കാടും മഞ്ഞും മനോഹര കാഴ്ച്ചകളും കണ്ട് ഊട്ടിയിലേക്ക് ട്രിപ്പടിക്കാൻ ഒരു റൂട്ട്
Mail This Article
കോയമ്പത്തൂർ, മേട്ടുപ്പാളയം, കൂനൂർ വഴി ഊട്ടി എന്ന സ്ഥിരം റൂട്ട് ഒന്നു മാറ്റിപ്പിടിക്കാം. കാടും മഞ്ഞും കാഴ്ചകളും നിറഞ്ഞ പുതിയൊരു പാത... മണ്ണാർക്കാട്– മുള്ളി– മഞ്ഞൂർ– ഊട്ടി. കൂനൂരിനെക്കാൾ മനോഹരമായ കാഴ്ചകളുള്ള മലമ്പ്രദേശത്തുകൂടി ഊട്ടിയിലേക്കൊരു റോഡുണ്ട്. മഞ്ഞണിഞ്ഞ ഊര് എന്നു മലയാളത്തിൽ പറയാവുന്ന ‘മഞ്ഞൂർ'പ്രകൃതിഭംഗി കണ്ടു കൊണ്ടു ഡ്രൈവ് ചെയ്യാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. മുള്ളി – മഞ്ഞൂർ റോഡിലൂടെ യാത്ര ചെയ്യുന്നവർ എത്തിച്ചേരുന്നത് മഞ്ഞൂർ – ഊട്ടി റോഡിലാണ്.
പാലക്കാട് ജില്ലയില്‍ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നാണ് മുള്ളി ചെക്ക്പോസ്റ്റ് വരുന്നത്. പാലക്കാടിനേയും ഊട്ടിയെയും ബന്ധിപ്പിക്കുന്ന ചെക്ക്പോസ്റ്റ് ആണിത്. ഇതുവഴിയാണ് യാത്ര. മനോഹരമായ മലയോരക്കാഴ്ചകള്‍ കണ്ടുകൊണ്ട് ബൈക്കില്‍ യാത്ര ചെയ്യാന്‍ പറ്റിയ കിടുക്കന്‍ റോഡാണ് ഇത്. മണ്‍സൂണ്‍ സമയത്ത് അല്‍പ്പം ശ്രദ്ധിക്കണം എന്നു മാത്രം.
എപ്പോഴും മഞ്ഞിന്‍കണങ്ങള്‍ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന ഒരു ഹില്‍സ്റ്റേഷനാണ് മഞ്ഞൂര്‍. മുള്ളി ചെക്ക്പോസ്റ്റ് കടന്ന് 43 ഹെയര്‍പിന്‍ വളവുകളും താണ്ടി വേണം മഞ്ഞൂരില്‍ എത്താന്‍. അത്ര വീതിയില്ലാത്ത പാതയിലൂടെയാണ് കടന്നു പോകേണ്ടത്. ബൈക്കേഴ്സിന് ഏറെ പ്രിയപ്പെട്ട വഴിയാണ് ഇത്.
മഞ്ഞൂരില്‍ നിന്നും ബൈക്കോടിച്ചങ്ങനെ പോയി പതിനഞ്ചു മിനിറ്റ് കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന ഒരു പ്രദേശമുണ്ട്. ഇവിടെ നിന്നും നോക്കിയാല്‍ കാണുന്ന കോയമ്പത്തൂര്‍ ജില്ലയുടെ കാഴ്ച ഒരു ചിത്രം പോലെയാണ് അനുഭവപ്പെടുക.
മുള്ളിയില്‍ കേരളസംസ്ഥാന രൂപീകരണത്തിന്‍റെ സ്മാരകമായ മദ്രാസ് സ്റ്റേറ്റ് ബൌണ്ടറി കാണാം. അതും കഴിഞ്ഞ് അഗളിയിലേക്കുള്ള വഴിയിലേക്ക് വീണ്ടും യാത്ര തുടരുമ്പോള്‍ ഭവാനി നദിയുടെ മനോഹരമായ തടങ്ങളും കടന്നു പോകും. ഊട്ടിയും പാലക്കാടും തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരമാണ് മഞ്ഞൂര്‍-മുള്ളി-അഗളി റൂട്ടെങ്കിലും സാധാരണയായി അധികം ആളുകള്‍ ഈ വഴി തെരഞ്ഞെടുക്കാറില്ല. വഴിയില്‍ ആനകളെ കാണാന്‍ സാധ്യതയുണ്ട് എന്നതും വാഹനത്തിനു എന്തെങ്കിലും അപകടം പറ്റിയാല്‍ പെട്ടു പോകും എന്നതുമൊക്കെ കാരണങ്ങളാണ്. എന്നിരുന്നാലും അല്‍പ്പം സാഹസികമായ ഒരു ബൈക്ക് യാത്ര ചെയ്യണം എന്നു തോന്നുമ്പോള്‍ ഈ വഴി പരീക്ഷിക്കാവുന്നതാണ്. പോകുന്നതിനു മുന്നേ വാഹനം നന്നായി പരിശോധിച്ച് പ്രശ്നമൊന്നുമില്ല എന്ന് ഉറപ്പാക്കിയിട്ടു വേണം യാത്ര തുടങ്ങാന്‍ എന്നു മാത്രം.