ADVERTISEMENT

സെബി,അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (AMFI) എന്നിവയുടെ നിർദ്ദേശ പ്രകാരം രാജ്യത്തെ വിവിധ മ്യൂച്വൽ ഫണ്ട് കമ്പനികൾ  സ്ട്രെസ് ടെസ്റ്റ് ഫലങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങി. മിഡ് ക്യാപ്–സ്മോൾ ക്യാപ് ഫണ്ടുകളിൽ,  ഫെബ്രുവരി മാസത്തെ വിവരങ്ങളെ അടിസ്ഥാനമാക്കി വിവരങ്ങൾ നൽകാനുള്ള കാലവധി ഇന്നാണ് അവസാനിക്കുന്നത്.

എന്താണ് സ്ട്രെസ് ടെസ്റ്റ് 
ഓഹരി വിപണി കുത്തനെ ഇടിയുക, നിക്ഷേപകർ കൂട്ടമായി  പണം പിൻവലിക്കാൻ എത്തുക തുടങ്ങിയ സാഹചര്യങ്ങളിൽ മ്യൂച്വൽ ഫണ്ട് കമ്പനികൾക്ക് സ്കീമുകൾ വിറ്റു പണമാക്കാൻ (ലിക്വിഡിറ്റി) വേണ്ട സമയം എത്രയാണ് എന്നതാണ് സ്ട്രെസ് ടെസ്റ്റ് ഫലങ്ങൾ പ്രധാനമായും കണക്കാക്കുന്നത്.  

ഉദാഹരണത്തിന് നിപ്പോൺ ഇന്ത്യയുടെ സ്മോൾ ക്യാപ് ഫണ്ട് പോർട്ട് ഫോളിയോയുടെ 50 ശതമാനം വിൽക്കാൻ വേണ്ട സമയം 27 ദിവസമാണ്.  25 ശതമാനം വിൽക്കാൻ വേണ്ടി വരുക 13 ദിവസവും.  ഈ ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തി (Asset Under Management–എയുഎം) 46044.13 കോടി രൂപയാണ്. രാജ്യത്തെ ഏറ്റവും വലിയ സ്മോൾ ക്യാപ് ഫണ്ട് നിപ്പോണിൻറേതാണ്.  അതേസമയം നിപ്പോൺ മിഡ് ക്യാപ് ഫണ്ടിൽ 50 ശതമാനവും വിൽക്കാൻവേണ്ട സമയം 7 ദിവസം മാത്രമാണ്.

നിപ്പോൺ ഇന്ത്യയെ കൂടാതെ എസ്ബിഐ മ്യൂച്വൽ ഫണ്ട്, ക്വാണ്ട്, എഡിൽവീസ്, അദിത്യ ബിർള, മോത്തിലാൽ ഓസ്വാള്‍ തുടങ്ങിയ കമ്പനികൾ സ്ട്രെസ് ടെസ്റ്റ് ഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റു മ്യൂച്വൽ ഫണ്ട് കമ്പനികൾ വിവരങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയാണ്.  40ൽ അധികം മ്യൂച്വൽ ഫണ്ട് കമ്പനികളാണ് രാജ്യത്തുള്ളത്. 

എസ്ബിഐയുടെ  സ്മോൾ ക്യാപ് ഫണ്ടിൻറെ 50 ശതമാനം വിൽക്കാൻ 60 ദിവസം വേണ്ടിവരുമെന്നാണ് കമ്പനി അറിയിച്ചത്. മിഡ് ക്യാപ് വിഭാഗത്തിൽ ഇത് 24 ദിവസമാണ്.  യാഥാക്രമം 25533.78 കോടി രൂപ, 16467 കോടി രൂപ എന്നിങ്ങനെയാണ് സ്മോൾ ക്യാപ്, മിഡ് ക്യാപ് വിഭാഗങ്ങളിൽ എസ്ബിഐ മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി.  

ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നത് 
മിഡ് ക്യാപ് ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ സ്മോള്‍ ക്യാപുകൾ വിറ്റുപണമാക്കാൻ കൂടുതൽ ദിവസം ആവശ്യമാണ്.  സ്മോൾ ക്യാപ് ഓഹരികൾക്ക് ലിക്വിഡിറ്റി താരതമ്യേന കുറവായതുകൊണ്ടാണിത്.  അതിനൊപ്പം കൈകാര്യം ചെയ്യുന്ന ആസ്തിയുടെ വലുപ്പവും വിൽപ്പനയ്ക്ക് വേണ്ട ദിവസത്തെ സ്വാധീനിക്കുന്നുണ്ട്. ഉദാഹരണത്തിന്  മോത്തിലാൽ ഓസ്‌വാളിൻറെ സ്മോൾ ക്യാപ് ഫണ്ടിൻറെ 50 ശതമാനം പിൻവലിക്കാൻ വെറും 3 ദിവസം മതി. കാരണം എയുഎം 1491.52 കോടി മാത്രമാണ്. ഇവരുടെ തന്നെ മിഡ്ക്യാപ് ഫണ്ടിൻറെ 50 ശതമാനം പിൻവലിക്കാൻ 10 ദിവസം വേണം. ഇവിടെ എയുഎം 8490 കോടിയോളമാണ്. 

