ADVERTISEMENT

നർത്തകരുടെ ഊർജമോ ചുവടുകളിലെ ചടുലതയോ പശ്ചാത്തല ഭംഗിയോ ഒക്കെയാകും ഒരു നൃത്ത വിഡിയോ കണ്ടാൽ പലരും ശ്രദ്ധിക്കുന്നതും ചർച്ച ചെയ്യുന്നതും. പക്ഷേ നൃത്തം ചെയ്യുന്നത് സ്ത്രീകളാണെങ്കിൽ ചിലരുടെ സദാചാരക്കണ്ണ് നർത്തകരുടെ വസ്ത്രത്തിലുടക്കും. അടുത്തിടെ നൃത്ത വിഡിയോ കണ്ട ഒരാൾ അടിവസ്ത്രത്തെക്കുറിച്ച് കമന്റ് ചെയ്തപ്പോൾ ‘എന്താ ഇടാറില്ലേ’? എന്നു മറുപടി കൊടുത്താണ് അഭിനേത്രിയും നർത്തകിയും വ്ലോഗറുമായ കൃഷ്ണപ്രഭ ആ വിഷയത്തെ ലഘുവായി കൈകാര്യം ചെയ്തത്. എത്ര പോസിറ്റീവ് കാര്യമുണ്ടെങ്കിലും നെഗറ്റീവിൽ മാത്രം കണ്ണുടക്കി കമന്റ് ചെയ്യുന്നവരെ അവഗണിക്കുകയാണ് പതിവെന്നും പക്ഷേ അടിവസ്ത്രത്തെപ്പറ്റിയുള്ള കമന്റിന് മറുപടി നൽകിയതിനു കാരണമുണ്ടെന്നും പറയുന്നു കൃഷ്ണപ്രഭ. ഒപ്പം, നീണ്ട ഇടവേളയ്ക്കു ശേഷം മിനിസ്ക്രീനിലേക്ക് മടങ്ങി വന്നതിന്റെ വിശേഷങ്ങളും മനോരമ ഓൺലൈൻ വായനക്കാർക്കായി പങ്കുവയ്ക്കുന്നു. 

 

∙ നെഗറ്റീവ് കമന്റുകളുടെ പേരിൽ പിന്നോട്ടില്ല

krishna-prabha-351

 

ഓരോരുത്തരും വ്യക്തിപരമായ അഭിപ്രായമാണ് കമന്റുകളിലൂടെ പ്രകടിപ്പിക്കുന്നത്. കമന്റ് നല്ലതാണോ ചീത്തയാണോ എന്നു നോക്കി, നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ നിർത്തി വയ്ക്കാനാവില്ലല്ലോ. ഇനിയും നല്ല ഡാൻസ് വിഡിയോസ് അപ്‌ലോഡ് ചെയ്യാൻ തന്നെയാണ് തീരുമാനം. തീമിലും കോസ്റ്റ്യൂംസിലുമൊക്കെ വളരെ വ്യത്യസ്തങ്ങളായ പരീക്ഷണങ്ങളുമായി പുതിയ വിഡിയോസ് പുറത്തിറക്കാൻ പ്ലാനുണ്ട്. നെഗറ്റീവ് കമന്റുകളുടെ പേരിൽ അതിൽനിന്നു പിന്നോട്ടു പോവില്ല. 

 

