മാനുഷി അഭ്രപാളിയിലേക്ക്; ഐശ്വര്യയുടെ പിൻഗാമിയാകുമോ?: ലോകസുന്ദരിമാരുടെ തനി വഴിയിലൂടെ
Mail This Article
മിസ് വേൾഡ് കിരീടം നേടി ആറു വർഷങ്ങൾക്കു ശേഷം സിനിമയിൽ ഒരു കൈ നോക്കുകയാണ് മാനുഷി ഛില്ലർ. 2017ലെ മിസ് വേൾഡ് കിരീടം നേടിയ മാനുഷി അക്ഷയ്കുമാർ നായകനാകുന്ന സമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രത്തിലൂടെയാണു അഭിനയ കരിയറിനു തുടക്കമിടുന്നത്. പൃഥ്വിരാജ് ചൗഹാന്റെ കഥ പറയുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ ഭാര്യയായ സൻയോഗിതയുടെ റോളാണ് മാനുഷിക്ക്. ഐശ്വര്യറായിയെപ്പോലെ, പ്രിയങ്ക ചോപ്രയെപ്പോലെ ഒരു തിളക്കമാർന്ന കരിയറാകുമോ ഈ മിസ് വേൾഡിന്റേത് എന്ന ചോദ്യം ബോളിവുഡ് അണിയറകളിൽ ഉയരുന്നുണ്ട്.
ഇന്ത്യൻ സിനിമയിലും വിനോദരംഗത്തും വലിയ അവസരങ്ങളായിരുന്നു മുൻകാലത്ത് സൗന്ദര്യറാണിമാരെ കാത്തിരുന്നത്. മിസ് ഇന്ത്യ കിരീടം നേടിയവരിൽ നിന്നും നിരവധി പ്രമുഖ നടിമാർ ബോളിവുഡിൽ വന്നു. സീനത്ത് അമൻ, മീനാക്ഷി ശേഷാദ്രി, ജൂഹി ചൗള, നേഹ ധൂപിയ തുടങ്ങിയവർ ഉദാഹരണം.
ആദ്യമായി മിസ് വേൾഡ് കിരീടം നേടിയ റീത്ത ഫാരിയയ്ക്ക് സിനിമ, മോഡലിങ് രംഗത്തു വലിയ താൽപര്യമുണ്ടായിരുന്നില്ല. മെഡിസിൻ പഠിച്ച അവർ തന്റെ ഡോക്ടറെന്ന തന്റെ കരിയറിനാണു പ്രാധാന്യം കൊടുത്തത്. 1966ൽ ഈ കിരീടം നേടിയ റീത്ത ലോക സൗന്ദര്യകിരീടം നേടുന്ന ആദ്യ ഏഷ്യക്കാരിയായിരുന്നു.
1994ൽ മിസ് വേൾഡായ ഐശ്വര്യ റായിയും മിസ് യൂണിവേഴ്സായ സുഷ്മിത സെന്നും താമസിയാതെ ഇന്ത്യയിലെമ്പാടും പ്രശസ്തരാകുകയും ഇവരുടെ പേരുകൾ ഇന്ത്യൻ സമൂഹത്തിലെ വിവിധ തുറകളിൽ ചിരപരിചിതമാകുകയും ചെയ്തു. ബോളിവുഡിലും മറ്റ് സിനിമാ വ്യവസായങ്ങളിലും ഒട്ടേറെ അവസരങ്ങൾ ഇരുവർക്കും വന്നു ചേരാന്‍ താമസമുണ്ടായില്ല.
ലോകസുന്ദരിമാരിൽ തന്നെ ഏറ്റവും വിജയകരമായ കരിയർ ഐശ്വര്യറായിക്ക് അവകാശപ്പെട്ടതാണെന്ന് മിസ് വേൾഡ്സ് അസോസിയേഷൻ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇരുവർ, ഹംദിൽകേ ചുപ്കേ സനം, മൊഹബത്തീൻ, താൽ, ഗുരു, ഗുസാരിഷ്, ഉംറോ ജാൻ തുടങ്ങി 46 സിനിമകളില്‍ ഐശ്വര്യ അഭിനയിച്ചു. ഇവയിൽ പലതും പ്രേക്ഷക, നിരൂപക ശ്രദ്ധ നേടുകയും സൂപ്പർഹിറ്റ് ആവുകയും ചെയ്തു.
