ഡാവിഞ്ചി വരച്ച അജ്ഞാത ഭൂഗർഭ ടണലുകൾ യഥാർഥത്തിലുണ്ടെന്ന് ഗവേഷകർ

Mail This Article
ഡാവിഞ്ചി വരച്ച അജ്ഞാത ഭൂഗർഭ ടണലുകൾ യഥാർഥത്തിലുണ്ടെന്ന് ഗവേഷകർ. ഇറ്റലിയിലെ മിലാനിലുള്ള സ്‌ഫോർസ കോട്ടയ്ക്കു താഴ്ഭാഗത്തായി ഇവ കണ്ടെത്തി. ഇനിയും ഇത്തരം ടണലുകൾ കണ്ടെത്താനുണ്ടെന്നു ഗവേഷകർ പറഞ്ഞു. പതിനാലാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിലാണു സ്‌ഫോർസ കോട്ടയുടെ നിർമാണം തുടങ്ങിയത്. ഇന്ന് കോട്ടയുടെ ആറിലൊന്നു ഭാഗമാണു നിലനിൽക്കുന്നത്. ബാക്കിയെല്ലാം നശിച്ചു. 1495ൽ മിലാനിലെ പ്രഭു ലിയണാഡോ ഡാവിഞ്ചിയെയും മറ്റു ചില കലാകാരൻമാരെയും കോട്ടയുടെ ഭിത്തികളും സീലിങ്ങുകളുമൊക്കെ ചിത്രങ്ങൾ വരച്ചു മോടി പിടിപ്പിക്കാനായി നിയോഗിച്ചിരുന്നു. അക്കാലത്താണു ഭൂഗർഭ തുരങ്കങ്ങളുടെ ചിത്രം ഡാവിഞ്ചി വരച്ചതെന്നാണു കരുതപ്പെടുന്നത്.
വിശ്വപ്രസിദ്ധ ബഹുമുഖപ്രതിഭകളിൽ പ്രധാനിയാണ് ലിയണാഡോ ഡാവിഞ്ചി. മൊണാലിസ, ലാസ്റ്റ് സപ്പർ തുടങ്ങിയ ലോകപ്രശസ്ത പെയിന്റിങ്ങുകളുടെ സ്രാഷ്ടാവ്. ഒരേസമയം കലാകാരനും ശാസ്ത്രജ്ഞനും എൻജിനീയറും ചിന്തകനുമായിരുന്നു ഡാവിഞ്ചി. മൊണാലിസ, ലാസ്റ്റ് സപ്പർ തുടങ്ങിയ വിശ്വപ്രസിദ്ധ പെയ്ന്റിങ്ങുകളിലൂടെയാണു ഡാവിഞ്ചി ഏറെ പ്രശസ്തനെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭ ചിത്രകാരനെന്നതിനപ്പുറമായിരുന്നു. മനുഷ്യ ശരീര ഘടനയെക്കുറിച്ചും പിൽക്കാലത്ത് മനുഷ്യരാശി യാഥാർഥ്യമാക്കിയ ബൈസിക്കിൾ, ഹെലിക്കോപ്റ്ററുകൾ, ടാങ്കുകൾ, വിമാനങ്ങൾ തുടങ്ങിയവയക്കുറിച്ചുമെല്ലാമുള്ള ആദിമകാല സ്‌കെച്ചുകൾ അദ്ദേഹത്തിന്റെ വിരലുകളിൽ പിറന്നു. അപാരമായ ബുദ്ധിശക്തിയും മാനസികശേഷിയും ഒത്തിണങ്ങളിയ ഡാവിഞ്ചി നവോത്ഥാന ശിൽപികളിലും പ്രമുഖനായിരുന്നു.