പൊതുവേ നെഗറ്റീവ് കമന്റ്സ് ശ്രദ്ധിക്കാറില്ല. ചെയ്യുന്ന കാര്യങ്ങളിലെല്ലാം മറ്റുള്ളവരുടെ നെഗറ്റീവ് അഭിപ്രായം ശ്രദ്ധിച്ചാൽ മുന്നോട്ടു പോകാൻ ആർക്കും സാധിക്കില്ലല്ലോ. തികച്ചും മാന്യമായ സൗഹൃദകമന്റിനൊക്കെ മറുപടി നൽകാറുണ്ട്. ചിലർ സ്ഥിരമായി കമന്റ് ഇടാറുണ്ട്. അവർക്കും മറുപടി നൽകും. പക്ഷേ ഡാൻസ് വിഡിയോയ്ക്കു താഴെ വന്ന അന്നത്തെ കമന്റിന് റിപ്ലേ നൽകാൻ മറ്റൊരു കാരണമുണ്ട്. ഷൂട്ടിനിടയിലെ ഇടവേളയിലാണ് ആ കമന്റ് ശ്രദ്ധയിൽപ്പെട്ടത്. അത് കണ്ടപ്പോൾ എനിക്ക് ദേഷ്യത്തെക്കാളുപരി ചിരിയാണു വന്നത്. നമ്മൾ കാണാത്ത ഒരു കാര്യം അല്ലെങ്കിൽ ഒരുപാട് നാളായി കാണണമെന്ന് ആഗ്രഹിച്ച ഒരു കാര്യം കാണുമ്പോഴാണ് വളരെ അതിശയത്തോടെ പ്രതികരിക്കുക. പക്ഷേ അയാൾ കമന്റിൽ സൂചിപ്പിച്ച വസ്ത്രം എല്ലാവരും നിത്യേന ഉപയോഗിക്കുന്നതാണ്. ഇതിലെന്താണിത്ര അതിശയിക്കാൻ എന്നെനിക്കു തോന്നി. ആ കമന്റിന് മറുപടി നൽകാതിരിക്കാൻ തോന്നിയില്ല. അതുകൊണ്ടാണ് ‘എന്താ ഇടാറില്ലേ’? എന്നു റിപ്ലേ ചെയ്തത്. എന്നാൽ എന്റെ റിപ്ലേയ്ക്കു താഴെ അയാൾ വീണ്ടും കമന്റുമായെത്തി ‘താങ്ക്സ് ഫോർ യുവർ റിപ്ലേ’ എന്നു പറഞ്ഞ്. ചിലർ അങ്ങനെയാണ്. എന്തു ചെയ്തിട്ടായാലും ശ്രദ്ധിക്കപ്പെട്ടാൽ മതി. പോസിറ്റീവ് കമന്റ്സിന് റിപ്ലേ കിട്ടിയില്ലെങ്കിലോ എന്നു വിചാരിച്ച് നെഗറ്റീവ് കമന്റ്സ് ഇടുന്നവരുമുണ്ട്. അങ്ങനെയുള്ളവരെ പരമാവധി ശ്രദ്ധിക്കാതിരിക്കും.

 

∙ ആ വിഡിയോസ്  ചെയ്തത് ഇൻസ്റ്റ റീൽസിനു വേണ്ടി

 

krishna-prabha-321

ലോക്‌ഡൗൺ സമയത്ത് ഓൺലൈൻ ക്ലാസുകളായതിനാൽ ഡാൻസ് അക്കാദമിയുടെ ഫ്ലോർ ഒഴിഞ്ഞു കിടക്കുകയായിരുന്നു. ആ സമയത്ത് എന്തെങ്കിലും ക്രിയേറ്റീവായി ചെയ്യാമെന്നു കരുതിയാണ് അവിടെ വച്ച് ഡാൻസ് വിഡിയോസ് ഷൂട്ട് ചെയ്തിരുന്നത്. ഇൻസ്റ്റഗ്രാമിൽ റീൽസ് തരംഗമാണല്ലോ ഇപ്പോൾ. അങ്ങനെ ഷൂട്ട് ചെയ്ത ഡാൻസ് വിഡിയോസ് ഇൻസ്റ്റയിൽ പോസ്റ്റ്  ചെയ്തു. അതു കണ്ട ആളുകൾ നല്ല അഭിപ്രായങ്ങളാണ് പറഞ്ഞത്. കോസ്റ്റ്യൂംസ് ഒക്കെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഞങ്ങളുടെ സന്തോഷത്തിനു വേണ്ടി വിഡിയോസ് അപ്‌ലോഡ് ചെയ്തു തുടങ്ങിയതാണ്. നല്ല അഭിപ്രായങ്ങളും അടുത്ത വിഡിയോ എപ്പോഴാണ് വരുന്നത് എന്നൊക്കെയുള്ള സ്നേഹാന്വേഷണങ്ങളും കൂടിയായപ്പോഴാണ് കാര്യമായി വിഡിയോ മേക്കിങ്ങിൽ ശ്രദ്ധിച്ചു തുടങ്ങിയത്.

