ADVERTISEMENT

സ്വർണം പവന് 53,000–54,000 രൂപ നിലവാര ത്തിലെത്തിയതോടെ വിവാഹത്തിനുൾപ്പെടെ സ്വർണം വാങ്ങാൻ ത‌യാറെടുക്കുന്നവരുടെ ചങ്കിടിപ്പ് വർധിച്ചു. പലതവണ കണക്കുകൂട്ടി ഉറപ്പിച്ചുവച്ചതിലും എത്ര തുക അധികമായി നൽകേണ്ടി‌വരും എന്ന ആശങ്കയാണ് ഏവർക്കും. സ്വർണവിലയിൽ കൈപൊള്ളുന്ന ഈ അവസ്ഥയിലാണ് പുതുതരംഗമായി ഉയർന്നുവരുന്ന 18 കാരറ്റ് സ്വർണാഭരണങ്ങളുടെ പ്രസക്തി. ന്യൂ‌ജൻസിന്റെ ഫാഷൻ ട്രെൻഡിങ് ലിസ്റ്റിൽ മാത്രമുണ്ടായിരുന്ന 18 കാരറ്റ് സ്വർണാഭരണങ്ങൾ ഇപ്പോൾ വിവാഹ പർച്ചേസിങ്ങിൽപോലും ഇടംപിടിക്കുന്നു. ആഭരണം 18 കാരറ്റാക്കിയാൽ പലതുണ്ട് കാര്യം. പണലാഭം‌ തന്നെ മൂന്നുതരത്തിൽ കിട്ടും. അതിനു പുറമെ മറ്റു പല മികവുകളുമുണ്ട്:

1. വിലയിലെ ലാഭം– നിലവിൽ 22 കാരറ്റ്, 18 കാരറ്റ് സ്വർണം തമ്മിൽ ഗ്രാമിന് ആയിരത്തിലധികം രൂപയുടെ വില‌വ്യത്യാസമുണ്ട്. അതായത് പവന് 8,500 രൂപയോളം വ്യത്യാസം വരും. അതായത് ഒരു പവൻ വാങ്ങുമ്പോൾ‌തന്നെ 8,000 രൂപയിലധികം ലാഭം കിട്ടും. 10 പവനാണെങ്കിൽ 80,000 രൂപയും. 50 പവൻ വാങ്ങുന്നവരെ സംബന്ധിച്ച് നാലു ലക്ഷം രൂപയോളം ലാഭിക്കാം.

2. പണിക്കൂലിയിനത്തിലും ലാഭം– നിലവിൽ 8 മുതൽ 35% വരെയാണ് സ്വർണാഭരണങ്ങളുടെ പണിക്കൂലി. സ്വർണവിലയുടെ ശതമാനക്കണക്കിലാണ് ഇത് ഈടാക്കുക. അതായത്, സ്വർണത്തിന്റെ വില കൂടുന്നതനുസരിച്ച് പണിക്കൂലിയും വർ‌ധിച്ചുവരും. നിലവിലെ 53,000 രൂപ നിലവാരത്തിൽ വിവിധ ആഭരണങ്ങൾക്ക് 4,240 രൂപമുതൽ 18,500 രൂപവരെ പണിക്കൂലിമാത്രം വരും. എന്നാൽ, 18 കാരറ്റ് ആഭരണമാണെങ്കിൽ പവന് 3,600 മുതൽ 17,750 രൂപവരെയേ ആകൂ.

3. നികുതിയിനത്തിലും ലാഭം– സ്വർണത്തിന്റെ വിലയും പണിക്കൂലിയും അടക്കമുള്ള തുകയിലാണ് 3% നികുതി ഈടാക്കുന്നത്. ഇതു രണ്ടും കുറയുമ്പോൾ നികുതിയിനത്തിൽ നൽകേണ്ട തുകയിലും ഗണ്യമായ ലാഭം കിട്ടും. പണിക്കൂലി, നികുതിയിനത്തിൽ നൽകുന്ന ഈ തുക; വാങ്ങിയ ആഭരണം തിരിച്ച് അതേ വിലയിൽ വിറ്റാലും നിങ്ങളെ സംബന്ധിച്ച് നഷ്ടംതന്നെയാണ്. അതായത് ആഭരണം വാങ്ങുമ്പോൾ‌തന്നെ സംഭവിക്കുന്ന ഈ നഷ്ടം കഴിയുന്നത്ര കുറയ്ക്കാൻ 18 കാരറ്റ് ആഭരണങ്ങൾ സഹായിക്കും.