ഭൂഗുരുത്വബലം കണ്ടെത്തിയ ആളായി പറയപ്പെടുന്നത് വിഖ്യാത ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടനെയാണ്. എന്നാൽ ന്യൂട്ടനും മുൻപ് തന്നെ ഡാവിഞ്ചി ഭൂഗുരുത്വബലം മനസ്സിലാക്കിയെന്ന് ഇടയ്ക്ക് ഗവേഷണമുണ്ടായിരുന്നു. ഒരു കുടത്തിൽ നിന്നു മണൽത്തരികൾ താഴേക്കിട്ടുള്ള ഗവേഷണത്തെക്കുറിച്ച് ഡാവിഞ്ചി വരച്ച സ്‌കെച്ചുകളാണ് ഗവേഷണത്തിന് ആധാരം. കോഡക്‌സ് അരുൻ്‌ഡ്രേൽ എന്ന ഡാവിഞ്ചിയുടെ കയ്യെഴുത്തു പുസ്തകത്തിലാണ് സ്‌കെച്ചുകൾ. ഗവേഷണത്തിന്റെ ആദ്യഘട്ടത്തിൽ മണൽത്തരികൾ താഴേക്കു വീഴുന്നതിന്റെ ചലനങ്ങൾ ഡാവിഞ്ചി അടയാളപ്പെടുത്തി വയ്ക്കുകയും ഇതിനു പിന്നിലെ പ്രേരകശക്തിയെക്കുറിച്ച് അദ്ഭുതപ്പെടുകയും ചെയ്‌തെന്ന് ഗവേഷണം നടത്തിയ വിദഗ്ധർ പറയുന്നു. എന്നാൽ ഇതെക്കുറിച്ച് ഒരു ഫോർമുല രൂപീകരിക്കാനുള്ള ശ്രമങ്ങൾ ഫലവത്തായില്ല. ഒടുവിൽ ഡാവിഞ്ചി ആ ശ്രമം ഉപേക്ഷിച്ചെന്ന് വിദഗ്ധർ പറയുന്നു.
പതിനഞ്ചാം നൂറ്റാണ്ടിൽ ഇറ്റലിയിലെ ടസ്‌കൻ പട്ടണത്തിൽ സെർപിയറോ ഡാവിഞ്ചിയുടെയും കാറ്ററീന എന്ന പതിനഞ്ചുകാരിയായ അനാഥയുടെയും മകനായി ജനിച്ച ലിയണാഡോ അഞ്ചാം വയസ്സിൽ ഇറ്റലിയിൽ തന്നെയുള്ള വിൻസി പട്ടണത്തിലേക്കു താമസം മാറ്റി. 1519 മേയ് രണ്ടിന്, തന്റെ 67ാം വയസ്സിൽ അന്തരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ മൃതശരീരം, ഡാവിഞ്ചി അവസാനകാലത്തു ജീവിച്ചിരുന്ന ഫ്രാൻസിലെ ലൂർ താഴ്വരയിലുള്ള സെയിന്റ് ഫ്‌ലോറന്റീൻ ചാപ്പലിലെ സെമിത്തേരിയിൽ അടക്കിയെന്നാണു കരുതപ്പെടുന്നത്.
ശതകോടീശ്വരൻ ബിൽഗേറ്റ്‌സിന്റെ ലൈബ്രറിയിലെ ഏറ്റവും മൂല്യമുള്ള ഗ്രന്ഥമാണ് കോഡക്‌സ് ലീസസ്റ്റർ. മൂന്നുകോടി യുഎസ് ഡോളറിലധികം വില നൽകിയാണ് ഈ പുസ്തകം അദ്ദേഹം സ്വന്തമാക്കിയത്.1506- 1510 കാലഘട്ടത്തിലാണ് ഇറ്റാലിയൻ ഭാഷയിലുള്ള ഈ ഗ്രന്ഥം ഡാവിഞ്ചി രചിച്ചത്. ഇറ്റലിയിലെ ഫ്‌ലോറൻസിലും മിലാനിലുമായി തന്റെ ജീവിതം അദ്ദേഹം ചെലവിട്ട നാളുകളിൽ. 4 ഭാഗങ്ങളായി 18 പേജു വീതം മൊത്തം 72 താളുകളുള്ള ഈ പുസ്തകത്തിൽ ഡാവിഞ്ചി തന്റെ ആശയങ്ങൾ കോറിയിട്ടു. അതിനൊപ്പം അതിന്റെ ചിത്രങ്ങളും സ്‌കെച്ചുകളും. ഡാവിഞ്ചി എഴുതിയ 30 കയ്യെഴുത്ത് പ്രതികൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതത്രേ കോഡക്‌സ് ലീസസ്റ്റർ.