 

∙ ആളുകൾക്ക് ആ മാറ്റം ഫീൽ ചെയ്യുന്നത് രണ്ടു കാരണങ്ങൾ കൊണ്ട്

 

എന്റെ വസ്ത്രധാരണത്തിലും സ്റ്റൈലിലുമൊക്കെ ഒരുപാട് മാറ്റം വന്നതായി ചിലർ പറയാറുണ്ട്. പക്ഷേ ഞാൻ മുൻപ് ഉപയോഗിച്ചിരുന്ന കോസ്റ്റ്യൂംസ് തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. മാറ്റം വന്നെന്നു മറ്റുള്ളവർക്ക് തോന്നുന്നത് രണ്ടു കാരണങ്ങൾ കൊണ്ടാണ്. ഇപ്പോൾ ബാക്ക് ടു ബാക്ക് ഫോട്ടോസ് സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. അപ്പോഴാണ് ആളുകൾ അത് കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്. രണ്ടാമത്തെ കാര്യം, നന്നായി ശരീരഭാരം കുറഞ്ഞിട്ടുണ്ട്. ട്രൗസേഴ്സ് പോലെയുള്ള വസ്ത്രങ്ങൾ മുൻപും ഉപയോഗിച്ചിരുന്നു. പോർട്ട്ഫോളിയോസിലൊക്കെ കാഷ്വൽവെയേഴ്സിനൊപ്പം വെസ്റ്റേൺ വെയേഴ്സും ഉപയോഗിച്ചിരുന്നു. ഞാൻ ചെയ്ത കഥാപാത്രങ്ങളുമായി എന്റെ വ്യക്തിത്വത്തെയും വസ്ത്രശൈലിയെയും ആളുകൾ താരതമ്യം ചെയ്യുന്നതുകൊണ്ടാണ് എനിക്കു മാറ്റം വന്നെന്ന് അവർക്കു തോന്നുന്നത്.

 

∙ അതാണ് പരമ്പരയിലെ അഭിനയത്തിലെ ഏറ്റവും വലിയ പ്ലസ്

 

ഏകദേശം എട്ടുവർഷം മുൻപ് മെറിലാൻഡിന്റെ പ്രൊഡക്‌ഷനിൽ ദേവീമാഹാത്മ്യം എന്ന പരമ്പരയിലാണ് മിനിസ്ക്രീനിൽ അഭിനയം തുടങ്ങിയത്. പിന്നീട് സിനിമയിൽ നല്ല അവസരങ്ങൾ കിട്ടുകയും സ്റ്റേജ്ഷോകളുമൊക്കെയായി തിരക്കാകുകയും ചെയ്തതോടെയാണ് പരമ്പരകളിൽനിന്ന് കുറച്ചുകാലം വിട്ടു നിന്നത്. പക്ഷേ ആ സമയത്തും ചാനൽ ഷോകളിൽ ഹോസ്റ്റസ് ആയിരുന്നു. കോവിഡിനു ശേഷം സ്റ്റേജ്ഷോസൊന്നും പഴയപോലെ സജീവമായിട്ടില്ലല്ലോ. ഇപ്പോൾ ചെയ്യുന്ന സിനിമകളും പരമ്പരയും തമ്മിൽ ഡേറ്റ്ക്ലാഷ് ഉണ്ടാകാത്ത രീതിയിലാണ് മുന്നോട്ടു പോകുന്നത്. പിന്നെ ഡാൻസ്ക്ലാസിനു ശേഷം സമയവും ലഭിക്കുന്നുണ്ട്. ഇപ്പോൾ ഞാൻ അഭിനയിച്ചു കൊണ്ടിരിക്കുന്ന പരമ്പര സൺടിവിയുടെ പ്രൊഡക്‌ഷനാണ്. സൺടിവിയിലെ റോജ എന്ന പരമ്പര 1500 എപ്പിസോഡ് പിന്നിട്ട് ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. റോജയുടെ മലയാളം ടെലികാസ്റ്റായ കളിവീട് എന്ന പരമ്പരയിൽ മധുമിത എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ്. പരമ്പരയിലെ അഭിനയം സമ്മാനിച്ചത് വളരെ നല്ല അനുഭവങ്ങളാണ്. പരമ്പര സ്ഥിരമായി കാണുന്ന പ്രേക്ഷകരുടെ സ്നേഹം നന്നായി തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. നൃത്തം, സ്റ്റേജ് ഷോ, ആങ്കറിങ് ഇവ ചെയ്യുമ്പോഴും പരമ്പരയിൽ അഭിനയിക്കുമ്പോഴും ലഭിക്കുന്ന ഫീഡ്ബാക്കുകൾ വളരെ വ്യത്യസ്തമാണ്. അടുത്ത എപ്പിസോഡിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്ത്രീകളുടെ പ്രതികരണങ്ങൾ കേൾക്കുമ്പോഴുണ്ടാകുന്ന സന്തോഷത്തെ ഞാൻ വിലമതിക്കുന്നു. എന്നും കാണുന്ന, അത്രയടുപ്പമുള്ള ആളുകളോട് പെരുമാറുന്നതുപോലെ പോലെ സ്നേഹവും പരിചയവുമൊക്കെ കാട്ടുമ്പോൾ ശരിക്കും സന്തോഷം തോന്നാറുണ്ട്. ലൈവായി നിൽക്കാൻ പറ്റും എന്നതാണ് പര മ്പര അഭിനയത്തിലെ ഏറ്റവും വലിയ പ്ലസ്.

