നെഞ്ചിൽ കുഞ്ഞ്; കയ്യിൽ ലാത്തി; ഡൽഹി റെയിൽവേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിച്ച് ഉദ്യോഗസ്ഥ– വിഡിയോ

Mail This Article
അമ്മയാവുക എന്നത് വലിയ ഉത്തരവാദിത്തമാണ്. ജന്മം നൽകി കുറച്ചു കാലത്തേയ്ക്കെങ്കിലും അമ്മയുടെ സാമീപ്യം കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും മാനസിക വികാസത്തിനും അത്യാവശ്യവുമാണ്. എന്നാൽ ഇത്തരത്തിൽ കുഞ്ഞിനൊപ്പം സമയം പങ്കിടാനാവാതെ വിഷമിക്കുന്ന ജോലിക്കാരായ അമ്മമാർ നമുക്കുചുറ്റും ധാരാളമുണ്ട്. മറ്റുചിലരാവട്ടെ ജോലിയും കുഞ്ഞിന്റെ പരിപാലനവും ഒരേപോലെ നടത്തിക്കൊണ്ടുപോകാനായി സാധ്യമായ എല്ലാ വഴികളും തേടി വലിയ റിസ്കുകൾ എടുക്കാൻ പോലും തയ്യാറാകുന്നു. അത്തരത്തിൽ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ജോലിയിൽ വ്യാപൃതയായിരിക്കുന്ന ഒരു അമ്മയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്.
റെയിൽവേ പ്രൊട്ടക്ഷൻ സ്പെഷ്യൽ ഫോഴ്സ് കോൺസ്റ്റബിളായ റീന എന്ന ഉദ്യോഗസ്ഥയാണ് റെയിൽവേ സ്റ്റേഷനിൽ കുഞ്ഞിനെയും എടുത്ത് തിരക്ക് നിയന്ത്രിക്കുന്നത്. ന്യൂഡൽഹിയിലെ ഒരു റെയിൽവേ സ്റ്റേഷനിലാണ് റീന ജോലി ചെയ്യുന്നത്. ബേബി ക്യാരിയർ ശരീരത്തിൽ ഘടിപ്പിച്ച് ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ അതിലിരുത്തി ഒരു കൈയിൽ ബാറ്റണുമേന്തി യൂണിഫോമിൽ സ്വന്തം ജോലി കൃത്യമായി നിറവേറ്റുകയാണ് റീന. അമ്മയുടെ ബുദ്ധിമുട്ടുകൾ ഏതുമറിയാതെ റീനയുടെ നെഞ്ചോട് ചേർന്ന് കിടന്നുറങ്ങുന്ന കുഞ്ഞിനേയും ചിത്രങ്ങളിൽ കാണാം.
കുഞ്ഞ് ഒപ്പമുണ്ടെങ്കിലും തെല്ലും പാതറാതെ അതീവ ജാഗ്രതയോടെയാണ് റീന തന്റെ തൊഴിലിനോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നത്. റെയിൽവേ പ്രൊട്ടക്ഷൻ സ്പെഷ്യൽ ഫോഴ്സിന്റെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് റീനയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. സേവനവും പരിപാലനവും എല്ലാം ഒരുമിച്ച് കൈകാര്യം ചെയ്യുന്ന റീന അമ്മയും പോരാളിയുമാണെന്ന അടിക്കുറിപ്പിനൊപ്പമാണ് ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. മാതൃത്വവും തൊഴിലും ഒരേപോലെ കൈകാര്യം ചെയ്യാൻ കിണഞ്ഞു പരിശ്രമിക്കുന്ന അസംഖ്യം അമ്മമാരുടെ പ്രതിനിധിയാണ് റീന എന്നും പോസ്റ്റിൽ പറയുന്നുണ്ട്.
അതേസമയം റീന അവധിയിലായിരുന്നു എന്നും ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരണമടഞ്ഞ സംഭവത്തെ തുടർന്ന് തിരികെ അടിയന്തരമായി ജോലിയിൽ പ്രവേശിക്കേണ്ട സാഹചര്യം വരികയായിരുന്നുവെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിആർപിഎഫ് കോൺസ്റ്റബിളായ റീനയുടെ ഭർത്താവ് നിലവിൽ ജമ്മു കശ്മീരിലാണ് ജോലി ചെയ്യുന്നതെന്ന് റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. സഹായത്തിന് മറ്റു കുടുംബാംഗങ്ങൾ ഒപ്പം ഇല്ലാത്തതിനാൽ താൽക്കാലികമായി കുഞ്ഞിന്റെ സുരക്ഷിതത്വം കണക്കിലെടുത്ത് ഒപ്പം കൂട്ടുകയല്ലാതെ മറ്റ് മാർഗം ഉണ്ടായിരുന്നില്ല. ജോലിക്ക് പോകുന്ന സമയത്ത് കുഞ്ഞിനെ പരിപാലിക്കാനായി ഒരാളെ കണ്ടെത്താൻ കഴിയുന്നതുവരെ ഇതേ രീതിയിൽ ഡ്യൂട്ടിക്ക് എത്താനാണ് തീരുമാനം എന്നും റീന പറയുന്നു.
ജോലിക്കാരായ അമ്മമാർ നേരിടുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ എത്രത്തോളമാണെന്ന ചർച്ചകൾ റീനയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വീണ്ടും സജീവമായിട്ടുണ്ട്. സാഹചര്യം പരിഗണിച്ച് ചെറുപ്രായത്തിലുള്ള കുട്ടികളുടെ അച്ഛനമ്മമാർക്ക് കൂടുതൽ അവധി ദിവസങ്ങൾ അനുവദിക്കേണ്ടത് അനിവാര്യമാണെന്ന് വലിയൊരു വിഭാഗം ജനങ്ങൾ അഭിപ്രായപ്പെടുന്നു. തന്റെ ജോലിയും കുഞ്ഞിനോടുള്ള കടമയും ഒരേപോലെ കൈകാര്യം ചെയ്യാൻ റീന എടുക്കുന്ന റിസ്കിനും വെല്ലുവിളികളെ നേരിടാനുള്ള മനസ്സുറപ്പിനും ഹൃദയംകൊണ്ട് സല്യൂട്ട് ചെയ്യുന്നു എന്നാണ് ഭൂരിഭാഗം ആളുകളും പ്രതികരിക്കുന്നത്.