കരസേനാ മേധാവിയുടെ വരെ പ്രശംസ നേടിയ പൊലീസുകാരൻ; അറിയാകഥകളുമായി നിങ്ങൾക്കൊപ്പം....

Mail This Article
കണ്ണൂരിലെത്തുമ്പോൾ മിക്കവരും പോയിട്ടുണ്ടാകും സെന്റ് ആഞ്ചലോ കോട്ടയിലേക്ക്. അറബിക്കടലോരത്ത് തലയുയർത്തിനിൽക്കുന്ന ചെറു കോട്ടയിലൂടെ ഒരു അലസഗമനം നടത്തി തിരിച്ചുപോരാറാണ് മിക്ക സഞ്ചാരികളുടെയും പതിവ്. അഞ്ഞൂറു വർഷത്തെ പഴക്കമുള്ള ഈ ചരിത്രസ്മാരകം പറയാതെ പറയുന്ന ചില കഥകളുണ്ട്. അക്കഥകളറിയണമെങ്കിൽ ഒരാളുടെ സഹായം നമുക്കു തേടണം. സെന്റ് ആഞ്ചലോ കോട്ടയെക്കുറിച്ച് പഠിച്ച ടൂറിസം പൊലീസ് ഗോകുലൻ സാറിന്റെ സഹായം. നമ്മുടെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത് കോട്ട കാണാനെത്തിയപ്പോൾ അദ്ദേഹത്തെ ഗൈഡ് ചെയ്ത് പ്രശംസയേറ്റു വാങ്ങിയിട്ടുണ്ട് ഗോകുലൻ.

നമ്മുടെ കരസേനാ മേധാവിയുടെ വരെ പ്രശംസയേറ്റുവാങ്ങിയ അദ്ദേഹം കോട്ടയെല്ലാം കൊണ്ടുനടന്നു കാണിച്ചുതരും. അപ്പോഴാണ് കോട്ടയിൽ നാം അതുവരെ ശ്രദ്ധിക്കാത്ത പ്രത്യേകതകൾ മനസ്സിലാവുക. 2010 ൽ മുഖ്യമന്ത്രിയുടെ ബെസ്റ്റ് ടൂറിസം പൊലീസ് ബഹുമതി ലഭിച്ച ഇദ്ദേഹത്തിന്റെ സഹായമുണ്ടെങ്കിൽ കോട്ടയുടെ ചരിത്രം നമുക്ക് കഥ കേൾക്കുന്നതുപോലെ അനുഭവിക്കാനാകും.
ഫ്രഞ്ച്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലെ പരിജ്ഞാനമുള്ളതുകൊണ്ട് വിദേശ-സ്വദേശ സഞ്ചാരികളെ ഒരുപോലെ ആകർഷിക്കാൻ ഇദ്ദേഹത്തിനാകുന്നു. കണ്ണൂർ ടൂറിസം പൊലീസ് എഎസ്ഐ
ഗോകുലൻ കെ.എം

