ADVERTISEMENT

വ്യത്യസ്തമായ കാഴ്ചകളും അതിനൊപ്പം തന്നെ വിശാലമായ മരുഭൂമിയുമാണ് ഒമാനിന്റെ സൗന്ദര്യം. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെയും തൃപ്തിപ്പെടുത്തും ഈ ഗൾഫ് രാജ്യം. 2017 ലെ ലോകസുന്ദരിയും നടിയും മോഡലുമായ മാനുഷി ചില്ലാർ ഒമാന്റെ സൗന്ദര്യം ആസ്വദിക്കുന്ന തിരക്കിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ താരം സമൂഹമാധ്യമങ്ങളിൽ പങ്കിട്ട ചിത്രങ്ങൾ പറയും തെക്കു പടിഞ്ഞാറൻ ഏഷ്യയിലെ ഈ അറബി രാജ്യം അതിഥികളെ എത്രമാത്രം ആനന്ദിപ്പിക്കുമെന്ന്. 

സൈക്ലിങ്, ബാഡ്മിന്റൺ പോലുള്ള വിനോദങ്ങളിൽ ഏർപ്പെടുന്ന ചിത്രങ്ങളും അതിനൊപ്പം തന്നെ പാരാഗ്ലൈഡിങ് ചെയ്യുന്ന ഫോട്ടോയും മാനുഷി ചില്ലാർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ചെറു കുറിപ്പുകൾ സഹിതമാണ് ഓരോ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരിക്കുന്നത്. പാരാഗ്ലൈഡിങ് ചെയ്യുന്ന ചിത്രങ്ങൾ മാത്രമല്ല, വിഡിയോയും മാനുഷി പങ്കുവച്ചിട്ടുണ്ട്. ''ഒരു പ്രഭാതം ആകാശത്തു ചെലവഴിച്ചു'' എന്ന അടികുറിപ്പോടെ പങ്കുവച്ച ഫോട്ടോകളിൽ താരം ആ യാത്ര വളരെയധികം ആസ്വദിക്കുന്നതായി കാണാം. ആകാശത്തുനിന്നുമുള്ള കാഴ്ചകളിൽ മരുഭൂമിയും മലമടക്കുകളും തടാകവുമൊക്കെ വ്യക്തമാണ്. 

കഴിഞ്ഞ മാസങ്ങളിൽ ഉദയ്പൂരും മാലദ്വീപിലുമൊക്കെ മാനുഷി സന്ദർശനം നടത്തിയിരുന്നു. കൂടാതെ കഴിഞ്ഞ ഒക്ടോബറിൽ ദുബായും സന്ദർശിച്ചിരുന്നു. ആ യാത്രയിൽ സ്കൈ ഡൈവിങ് നടത്തുന്ന ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. സാഹസിക വിനോദങ്ങളിൽ ഏർപ്പെടാൻ ഏറെ താല്പര്യം ഉണ്ടെന്നു വെളിവാക്കുന്നതാണ് മാനുഷി പങ്കുവെച്ച ഈ ചിത്രങ്ങൾ. 

വശീകരിക്കുന്ന കാഴ്ച

സഞ്ചാരികളെ വശീകരിക്കുന്ന ബീച്ചുകൾ, തലയുയർത്തി നിൽക്കുന്ന ഗിരിനിരകൾ, അനന്തമായി പരന്നുകിടക്കുന്ന മണൽ സാഗരം. മധുവിധു ആഘോഷിക്കാനെത്തുന്നവർക്കും സഞ്ചാരികൾക്കും  ഏറെ വ്യത്യസ്തവും വിശേഷപ്പെട്ടതുമായ കാഴ്ചകൾ ഒരുക്കി കാത്തിരിക്കുന്ന നാടാണ് ഒമാൻ. സാഹസികത ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തുന്ന നിരവധി വിനോദങ്ങൾ, വൈചിത്രം തുളുമ്പുന്ന ഭൂപ്രകൃതി, കൂടെ ചരിത്രം പറയുന്ന നിർമിതികൾ തുടങ്ങി അറബി നാടിന്റെ തനതായ എല്ലാ കാഴ്ചകളും സമ്മാനിക്കും ഈ ഗൾഫ് രാജ്യം.

രാജ്യത്തിന്റെ ഏറിയപങ്കും മരുഭൂമിയെങ്കിലും പച്ചപ്പു നിറഞ്ഞ മലനിരകളും കടലുമൊക്കെ ഒമാനിലെ കാഴ്ചകളെ കൂടുതൽ സുന്ദരമാക്കുന്നു. രാത്രികൾ മനോഹരമാക്കാൻ ഷാർഖിയ മണൽപ്പുറങ്ങളിലും ജബൽ ഷാംസിലെയും ജബൽ അൽ അഖദ്റിലെയും മലമുകളിൽ ക്യാമ്പു ചെയ്യാനുള്ള അവസരങ്ങളുണ്ട്. വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിക്കും മണൽപരപ്പുകളിലും മലമുകളിലുമുള്ള രാത്രി താമസവും.

കടൽക്കാഴ്ച

എത്ര കണ്ടാലും മതിവരാത്ത ഒന്നാണ് കടലിനെക്കുറിച്ചു ചോദിച്ചാൽ ഭൂരിപക്ഷം പേർക്കും പറയാനുണ്ടാകുക. തീരത്തു നിന്നുള്ള കടലും കടൽകാഴ്ചകളുമല്ലാതെ അടിത്തട്ടിലെ ആഴിയുടെ മനോഹാരിത കാണണമെങ്കിൽ അതിനും അവസരമുണ്ട് ഒമാനിൽ. സ്കൂബ ഡൈവിങ്, സ്‌നോർക്കലിങ്, കയാക്കിങ്, സർഫിങ് പോലുള്ള ജലകേളികൾ ആസ്വദിക്കാം. മത്സ്യങ്ങളും പവിഴപ്പുറ്റുകളുമൊക്കെ നിറഞ്ഞ കടലിനടിയിലെ വിസ്മയങ്ങൾ ആവോളം നുകരാം.

English Summary: Manushi Chillar Shares beautiful pictures from Oman Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com