 

∙ കൂടെയുള്ളത് കൂടെപ്പിറപ്പല്ല ചങ്കായ ചങ്ങാതിയാണ്

 

ഡാൻസ് വിഡിയോ കണ്ട ഒരുപാടാളുകൾ അന്വേഷിച്ച ഒരു കാര്യമാണ് കോ ഡാൻസർ ആരാണെന്ന്. നിങ്ങൾ ട്വിൻസ് ആണോ? സഹോദരിമാരാണോ എന്നൊക്കെ ചോദിച്ചിരുന്നു. കൂടെപിറപ്പല്ല ഏറെ പ്രിയപ്പെട്ട കൂട്ടുകാരിയാണ്.  പ്രശസ്ത ഗ്രൂമറും കൊറിയോഗ്രാഫറുമായ സുനിത റാവു. മംഗളൂരു സ്വദേശിയായ ചേച്ചി 18 വർഷമായി കേരളത്തിലുണ്ട്. ഏകദേശം അത്രയും തന്നെ വർഷത്തെ സൗഹൃദമുണ്ട് സുനിത ചേച്ചിയുമായി. കൂടെപിറന്നില്ലെങ്കിലും എനിക്ക് കൂടെ പിറപ്പിനെപ്പോലെയാണ് ചേച്ചി. ചേച്ചിയുടെ ഭർത്താവ് മുംബൈയിൽ കൊറിയോഗ്രാഫറാണ്. എന്റെ ഡാൻസിങ് കരിയർ സ്റ്റാർട്ട് ചെയ്തത് ചേച്ചിക്കൊപ്പമാണ്. ചേച്ചിയുടെ ഡാൻസ് ടീമിലും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. പ്രമുഖ ചാനലുകളിലെ ഡാൻസ് റിയാലിറ്റി ഷോസ്, സ്റ്റേജ് ഷോസ്, അവാർഡ് നൈറ്റ് ഇവയ്ക്കുവേണ്ടി മത്സരാർഥികളെയും സെലിബ്രിറ്റികളെയും ഡാൻസേഴ്സിനെയും ഗ്രൂം ചെയ്യുന്നത് ചേച്ചിയാണ്. ഏറ്റവും ഒടുവിലായി ചേച്ചി വർക്ക് ചെയ്തത് മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയ്ക്കുവേണ്ടിയാണ്. ഞങ്ങൾ താമസിക്കുന്നതും അടുത്തടുത്തായതുകൊണ്ട് ലോക്ഡൗൺ സമയത്ത് വെറുതേ ഡാൻസ് ചെയ്തു തുടങ്ങിയതാണ്. പക്ഷേ ഡാൻസ് വിഡിയോസ് കണ്ട് നല്ല അഭിനന്ദനങ്ങൾ ലഭിച്ചതോടെ ഞങ്ങൾക്കും ആവേശമായി. 

