ബെംഗളൂരുവിലെ ഇന്റേൺഷിപ് ദിനങ്ങൾ വിവരിച്ച് പെർപ്ലെക്സിറ്റി സിഇഒ; കറങ്ങാൻ പോകാത്തതിന് പിന്നിൽ ഒരേ ഒരു കാരണം!

Mail This Article
സെറോധ സ്ഥാപകൻ നിഖിൽ കാമത്തിന്റെ ദ് ഡബ്ല്യുടിഎഫ് ഈസ്?' എന്ന പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ പതിപ്പിൽ അതിഥിയായി എത്തിയത് പെർപ്ലെക്സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസാണ്. ചെന്നൈയിലെ ഐഐടി ദിനങ്ങൾ, എഐ, മെഷീൻ ലേണിങ് എന്നിവയിലുള്ള താൽപ്പര്യം, ബെംഗളൂരുവിലെ ഇന്റേൺഷിപ്പ് ദിനങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് പെർപ്ലെക്സിറ്റി എഐയുടെ ഇന്ത്യക്കാരനായ സിഇഒ നിഖിൽ കാമത്തിന്റെ പോഡ്‌കാസ്റ്റിൽ സംസാരിച്ചു.
ബെംഗളൂരുവിലെ മൂന്ന് ആഴ്ചത്തെ ഇന്റേൺഷിപ്പിനെക്കുറിച്ച് സംസാരിക്കുമ്പോൾ, നഗരം ചുറ്റിക്കാണുന്നതിനേക്കാൾ ജോലിക്ക് മുൻഗണന നൽകിയതിനാൽ കോറമംഗല അപ്പാർട്ട്മെന്റിലാണ് താൻ പ്രധാനമായും സമയം ചെലവഴിച്ചതെന്ന് പെർപ്ലെക്സിറ്റി സിഇഒ പറഞ്ഞു. ബെംഗളൂരുവിലെ താമസത്തിനിടയിൽവളരെ കുറച്ച് മാത്രമേ പുറത്തുപോയിരുന്നുള്ളൂവെന്നും ശ്രീനിവാസ് പറയുന്നു.
അധികം പര്യവേഷണത്തിന് പോകാത്തതിന് പിന്നിലെ ഒരു പ്രധാന കാരണം നഗരത്തിലെ ഗതാഗതക്കുരുക്കാണെന്നും, ഗതാഗത സൗകര്യങ്ങളുടെ അസൗകര്യം കാരണം വീട്ടിലിരുന്ന് ജോലി ചെയ്യുന്നതായിരുന്നു അന്നത്തെ നല്ല തീരുമാനമെന്നും അരവിന്ദ് പറയുന്നു. ഒരു കഗ്ഗിൾ മത്സരത്തിൽ പങ്കെടുത്തപ്പോഴാണ് എഐയുടെ ലോകത്തെക്കുറിച്ച് അഭിനിവേശം വർദ്ധിച്ചതെന്നും അരവിന്ദ് ശ്രീനിവാസ് വിശദീകരിച്ചു.
ഓപ്പൺ എഐയിലെ മുൻ ഗവേഷകനും, ഐഐടി മദ്രാസ് ബിരുദധാരിയുമായ അരവിന്ദ് ശ്രീനിവാസ് 2022 ലാണ് പെർപ്ലെക്സിറ്റി എ.ഐ സ്ഥാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ടെക് ലോകത്ത് ശ്രദ്ധിക്കപ്പെടുന്ന കമ്പനിയായ പെർപ്ലെക്സിറ്റി എഐ ടിക് ടോക്കിന്റെ അമേരിക്കൻ ബിസിനസ്സ് ഏറ്റെടുക്കാൻ താല്പര്യം അറിയിച്ചിട്ടുണ്ട്. ജെഫ് ബെസോസ് പോലുള്ള നിക്ഷേപകരുടെ പിന്തുണയുള്ള ഒരു ബില്യൺ ഡോളർ മൂല്യമുള്ള എഐ കമ്പനിയാണ് പെർപ്ലെക്സിറ്റി എഐ.