4. ഈട് കൂടും– 24 കാരറ്റ് ശുദ്ധ‌സ്വർണത്തിൽ ആഭരണം പണിയാനാകാത്തതുകൊണ്ടാണ് ചെറിയ‌തോതിൽ ചെമ്പോ, മറ്റു ലോഹങ്ങളോ ചേർത്ത് ആഭരണം നിർമിക്കുന്നത്. 916 ആഭരണത്തിൽ മറ്റു ലോഹങ്ങൾ വളരെ കുറവായതിനാൽ അവയ്ക്ക് പലപ്പോഴും പെട്ടെന്ന് കേടുപറ്റാം. എന്നാൽ 18 കാരറ്റിൽ 25% മറ്റു ലോഹങ്ങളുള്ളതിനാൽ ആഭരണം കൂടുതൽ ശക്തമായിരിക്കും. പെട്ടെന്നൊന്നും മോശമാകില്ല.

Gold-Ornaments
Image: Shutterstock/beytullah77

5. ട്രെൻഡിങ് ഡിസൈനുകൾ– സ്വർണം ആഭരണമായി വാങ്ങുന്നവർ ഏറ്റവും യുണീക്കായ ഡിസൈനുകളിലൂടെ സ്വന്തം ലുക്ക് മികച്ചതാക്കാൻ ആഗ്രഹിക്കുന്നവരാണ്. അവർക്ക് 22 കാരറ്റിനെക്കാൾ മികച്ച ഡിസൈനുകൾ ലഭിക്കുക 18 കാരറ്റിലായിരിക്കും. കാരണം കൂടുതൽ ചെമ്പു ചേർക്കുമെന്നതിനാൽ എത്ര സങ്കീർണമായ ഡിസൈനുകളും നിർമിക്കാം. എന്നു മാത്രമല്ല, ബലത്തിൽത്തന്നെ നിർമിക്കാം.

6. മാറ്റിവാങ്ങുമ്പോൾ നഷ്ടം കുറയ്ക്കാം-വിവാഹത്തിനടക്കം ആഭരണം വാങ്ങുമ്പോൾ കൈവശമുള്ള പഴയവ മാറ്റി വാങ്ങുന്നവരാണ് ബഹുഭൂരിപക്ഷവും. 2000ത്തിന്റെ തുടക്കത്തിൽ നിലവിൽവന്ന 916 ഹാൾമാർക്ക് ആഭരണങ്ങൾ മാറ്റിവാങ്ങുമ്പോൾ വലിയ നഷ്ടം സംഭവക്കില്ല. എന്നാൽ അതിനു മുൻപ് കൈവശമുള്ള ആഭരണങ്ങൾക്ക് 916 മാർക്കിങ് ഉണ്ടാകില്ല. മാത്രമല്ല മുൻപ് പൊതുവേ നാട്ടിലെ തട്ടാന്മാരാണല്ലോ ആഭരണങ്ങൾ നിർമിച്ചിരുന്നത്. അതുകൊണ്ടുതന്നെ ജ്വല്ലറികൾ അവർക്ക് തോന്നുന്നതുപോലെ വിലകുറയ്ക്കാനുള്ള സാധ്യതയും ഏറെയാണ്. അതിനാൽ 916 മാർക്കിങ് ഇല്ലാത്ത പഴയ ആഭരണങ്ങൾ മാറ്റി 22 കാരറ്റ് സ്വർണം വാങ്ങിയാൽ വലിയ തുക അധികമായി നൽകേണ്ടിവരും. പകരം 18 കാരറ്റ് വാങ്ങിയാൽ ഈ അധിക തുക നൽകാതെ കഴിക്കാം. പോക്കറ്റ് ചോരാതെതന്നെ ഭംഗിയുള്ള ആഭരണങ്ങൾ സ്വന്തമാക്കുകയും ചെയ്യാം.

നിക്ഷേപം 24 കാരറ്റിലേക്കു മാറ്റാം, നേട്ടം കൂട്ടാം
 

നിക്ഷേപം എന്നതിനൊപ്പം ആഭരണമായി അണിയാം എന്ന ചിന്തയിലാണ് കൂടുതൽപേരും സ്വർണം വാങ്ങുന്നത്. എന്നാൽ അതു‌മൂലം സംഭവിക്കുന്ന നഷ്ടം ഇക്കൂട്ടർ തിരിച്ചറിയുന്നില്ല. 916 ആഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലി, പണിക്കുറവ്, നികുതിയിനത്തിൽ നല്ലൊരു തുക എന്നിവ നഷ്ടമാകും. അതേസമയം ധരിക്കാൻ വിലക്കുറവിൽ 18 കാരറ്റിൽ വാങ്ങാം. പിന്നെ നിക്ഷേപം എന്ന‌നിലയിൽ 24 കാരറ്റ് സ്വർണം തനിത്തങ്കത്തിൽ ബാറായിത്തന്നെ വാങ്ങാം. അതുമല്ലെങ്കിൽ പേപ്പർ ഗോൾഡ് രൂപത്തിൽ നിക്ഷേപിക്കാവുന്ന സോവർജിൻ ഗോൾഡ് ബോണ്ട്, ഗോൾഡ് ഇടിഎഫ് അടക്കമുള്ളവയും പരിഗണിക്കാം. ഇതിന് മേൽപറഞ്ഞ നഷ്ടങ്ങൾ ഒന്നുമില്ലെന്നു മാത്രമല്ല, ആവശ്യം വരുമ്പോൾ ഓൺലൈനായി വിറ്റ് പെട്ടെന്നു പണമാക്കുകയും ചെയ്യാം. സൂക്ഷിക്കാനുള്ള ചെലവും റിസ്കും ഇല്ലതാനും

Gold-Ornaments2
Image: Shutterstock/Gecko Studio

വിൽക്കാമോ? പണയം വയ്ക്കാമോ?
 

