, ഇന്തൊനീഷ്യ, ജപ്പാൻ, കൊറിയ, മലേഷ്യ, ന്യൂസീലൻഡ്, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‍ലൻഡ്, വിയറ്റ്നാം, യുഎസ് എന്നിവയാണ് അംഗരാജ്യങ്ങൾ.