 

∙ ആ തിരിച്ചറിവ് നൽകുന്ന സന്തോഷം വലുതാണ്

 

ബീച്ചിലെ ഡാൻസ് വിഡിയോ ചെയ്തത് യുട്യൂബ് ചാനലിനു വേണ്ടിയാണ്. ഇൻസ്റ്റ റീൽസിനുവേണ്ടിയും വിഡിയോസ് എടുക്കുന്നുണ്ട്. തമാശയ്ക്കാണ് ഡാൻസ് വിഡിയോ എടുത്തു തുടങ്ങിയതെങ്കിലും സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തപ്പോൾ നല്ല പ്രതികരണങ്ങൾ ലഭിച്ചു. അങ്ങനെയാണ് തീമും കോസ്റ്റ്യൂമുമൊക്കെ സെറ്റ് ചെയ്ത് ഡാൻസ് വിഡിയോ എടുത്തു തുടങ്ങിയത്. ഡാൻസ് വിഡിയോസ് കാണാറുണ്ടെന്നൊക്കെ ആൺ–പെൺ വ്യത്യാസമില്ലാതെ ആളുകൾ വന്നു പറയാറുണ്ടിപ്പോൾ. അടുത്തിടെ ഒരു റസ്റ്ററന്റിൽ പോയപ്പോൾ ഒരു വീട്ടമ്മ വന്ന് ഡാൻസ് നന്നായി എന്നും കൂടെ ഡാൻസ് ചെയ്യുന്ന ആളോട് അന്വേഷണം പറയണമെന്നൊക്കെ പറഞ്ഞു. അതൊക്കെ വളരെ വലിയ അംഗീകാരമായി കണക്കാക്കുന്നു. യുട്യൂബ് വിഡിയോസിനെക്കാളൊക്കെ റീച്ച് ഇൻസ്റ്റയിലൂടെ ലഭിക്കുന്നുണ്ടെന്നും ഏതു പ്രായത്തിലുള്ള ആളുകളും ഡാൻസ് വിഡിയോസ് ഏറെയിഷ്ടത്തോടെ കാണുമെന്നും ഒക്കെയുള്ള തിരിച്ചറിവ് നൽകുന്ന സന്തോഷം വളരെ വലുതാണ്. ഒരുപോലെയുള്ള കോസ്റ്റ്യൂംസ് എങ്ങനെ സംഘടിപ്പിക്കുന്നുവെന്നൊക്കെ വളരെ അതിശയത്തോടെ ആളുകൾ ചോദിക്കാറുണ്ട്. ആദ്യസമയത്ത് ഡാൻസ് കോസ്റ്റ്യൂംസ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോൾ കൊളാബ് ചെയ്യാനൊക്കെ ഒരുപാട് അന്വേഷണങ്ങൾ വരുന്നുണ്ട്. കോസ്റ്റ്യൂംസിന്റെ കാര്യത്തിൽ ചിലപ്പോൾ കളർ ഡിഫറൻസ് മാത്രമാകും ഞങ്ങൾ പ്രിഫർ ചെയ്യുന്നത്. ചിലപ്പോൾ രണ്ടും ഒരുപോലുള്ളതായിരിക്കും. വിഡിയോസ് വിജയകരമാണെന്ന സൂചനയാണ് ആളുകളുടെ പ്രതികരണങ്ങളിൽനിന്ന് ലഭിക്കുന്നത്. 

 

∙ ഐഡിയാസിന്റെ ക്രെഡിറ്റ് ടീം വർക്കിന്

 