22 കാരറ്റ് എന്നാൽ 916 ആണെങ്കിൽ 18 കാരറ്റ് 75.0 ശുദ്ധത ഉള്ളതാണ്. അതായത്‌ 24 കാരറ്റിൽ 100% സ്വർണമാണെങ്കിൽ, 18 കാരറ്റിൽ 75 ശതമാനമേ ശുദ്ധമായ സ്വർണമുണ്ടാകൂ. ബാക്കി 25% ചെമ്പ്, വെള്ളി മുതലായ ലോഹങ്ങളാണ്. ശുദ്ധസ്വർണം 24 കാരറ്റ് ആണെങ്കിലും ഇപ്പോൾ നമ്മുടെ കൈശമുള്ള 916 ആഭരണങ്ങൾ 22 കാരറ്റ് ആണല്ലോ. അതു വിൽക്കുമ്പോൾ അർഹതപ്പെട്ട വില നമുക്കു ലഭിക്കുന്നുമുണ്ട്. അതുപോലെ 18 കാരറ്റിലും വിൽക്കുമ്പോൾ അതിലടങ്ങിയിരിക്കുന്ന സ്വർണത്തിന് ആനുപാതികമായ വില ലഭിക്കും. വാങ്ങുമ്പോൾ കുറ​ഞ്ഞ വിലയേ നൽകുന്നുള്ളൂ എന്നതിനാൽ നഷ്ടം ഒന്നും ഇല്ല. മാത്രമല്ല, വാങ്ങുമ്പോൾ പണിക്കൂലി, നികുതിയിനത്തിൽ നല്ലൊരു തുക ലാഭിക്കാനും കഴിയും. നിലവിൽ 18 കാരറ്റ് ആഭരണങ്ങൾ പണയം‌വയ്ക്കാനാകുമോ എന്ന സംശയം ന്യായമാണ്. പക്ഷേ, പ്രചാരം കൂടുന്നതോടെ അവ പണയമായി സ്വീകരിക്കുന്നതിനും തടസ്സമുണ്ടാകില്ല. തനിഷ്ക് മുതൽ മലബാർ, കല്യാൺ, ചുങ്കത്ത്, ഭീമ, ജോസ്‌കോ, ആലുക്കാസ് ഗ്രൂപ്പുകളെല്ലാം 18 കാരറ്റ് ആഭരണങ്ങൾ ലഭ്യമാക്കുന്നു‌ണ്ട്.

ന്യൂജനിന്നു പ്രിയം
 

വളരെ ചെറുതും അതി‌മനോഹരവുമായ ഡിസൈനുകളിൽ 18 കാരറ്റ് ആഭരണങ്ങൾ ഏറെ ലഭ്യമാണ്. ഏതു വേഷത്തോടൊപ്പവും ഇണങ്ങും. നിത്യേന ഉപയോഗിക്കാനും മികച്ചത്. അതുകൊണ്ടു‌തന്നെ ഈ ആഭരണങ്ങൾ പുതിയ തലമുറയ്ക്കു പ്രിയപ്പെട്ടതാണ്. പരമ്പരാഗത ഡിസൈൻ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ 18 കാരറ്റ് ആഭരണങ്ങളും ഇന്നു വിപണിയിൽ ലഭ്യമാണ്. വിവിധ ആഭരണങ്ങളടങ്ങുന്ന സെറ്റായും സിംഗിൾ പീസാ‌യും വാങ്ങാം, അണിയാം എന്നതാണ് മറ്റൊരു പ്രത്യേകത. ലളിതമായ പെൻഡന്റു‌മുതൽ പ്രെഷ്യസ് സ്റ്റോൺ പതിച്ച നെക്ലേസുവരെ ഈ കളക്‌ഷനിൽ ലഭ്യമാണ്. കല്ലുപതിപ്പിച്ച സ്വർണാഭരണങ്ങളിലും വജ്രാഭരണങ്ങളിലും നിലവിൽ 18 കാരറ്റ് സ്വർണമാണ് കൂടുതലായി ഉപയോഗിച്ചു‌വരുന്നത്.

English Summary:

Why 18 Carat Gold Jewelry is the New Consumer Favorite

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com