ആദ്യം കവാടത്തിലെ വിവരങ്ങൾ

ആനകുത്തിത്തുറക്കാതിരിക്കാനാണ് ഗേറ്റിൽ പിടിപ്പിച്ചിരിക്കുന്ന മുള്ളുകൾ. അതെല്ലാവർക്കും മനസ്സിലാകും. എന്നാൽ ഗേറ്റിനു മുന്നിലെ മതിൽ എന്തുകൊണ്ടാണ് ഇത്ര ചേർത്തു നിർമിച്ചത്? ഗോകുലൻ സാറിന്റെ ചോദ്യം കേട്ടാൽ നമ്മൾ കണ്ണിൽക്കണ്ണിൽ നോക്കും. അന്നേരം അദ്ദേഹം നിറഞ്ഞ ചിരിയോടെ കാരണം പറയും. എത്ര മുള്ളുകൾ വാതിലിൽ പിടിപ്പിച്ചാലും ആനയുടെ കാലിൽ മരക്കവചം വച്ചുകൊടുത്താൽ ഈ ഗേറ്റ് ചവിട്ടിത്തുറക്കാം. എന്നാൽ ചവിട്ടുന്നതിനുമുൻപ് ആനയ്ക്ക് കുറച്ചുദൂരം പിന്നാക്കം പോകണം.എന്നാൽ ചേർത്തു നിർമിച്ച ആ മതിലുള്ളതുകൊണ്ട് പിന്നോട്ടുവരാനൊക്കില്ല. എന്തുവിധേനയും ചവിട്ടിത്തുറക്കാനും പറ്റില്ല. സായിപ്പിന്റെ ഈ കാഞ്ഞബുദ്ധിയാണ് ഈ ചെറുകോട്ടയെ കണ്ണൂരിലെ സൈനികത്താവളമാക്കിയത്.

നമ്മൾ അതിശയിച്ചുനിൽക്കുമ്പോൾ അദ്ദേഹം അടുത്ത സ്ഥലത്തേക്കു നടക്കും. കൂടെ നടന്നില്ലെങ്കിൽ ചരിത്രത്തുടിപ്പുകൾ നമുക്കു നഷ്ടമാകും. കോട്ടയുടെ അതിരിനപ്പുറം കടലാണ്. കടൽ നന്നായി ഇറങ്ങിപ്പോയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. എട്ടുവർഷം മുൻപ് വൻതിരകൾ വന്നാൽ കോട്ടയുടെ മതിലുകൾ നനയുമായിരുന്നു. എന്നാൽ ഇന്ന് കടലങ്ങു താഴെയായി.

കോട്ടയ്ക്കുള്ളിൽ പലതരം ജയിലുകളുണ്ടായിരുന്നു. ഇന്നിവിടെ എത്തുന്നവർക്ക് അത്തരം ചരിത്രം അറിയുകയില്ല. കുതിരലായം എന്ന് ഇപ്പോൾ അറിയപ്പെടുന്ന, യഥാർഥത്തിൽ സൈനികരുടെ താമസസ്ഥലമായിരുന്ന ആ ഗോപുരനാഴി കണ്ടിട്ടില്ലേ…? ഓ സൈനബ എന്ന പാട്ടിലൊക്കെ ഈ മനോഹരമായ ഇടനാഴിയുണ്ട്. അതു കഴിഞ്ഞാൽ മതിലിൽ ഒരു ചെറുഗുഹ കാണാം. ഇരുട്ടുകാരാഗൃഹമാണ് അത്. യുദ്ധത്തടവുകാരെ പാർപ്പിച്ചിരുന്നിടം.

