ADVERTISEMENT

ചെന്നൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) ഇക്കഴിഞ്ഞ സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനോടു തോറ്റശേഷം ഡ്രസിങ് റൂമിലേക്കു മടങ്ങുന്നതിനിടെ എം.എസ്. ധോണി ഒരു സ്ക്രീനില്‍ ഇടിച്ച് രോഷം തീർത്തുവെന്ന മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങിന്റെ വെളിപ്പെടുത്തൽ തള്ളി ചെന്നൈ സൂപ്പർ കിങ്സ് രംഗത്ത്. ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് ടോമി സിംസക് വ്യക്തമാക്കി. ഹർഭജന്റെ വെളിപ്പെടുത്തൽ വാർത്തയാക്കി പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ കമന്റായാണ് ടോമി സിംസക് ഇക്കാര്യം വ്യക്തമാക്കിയത്.

‘‘ഇത് പച്ചക്കള്ളമാണ്. എം.എസ്. ധോണി ഈ പറയുന്നതുപോലെ ഒന്നും അടിച്ചുതകർത്തിട്ടില്ല. മാത്രമല്ല, ഒറ്റ മത്സരത്തിനു ശേഷവും അദ്ദേഹത്തെ ഇത്തരത്തിൽ ആക്രമണോത്സുകനായി ഞാൻ കണ്ടിട്ടുമില്ല. വെറും വ്യാജവാർത്ത’ – ചെന്നൈ സൂപ്പർ കിങ്സിന്റെ ഫീൽഡിങ് പരിശീലകൻ ടോമി സിംസക് കമന്റായി കുറിച്ചു.

കഴിഞ്ഞ സീസണിൽ ലീഗ് ഘട്ടത്തിലെ ഈ അവസാന മത്സരം ജയിച്ചതിന്റെ ആഹ്ലാദത്തിൽ ആർസിബി താരങ്ങൾ ചെന്നൈ താരങ്ങൾക്കു ഹസ്തദാനം നൽകാൻ വൈകിയതു വൻ വിവാദമായിരുന്നു. ചെന്നൈ താരങ്ങൾ ഗ്രൗണ്ടിൽ കാത്തുനിന്നെങ്കിലും, വിജയാഘോഷത്തിൽ മതിമറന്ന ബെംഗളൂരു താരങ്ങൾ അവർക്കടുത്തെത്താൻ വൈകുകയായിരുന്നു. ഇതോടെ ബെംഗളൂരു താരങ്ങൾക്കായി കാത്തുനിൽക്കാതെ ധോണി വേഗത്തിൽ ഡ്രസിങ് റൂമിലേക്കു പോയി. അതിനിടെയാണ് ചെന്നൈ ഡ്രസിങ് റൂമിനു പുറത്തുള്ള സ്ക്രീനിൽ ധോണി ആഞ്ഞടിച്ചതെന്ന് ഹർഭജൻ സിങ് ഒരു ചർച്ചയിലാണ് വെളിപ്പെടുത്തിയത്.

‘‘മത്സരത്തിനു ശേഷം ഡ്രസിങ് റൂമിലേക്കു മടങ്ങിയ ധോണി ഒരു സ്ക്രീനിൽ ആഞ്ഞടിച്ചു. ആർസിബി താരങ്ങള്‍ ആ സമയത്ത് ആഘോഷിക്കുകയായിരുന്നു. അവർക്ക് അതിനുള്ള അവകാശമുണ്ട്. ഞാൻ മുകളിൽനിന്ന് ബെംഗളൂരു താരങ്ങളുടെ ആഘോഷ പ്രകടനം കാണുകയായിരുന്നു. അപ്പോഴേക്കും ചെന്നൈ താരങ്ങൾ നിരയായിനിന്ന് ഹസ്തദാനത്തിനു തയാറായി.‌’’

‘‘ആര്‍സിബിയുടെ ആഘോഷം അവസാനിക്കാൻ കുറച്ചു സമയം എടുത്തതോടെ ധോണി ഡ്രസിങ് റൂമിലേക്കു മടങ്ങി. പോകുംവഴി ഒരു സ്ക്രീനിൽ ധോണി ആഞ്ഞടിച്ചു. കളിയിൽ ഇതൊക്കെ സാധാരണമാണ്. ആർസിബി കുറച്ചു സമയം കൂടി ആഘോഷിച്ചാലും അത് അവരുടെ അവകാശമാണ്. ആ മത്സരം ജയിച്ച് ഐപിഎൽ കിരീടവും നേടി കരിയർ അവസാനിപ്പിക്കാൻ ധോണി ആഗ്രഹിച്ചിട്ടുണ്ടാകും. അതു തകർ‌ന്നതിലുള്ള നിരാശയായിരിക്കാം അദ്ദേഹത്തിന്റേത്.’’– ഇതായിരുന്നു ഹർഭജന്റെ വാക്കുകൾ.

English Summary:

CSK refutes Harbhajan's ‘punched a screen’ allegation on MS Dhoni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com