തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈ നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളമാണ് ചെന്നൈ വിമാനത്താവളം. നഗരമധ്യത്തിൽ നിന്ന് 20 കിലോമീറ്റർ അകലെ തിരുസുലത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ അഞ്ചാമത്തെയും അന്താരാഷ്ട്ര ട്രാഫിക്കിൽ മൂന്നാമത്തേതുമാണ് ഈ വിമാനത്താവളം. 2018-ൽ ഏഷ്യയിലെ ഏറ്റവും തിരക്കേറിയ 49-ാമത്തെ വിമാനത്താവളം കൂടിയായിരുന്നു ഇത്. 2018-ലെ ഏറ്റവും മികച്ച 50 പട്ടികയിൽ ഉള്ള ഇന്ത്യയിലെ നാലു പ്രധാന വിമാനത്താവളങ്ങളിൽ ഒന്നായി ഇത് മാറി. 2022-23 സാമ്പത്തിക വർഷത്തിൽ 18 ദശലക്ഷത്തിലധികം യാത്രക്കാരാണ് വിമാനത്താവളം കൈകാര്യം ചെയ്തത്.