ഇനി മറ്റൊരു ജയിൽ കാണാം. അതു ഭൂമിക്കടിയിലാണ്. കടലിലേക്കു തള്ളിനിൽക്കുന്ന കോട്ടഭാഗത്താണ് ആ ഭൂഗർഭജയിൽ. നാം കടലിന്റെ കാഴ്ച തേടി അതിനു മുകളിലൂടെ നടന്നിട്ടുണ്ടാകും. ഇനി നോക്കുക- അവിടെ ഒരാൾവട്ടത്തിലുള്ള ഒരു മാൻഹോൾ ഉണ്ട്. അതിലൂടെ മനുഷ്യരെ ഭൂഗർഭജയിലിലേക്ക് ഇടും. അതായത് ഇരുട്ടുനിറഞ്ഞ ഒരു കുഴിയിലേക്ക് അവർ വീഴും. ഇരുട്ടിനു പുറമേ വേലിയേറ്റ സമയത്ത് കടൽവെള്ളം കൂടി മനുഷ്യരെ ബുദ്ധിമുട്ടിക്കും. ഈ കുഴി ജയിലിലാണത്രെ കൊടുംകുറ്റവാളികളെ പാർപ്പിച്ചിരുന്നത്. അന്ന് നമ്മുടെ നാട്ടുകാരിൽ എത്രപേർ ആ കൊടുംകുറ്റവാളി ലിസ്റ്റിൽപെട്ട് ഇരുട്ടറയിൽ ജീവിതം തീർത്തിട്ടുണ്ടാകും…? ചരിത്രം അങ്ങനെ കടൽത്തിരകൾപോലെ അടിച്ചുകയറുന്നുണ്ടെങ്കിലും അവയെ നമ്മുടെ കാഴ്ചപ്പാടിൽനിന്ന് എണ്ണിത്തിട്ടപ്പെടുത്താൻ നമുക്കിന്നും ആയിട്ടില്ല.
കോട്ടയുടെ കുതിരലായം, മുപ്പത്താറായിരം വെടിയുണ്ടകൾ ഒളിപ്പിച്ചിരിക്കുന്ന സ്റ്റോർ, കേരളത്തിലെ ആദ്യ ആശുപത്രി എന്ന പറയപ്പെടുന്ന കെട്ടിടത്തിന്റെ സ്മാരകശിലകൾ എന്നിങ്ങനെ അത്യപൂർവമായ കാഴ്ചകളാണ് ഗോകുലൻ സാർ കാണിച്ചുതരുക. സെന്റ് ആഞ്ചലോയിൽ പോകുമ്പോൾ അദ്ദേഹത്തെ തീർച്ചയായും കാണണം. എന്നാലേ ഡച്ചുകാരും പോർച്ചുഗീസുകാരും ബ്രിട്ടിഷുകാരും വിളയാടിയിരുന്ന കോട്ടയെപ്പറ്റി മനസ്സിലാകൂ. നാട്ടുകാരോടുള്ള സായിപ്പിന്റെ ഭീകരത അറിയാനാകൂ… അറബിക്കടലിലേക്കു കണ്ണുനട്ടിരിക്കുന്ന ആ പീരങ്കികളായിരുന്നു ഇതിനെല്ലാം സാക്ഷികൾ. ഏതാണ്ട് ഒരു കിലോമീറ്റർ റേഞ്ചുള്ളവയായിരുന്നത്രേ അവ. ഈ റേഞ്ച് എങ്ങനെയായിരുന്നു പരീക്ഷിച്ചിരുന്നത് എന്നറിയാമോ? നമ്മുടെ നാട്ടുകാരെ പീരങ്കിമുഖത്തു വച്ചുകെട്ടി തീകൊളുത്തുമായിരുന്നത്രേ. ഗോകുലൻ സാറിനെപ്പോലെയൊരു അദ്ഭുതകാവൽക്കാരൻ പറഞ്ഞുതരാനുണ്ടെങ്കിൽ അത്തരം അറിയാച്ചരിത്രങ്ങൾ നമുക്കും മനസ്സിലാകും.
1505 ൽ ആണ് പോർച്ചുഗീസുകാർ ഈ കോട്ട നിർമിക്കുന്നത്. പിന്നീട് ഡച്ചുകാരും ബ്രിട്ടിഷുകാരും കോട്ട പിടിച്ചടക്കി സൈനിക കേന്ദ്രമാക്കി. കണ്ണൂർ നഗരകേന്ദ്രത്തിൽനിന്നു നാലു കിലോമീറ്റർ ദൂരമേ സെന്റ് ആഞ്ചലോ കോട്ടയിലേക്കുള്ളൂ.

ശ്രദ്ധിക്കാം : കോറോണ ഭീതിയെ തുടർന്ന് രാജ്യം മുഴുവനും ലോക്ഡൗൺ ആയതിനാൽ സെന്റ് ആഞ്ചലോ കോട്ടയും താൽക്കാലികമായി അടച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഗവൺമെന്റിന്റെ എല്ലാ നിർദേശങ്ങളും പാലിക്കാൻ ഒാരോത്തരും ശ്രദ്ധിക്കണം.