ഇൻസ്റ്റ റീൽസിനുവേണ്ടിയുള്ള ഒരു മിനിറ്റ് വിഡിയോയാണെങ്കിലും യുട്യൂബ് ചാനലിലേക്കുള്ള വിഡിയോയാണെങ്കിലും അതിനുള്ള പ്രയത്നം ചില്ലറയല്ല. ഒരു മിനിറ്റ് വിഡിയോ കണ്ടു തീർക്കാനെളുപ്പമാണെങ്കിലും അതിനു പിന്നിൽ കഠിനാധ്വാനം ചെയ്യുന്ന വലിയൊരു ടീമുണ്ട്. ആശയങ്ങൾ പരസ്പരം ചർച്ചചെയ്താണ് തീമും ഫോട്ടോസുമെല്ലാം സെറ്റ് ചെയ്യുന്നത്. സുനിത ചേച്ചി കൊറിയോഗ്രാഫറും ഗ്രൂമറുമൊക്കെയായതുകൊണ്ട് ഇക്കാര്യത്തിൽ നല്ല ഐഡിയയുണ്ട്. എന്റെ ആശയങ്ങൾ ഞാനും ഷെയർ ചെയ്യും. ഡാൻസ് സ്കൂളിലെ കുട്ടികളും അവരുടെ ഐഡിയ പങ്കുവയ്ക്കും. പാട്ട് തീരുമാനിച്ചു കഴിഞ്ഞാൽ ഇൻഡോറാണോ ഔട്ട്ഡോർ ആണോ, ഏത് കോസ്റ്റ്യൂം വേണം എന്നൊക്കെ തീരുമാനിക്കും. ഇൻഡോർ ആണെങ്കിൽ ഡാൻസ് സ്കൂളിലെ ഫ്ലോറിൽത്തന്നെ ഒരുക്കങ്ങൾ നടത്തും. ഒരു മുഴുനീള വിഡിയോ എടുക്കുന്നതിന്റെ അധ്വാനം തന്നെ റീൽസിനും വേണം. പ്രാക്ടീസ്, ട്രയൽസ്, ടേക്ക്സ് അങ്ങനെ കുറേ പരിശ്രമങ്ങൾക്ക് ശേഷമാണ് പല കുഞ്ഞൻ വിഡിയോസിന്റെയും പിറവി. പക്ഷേ ചിലയാളുകൾ കരുതുന്നത് റീൽസ് ഷൂട്ട് ചെയ്യാനും ഔട്ട് ഇറക്കാനുമൊക്കെ വളരെയെളുപ്പമാണെന്നാണ്. അങ്ങനെ കരുതി വന്ന് ഷൂട്ടിനിടയിൽ വെള്ളംകുടിച്ചുപോയ പലരുമുണ്ട്. ഞങ്ങളുടെ കാര്യം പറയുകയാണെങ്കിൽ ചില ദിവസങ്ങളിൽ കുറച്ച് വിഡിയോസ് എടുത്തു വയ്ക്കും. ക്യാമറയിലും ഐഫോണിലും ഷൂട്ട് ചെയ്യാറുണ്ട്. ബീച്ച് വിഡിയോസും മറ്റും പ്രഫഷനൽ ക്യാമറ വച്ചാണ് ഷൂട്ട് ചെയ്യുന്നത്. ഞങ്ങൾക്ക് വിഡിയോ ഷൂട്ട് ചെയ്യാൻ ഒരു ക്യാമറ ടീം ഉണ്ട്. ബീച്ച് വിഡിയോസ് പോലെയുള്ളവ പ്രൊഫഷണൽ ക്യാമറയിലെടുത്തു തരുന്നത് ജിലേഷ്, ജിതിന്‍, ചാർലി എന്നിവരാണ്. ജൈനികയിലെ ഇൻസ്ട്രക്ടറും ബോളിവുഡ് ഡാൻസിന്റെ കൊറിയോഗ്രാഫറുമായ സാംസണാണ് റീൽസ് വിഡിയോസ് എടുത്തു നൽകുന്നത്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും യുട്യൂബ് ഷോട്‌സിലും വിഡിയോസ് അപ്‌ലോഡ് ചെയ്യാറുണ്ട്.

 

∙ റിലീസ് ആകാനുള്ളത് മൂന്നു ചിത്രങ്ങൾ

 

നിശ്ശബ്ദം എന്ന ചിത്രമാണ് എന്റേതായി ഏറ്റവും ഒടുവിൽ ഒടിടിയിൽ റിലീസ് ചെയ്തത്. മീരാജാസ്മിനെ നായികയാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രം ചിത്രം, ജീന്തോൾ എന്ന ഫെസ്റ്റിവൽ ചിത്രം, ജോജുജോസഫിനെ നായകനാക്കി എ.കെ. സാജൻ സംവിധാനം ചെയ്യുന്ന പുലിമട എന്ന ചിത്രം എന്നിവയാണ് ഇനി റിലീസ് ആകാനുള്ളത്.

 

English Summary : Actress Krishna Prabha on negative comments in social media

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com