ഷൂട്ടിങ്ങും യാത്രയും; സ്കോട്ട്ലന്ഡിലെത്തി മുന്‍ ലോകസുന്ദരി
Mail This Article
പാട്ടും ഡാന്‍സുമായി സ്കോട്ട്ലന്‍ഡില്‍ നിന്ന് അടിപൊളി ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചു മുന്‍ ലോകസുന്ദരി മാനുഷി ചില്ലര്‍. ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ എന്ന പുതിയ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നിന്നുള്ള യാത്രാ ദൃശ്യങ്ങളാണ് ഇവ. ടീമിനൊപ്പവും ഒറ്റയ്ക്കും ഉള്ള ചിത്രങ്ങള്‍ മാനുഷി പോസ്റ്റ് ചെയ്തിട്ടുണ്ട്.
യുകെയിലെ ഗ്ലാസ്ഗോയില്‍ നിന്നുള്ള ഒട്ടേറെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ മാനുഷി പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യത്തെ പോസ്റ്റില്‍ ഉള്ള ചിത്രങ്ങളില്‍ ഗ്ലാസ്ഗോയിലെ പുരാതനമായ കെട്ടിടങ്ങള്‍ക്ക് മുന്നില്‍ നിന്നും പോസ് ചെയ്യുന്ന നടിയെ കാണാം. മൈനസ് ആറു ഡിഗ്രിയില്‍ രാത്രി ഷൂട്ടിനിടെ എടുത്ത ചിത്രമാണ് മറ്റൊന്ന്.
അക്ഷയ് കുമാറും ടൈഗർ ഷ്രോഫും ആണ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലി അബ്ബാസ് സഫറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാവിലെ സ്ട്രെച്ച് ചെയ്യുന്ന ചിത്രത്തില്‍, ഗ്ലാസ്ഗോയുടെ മനോഹരമായ പശ്ചാത്തല ദൃശ്യം കാണാം.
സ്കോട്ട്ലൻഡിലെ ഏറ്റവും വലിയ നഗരവും, ഗ്രേറ്റ് ബ്രിട്ടനിലെ മൂന്നാമത്തെ വലിയ നഗരവുമാണ് ഗ്ലാസ്ഗോ. ക്ലൈഡ് നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഈ നഗരം ചരിത്രപരമായ കെട്ടിടങ്ങള്‍ക്കും സാംസ്കാരിക സമ്പന്നതയ്ക്കും പ്രസിദ്ധമാണ്. സ്കോട്ട്ലൻഡിലെ രണ്ടാമത്തെ പ്രശസ്തമായ വിദേശ വിനോദസഞ്ചാര കേന്ദ്രമാണ് ഗ്ലാസ്ഗോ. സ്കോട്ട്ലൻഡിന്‍റെ തലസ്ഥാനനഗരമായ എഡിൻബർഗില്‍ നിന്നുള്ള ചിത്രങ്ങളും മാനുഷി പോസ്റ്റ് ചെയ്തിട്ടുണ്ട്.
സ്കോട്ട്ലൻഡ് കിംഗ്ഡത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശക്തികേന്ദ്രങ്ങളിലൊന്നായിരുന്ന എഡിൻബർഗ് കാസിലിന് മുന്നില്‍ നിന്നാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. പഴയ പട്ടണത്തിന്‍റെ പടിഞ്ഞാറെ അറ്റത്തുള്ള റോയൽ മൈലിന് മുകളില്‍ സ്ഥിതി ചെയ്യുന്ന എഡിൻബർഗ് കാസിൽ നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഒരു കോട്ടയാണ്. വര്‍ഷംതോറും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.
ചരിത്രകാലം മുതല്‍ക്കേ, വൈദ്യശാസ്ത്രം, സ്കോട്ടിഷ് നിയമം, സാഹിത്യം, തത്ത്വചിന്ത, ശാസ്ത്രം, എഞ്ചിനീയറിംഗ് തുടങ്ങിയവയുടെയെല്ലാം കേന്ദ്രമാണ് എഡിൻബർഗ്. സ്കോട്ട്ലൻഡിലെ ബ്രിട്ടീഷ് രാജവാഴ്ചയുടെ ഔദ്യോഗിക വസതിയായ ഹോളിറൂഡ്ഹൗസ്, സെന്‍റ് ഗൈൽസ്, ഗ്രേഫ്രിയേഴ്സ്, കാനോംഗേറ്റ് പള്ളികൾ, 18/19 നൂറ്റാണ്ടുകളിൽ നിർമ്മിച്ച ജോർജിയൻ ന്യൂ ടൗൺ എന്നിവയും നാഷണൽ മ്യൂസിയം ഓഫ് സ്കോട്ട്ലൻഡ്, നാഷണൽ ലൈബ്രറി ഓഫ് സ്കോട്ട്ലൻഡ്, സ്കോട്ടിഷ് നാഷണൽ ഗാലറി തുടങ്ങിയ ദേശീയ സാംസ്കാരിക സ്ഥാപനങ്ങളും നഗരത്തിലെ പ്രധാന കാഴ്ചകളാണ്.
English Summary: Manushi Chhillar Shares beautiful pictures from Scotland