എങ്ങനെയാണ്  വിൽപ്പനയ്ക്ക് വേണ്ട ദിവസം കണക്കാക്കിയത് 
എല്ലാ കമ്പനികളും അതാത് ഫണ്ടുകളിലെ ലിക്വിഡിറ്റി ഏറ്റവും കുറഞ്ഞ 20 ശതമാനം ഫണ്ടുകൾ ഒഴിവാക്കിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.  അതായത്  പോർട്ട്ഫോളിയോയുടെ 80 ശതമാനം ഫണ്ടുകൾ മാത്രമാണ് എടുത്തിരിക്കുന്നത്. കൂടാതെ ഈ ഫണ്ടുകൾ ലാർജ്,മിഡ്, സ്മോൾ ക്യാപ് ഓഹരികളിൽ നിക്ഷേപിച്ചിരിക്കുന്നതിൻറെ ആനുപാതികമായി തന്നെയാണ് വിൽപ്പനയും കണക്കാക്കിയിരിക്കുന്നത്. യാഥാർത്ഥ സാഹചര്യങ്ങളിൽ വിൽപ്പനയ്ക്ക് ഇത്തരം അനുപാതം പിന്തുടരേണ്ടതില്ല. 

വിൽപ്പനയ്ക്ക് വേണ്ട ദിവസങ്ങൾ കൂടാതെ പോർട്ട് ഫോളിയോ ബീറ്റ (പോർട്ട് ഫോളിയോ എത്രത്തോളം ചാഞ്ചാട്ടത്തിന് വിധേയമാണ് എന്ന സൂചന), കഴിഞ്ഞ 12 മാസത്തെ പിഇ അനുപാതം, ഫണ്ട് മാനേജരുടെ വിൽക്കൽ–വാങ്ങലുകളെ സൂചിപ്പിക്കുന്ന പോർട്ട്ഫോളിയോ ടേൺഓവർ തുടങ്ങിയ വിവരങ്ങൾ അടങ്ങുന്നതാണ് സ്ട്രെസ് ടെസ്റ്റ് ഫലം. 

നിക്ഷേപകർ ആശങ്കപ്പെടേണ്ടതുണ്ടോ ?
ഇനി മുതൽ എല്ലാ മാസവും മിഡ് ക്യാപ്, സ്മോൾ ക്യാപ് ഫണ്ടുകളെ സംബന്ധിച്ച ഇത്തരം വിവരങ്ങൾ മ്യൂച്വൽ ഫണ്ട് കമ്പനികൾ പ്രസിദ്ധീകരിക്കും. ഇത് ഫണ്ടുകളുടെ നടത്തിപ്പിലുള്ള സുതാര്യത ഉയർത്തും. ഫണ്ടുകൾ വിറ്റുപണമാക്കാൻ കമ്പനികൾക്ക് വേണ്ട സമയത്തെ കുറിച്ച് ആലോചിച്ച് സാധാരണ നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ല. കാരണം കമ്പനികൾ വെളിപ്പെടുത്തിയിരിക്കുന്നത് അവരുടെ ഫണ്ടുകളിലെ മൊത്തം ആസ്തി പണമാക്കി മാറ്റാൻ എടുക്കുന്ന സമയത്തെക്കുറിച്ചാണ്. അല്ലാതെ ഓരോ നിക്ഷേപകൻറെയും പണം പിൻവലിക്കുന്നതിനെ കുറിച്ചല്ല. നിക്ഷേപകർക്ക്, സാധാരണ രീതിയിൽ എപ്പോൾ വേണമെങ്കിലും മ്യൂച്വൽ ഫണ്ട് യൂണീറ്റുകൾ വിറ്റു പണമാക്കാവുന്നതാണ്.  

നിക്ഷേപം വൈവിധ്യവത്കരിക്കണം
സ്മോൾ ക്യാപ്, മിഡ് ക്യാപ് മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപങ്ങൾ ലാർജ് ക്യാപിനെ അപേക്ഷിച്ച് ഏപ്പോഴും റിസ്ക് കൂടിയവയാണ്.  ഈ വിഭാഗങ്ങളിലെ ഓഹരികളുടെ വില ഉയർന്നു നിൽക്കുന്നതിനെ കുറിച്ചു സെബിയും കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു.  അതുകൊണ്ട് തന്നെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലും വൈവിധ്യ വത്കരണത്തിന് ശ്രമിക്കണം. മാർക്കറ്റ് ഉയർന്നു നില്‍ക്കുന്ന സമയങ്ങളിൽ ഒന്നിച്ച് പണം (ലംപ്സം) നിക്ഷേപക്കുന്നത് ഒഴിവാക്കി എസ്ഐപിയായി നിക്ഷേപിക്കുന്നതാണ് അനിയോജ്യം. ദീർഘകാല നിക്ഷേപമാണെങ്കില്‍ കൂടി ഫണ്ടുകളുടെ പ്രകടനം കൃത്യമായി വിലയിരുത്തുകയും വേണം. 

English Summary:

Sebi Stress Test Results For Smallcap, Midcap Funds, All You Need To Know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com