1997ലായിരുന്നു അടുത്ത മിസ് വേൾഡ് കിരീടം ഇന്ത്യയിലേക്ക് എത്തിയത്. അക്കൊല്ലത്തെ മിസ് ഇന്ത്യയായിരുന്ന ഡയാന ഹെയ്ഡനിലൂടെയായിരുന്നു അത്. മിസ് വേൾഡ് മൽസരത്തിലെ 3 ഉപവിഭാഗങ്ങളിൽ കൂടി വിജയം നേടിയ ഡയാനയുടെ കിരീടധാരണം അതീവ കമനീയമായിത്തന്നെയായിരുന്നു. എന്നാൽ ചലച്ചിത്രരംഗത്ത് അത്ര വിജയമാകാൻ അവർക്കു സാധിച്ചില്ല. 2003ൽ പുറത്തിറങ്ങിയ തെഹ്സീബ് ഉൾപ്പെടെ 4 സിനിമകളിൽ അഭിനയിച്ചെങ്കിലും ബോളിവുഡിൽ ക്ലച്ച് പിടിച്ചില്ല. എന്നാൽ ഒട്ടേറെ ടെലിവിഷൻ ഷോകളിലും മറ്റും ഹോസ്റ്റായി ഡയാന പ്രത്യക്ഷപ്പെട്ടു.
1999ൽ മിസ് വേൾഡായ യുക്ത മുഖിക്ക് വലിയ സാധ്യതയാണ് സിനിമയിൽ കൽപിക്കപ്പെട്ടിരുന്നത്. ‘പൂവെല്ലാം ഉൻവാസം’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അവരുടെ അരങ്ങേറ്റം. തുടർന്ന് പ്യാസ എന്ന ചിത്രത്തിലും യുക്ത അഭിനയിച്ചു. എന്നാൽ ഡയാനയുടെ വിധി തന്നെയായിരുന്നു യുക്തയ്ക്കും.
തൊട്ടടുത്ത വർഷവും മിസ് വേൾഡ് കിരീടം ഇന്ത്യയിലെത്തി. മലയാളി വേരുകളുള്ള പ്രിയങ്ക ചോപ്രയിലൂടെ. പ്രിയങ്ക കരുതലോടെ തന്റെ കരിയർ മുന്നോട്ടു നീക്കുകയും മുൻനിര ബോളിവുഡ് നടികളിലൊരാളായി മാറുകയും ചെയ്തു. പിൽക്കാലത്ത് രാജ്യാന്തര വേദിയിൽ പ്രശസ്തയായി മാറാനും പ്രിയങ്കയ്ക്കു ഭാഗ്യമുണ്ടായി. ഇതിനു ശേഷം 17 വർഷങ്ങളെടുത്തു മാനുഷി ഛില്ലറിലൂടെ വീണ്ടും മിസ് വേൾഡ് കിരീടം ഇന്ത്യയിലെത്താൻ.
മിസ് യൂണിവേഴ്സ് കിരീടങ്ങളും ഇന്ത്യയിൽ മൂന്നെണ്ണം കിട്ടിയിട്ടുണ്ട്. എന്നാൽ ആദ്യ വിജയി സുഷ്മിതയ്ക്ക് ലഭിച്ച സിനിമാ മൈലേജ് പിന്നീടുള്ള ലാറാ ദത്തയ്ക്ക് ലഭിച്ചില്ല. ഇപ്പോഴത്തെ വിജയിയായ ഹർനാസ് സന്ധുവിന്റെ സിനിമാ പദ്ധതികളെക്കുറിച്ച് വ്യക്തതയില്ല. ഒരു പഞ്ചാബി സിനിമയിൽ ഹർനാസ് അഭിനയിച്ചിട്ടുണ്ട്.
എന്തായാലും മാനുഷിയുടെ ബോളിവുഡ് അരങ്ങേറ്റത്തെ ആകാംക്ഷയോടെയാണ് ഫാഷൻ ലോകം കാണുന്നത്. ഐശ്വര്യ റായി തെളിച്ചിട്ട വഴിയിലൂടെ മാനുഷി നടന്നു കയറുമോ എന്ന് കാത്തിരുന്നു കാണാം.