മൊബൈല്‍ നമ്പർ ആക്ടീവല്ലേ? അതിലെ യുപിഐ ഐഡികള്‍ റദ്ദാക്കും

Mail This Article
UPI ഐഡികള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനും വേണ്ട് ആക്ടീവല്ലാത്ത മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിച്ചിരുന്ന UPI ഐഡികള്‍ നിര്‍ത്തലാക്കുന്നു. വരുന്ന മാര്‍ച്ച് 31 നകം ഇത് നടപ്പാക്കണമെന്ന് ബാങ്കുകള്‍ക്ക് നാഷണല്‍ പേയ്മന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (NPCI) നിര്‍ദ്ദേശം നല്കി. പ്രവര്‍ത്തനരഹിതമായ മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിച്ച UPI ഐഡികള്‍ ഉപയോഗിച്ച് നിരവധി തട്ടിപ്പുകള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് നാഷണല്‍ പേയ്മന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ നടപടി.
ഡാറ്റാബേസ് പുതുക്കല്‍ ഇനി ആഴ്ച തോറും
ഡാറ്റാബേസ് നിരന്തരം പുതുക്കുന്നതു സംബന്ധിച്ച് നേരത്തെ പ്രായോഗിക പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇക്കാരണത്താല്‍ ആക്ടീവല്ലാത്ത മൊബൈല്‍ നമ്പര്‍ UPI ഐഡിയില്‍ നിന്ന് നീക്കം ചെയ്യുന്നതിന് സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ NPCI യുടെ പുതിയ ഉത്തരവ് അനുസരിച്ച് ഡാറ്റാബേസുകള്‍ ആഴ്ച തോറും പുതുക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ആക്ടീവല്ലാത്ത മൊബൈല്‍ നമ്പറുകള്‍ പെട്ടെന്ന് തിരിച്ചറിയാനും ആ നമ്പറുകളുമായി ബന്ധിപ്പിച്ച UPI ഐഡികള്‍ റദ്ദാക്കാനും കഴിയും. മൊബൈല്‍ നമ്പര്‍ റിവോക്കേഷന്‍ ലിസ്റ്റ് (MNRL), ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോം (DIP) എന്നിവയുടെ ഉപയോഗത്തിലൂടെ ഇക്കാര്യത്തില്‍ കൃത്യത പുലര്‍ത്താനുമാവും.

ഫോണ്‍ നമ്പര്‍ മാറിയാല്‍ എന്തുചെയ്യും
ഒഴിവാക്കിയ മൊബൈല്‍ നമ്പറുകള്‍ ദീര്‍ഘകാലത്തേക്ക് പ്രവര്‍ത്തന രഹിതമായി നില്‍ക്കുകയും അതിനാല്‍ തന്നെ ടെലികോം സേവന ദാതാക്കള്‍ ഇത്തരം കണക്ഷനുകള്‍ വിച്ഛേദിക്കുകയും ചെയ്യും. ഈ നമ്പറുകള്‍ പിന്നീട് പുതിയ വരിക്കാര്‍ക്ക് നല്‍കും. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ (DoT) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഒരാള്‍ ഉപയോഗിച്ചിരുന്ന നമ്പര്‍ റദ്ദാക്കിയാലും മറ്റൊരാള്‍ക്ക് നല്‍കുന്നതിന് മുമ്പ് 90 ദിവസത്തെ ഇടവേള നിര്‍ബന്ധമാണ്. എന്നിരുന്നാലും, പലരും ബാങ്ക് അക്കൗണ്ടുകളും UPI ഐഡികളും ഉള്‍പ്പെടെ അവരുടെ മൊബൈല്‍ നമ്പര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതില്‍ കാര്യമായ ശ്രദ്ധ നല്‍കാറില്ല. അതുകൊണ്ടു തന്നെ UPI ഐഡികള്‍ ഉപയോഗിച്ചുള്ള തട്ടിപ്പിന് സാദ്ധ്യത കൂട്ടുകയും ചെയ്യും.
മൊബൈല്‍ നമ്പറുകള്‍ വീണ്ടും വിതരണം ചെയ്യുമ്പോള്‍ 'ഐഡന്റിറ്റി / പ്രൊഫൈല്‍ ഏറ്റെടുക്കലിലുള്ള അപകടസാധ്യത ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) എടുത്തുപറയുന്നുണ്ട്. കാലഹരണപ്പെട്ടതോ തെറ്റായതോ ആയ മാപ്പിംഗുകളിലൂടെ തെറ്റായ സന്ദേശങ്ങള്‍ സൃഷ്ടിക്കാനുംസുരക്ഷാ ലംഘനങ്ങള്ക്കുംകാരണമാകും.
പരിഹാരം എന്താണ്?
നേരത്തെ പറഞ്ഞ അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനായി, UPI നമ്പറുകള്‍ ഫീഡ് ചെയ്യുമ്പോഴോ പോര്‍ട്ട് ചെയ്യുമ്പോഴോ ഉപയോക്താക്കളുടെ വ്യക്തമായ സമ്മതം ആവശ്യമാണെന്ന നിര്‍ദ്ദേശം NPCI അവതരിപ്പിച്ചിട്ടുണ്ട്. അതായത്, ഒരു മൊബൈല്‍ നമ്പര്‍ UPI ഐഡിയിലേക്ക് ലിങ്ക് ചെയ്യുന്നതിനോ അപ്ഡേറ്റ് ചെയ്യുന്നതിനോ മുമ്പ് UPI ആപ്പുകള്‍ ഉപയോക്താക്കളില്‍ നിന്ന് വ്യക്തമായ സമ്മതം തേടേണ്ടി വരും. ഇതിലൂടെ, ഉപയോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക വിവരങ്ങളുടെ മേല്‍ കൂടുതല്‍ നിയന്ത്രണം നല്‍കുകയും UPI ഐഡന്റിറ്റികളുടെ കൃത്യമായ മാപ്പിങ് ഉറപ്പാക്കുകയും ചെയ്യുന്നു.
കൂടാതെ, പേയ്മെന്റ് സര്‍വീസ് പ്രൊവൈഡര്‍മാരും (PSP) ബാങ്കുകളും, ഉപയോക്താക്കളുടെ അപ്ഡേറ്റ് ചെയ്ത രേഖകള്‍ സൂക്ഷിക്കുകയും മാറ്റങ്ങള്‍ പതിവായി പരിശോധിച്ച് അറിയിക്കണമെന്ന് NPCI പറയുന്നു. നിലവിലെ രീതികളില്‍ SMS, ഇമെയില്‍ അല്ലെങ്കില്‍ ആപ്പ് അറിയിപ്പുകള് വഴി ആവശ്യമായ വിവരങ്ങള്‍ ഉപഭോക്താക്കളെ അറിയിക്കുന്ന ക്രമം ഉള്‍പ്പെടുന്നുണ്ട്. ആഴ്ച തോറും ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്യുന്നത്, ഈ പ്രക്രിയ ലളിതമാക്കുകയും കൂടുതല്‍ കൃത്യത ഉറപ്പാക്കുകയും ചെയ്യും.