പശുക്കളിൽ വീണ്ടും ചർമമുഴ രോഗം

Mail This Article
ചെറുപുഴ ∙ മലയോര മേഖലയിൽ ചർമമുഴ രോഗം വ്യാപകമാകുന്നു. മച്ചിയിൽ, ചെറുപുഴ ഭാഗങ്ങളിലെ പശുക്കൾക്കാണു ചർമമുഴ രോഗം വീണ്ടും കണ്ടെത്തിയത്. നേരത്തെ പഞ്ചായത്തിലെ മീന്തുള്ളി, പട്ടത്തുവയൽ ഭാഗങ്ങളിലെ കന്നുകാലികളിലും ചർമമുഴ രോഗം കണ്ടെത്തിയിരുന്നു. ഇതിൽ ഒരു പശുക്കിടാവ് രോഗബാധയെ തുടർന്നു ചത്തിരുന്നു. രോഗബാധ വ്യാപകമാകുമ്പോഴും മൃഗസംരക്ഷണ വകുപ്പിന്റെ ഭാഗത്തു നിന്നു കാര്യക്ഷമമായ ഇടപ്പെടലുകൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
രോഗം ബാധിച്ച കന്നുകാലികൾക്കു മൃഗസംരക്ഷണ വകുപ്പ് നൽകുന്ന പ്രതിരോധ മരുന്നുകൾ കാര്യക്ഷമമല്ലെന്നാണു ക്ഷീരകർഷകർ പറയുന്നത്. ഒട്ടുമിക്ക കർഷകരും രോഗം ബാധിച്ച കന്നുകാലികൾക്കു നൽകുന്നതു ഹോമിയോ മരുന്നുകളാണ്. ഇതു രോഗബാധയുള്ള കന്നുകാലികൾക്കു ഗുണം ചെയ്യുന്നതായി ക്ഷീരകർഷകർ പറയുന്നു. ഇതിനുപുറമേ ഹോമിയോ മരുന്നിനു പൊതുവെ വില കുറവുള്ളതു സാമ്പത്തികമായി പ്രതിസന്ധിയുള്ള ക്ഷീരകർഷകർക്ക് ആശ്വാസമാണ്.
ചർമമുഴ രോഗം ബാധിച്ച പശുക്കളുടെ ശരീരത്തിൽ മുഴ ഉണ്ടാകുകയും ക്രമേണ ഇവ വൃണമായി മാറുകയുമാണു ചെയ്യുന്നത്. പിന്നീട് പശുക്കൾ തീറ്റയും വെള്ളവും എടുക്കാതിരിക്കുകയും ആരോഗ്യം നശിക്കുകയും ചെയ്യുന്നു. ഏറെ താമസിക്കാതെ പാൽ ഉൽപാദനവും കുറയും. രോഗം വായുവിലൂടെയാണു പടരുന്നതെന്നു പറയുന്നു. മലയോര മേഖലയിലെ പശുക്കളിൽ ചർമമുഴ രോഗം വ്യാപമാകുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങൾ നടത്താത്ത അധികൃതർക്കെതിരെ വ്യാപക പ്രതിഷേധമാണു മലയോരത്ത് ഉയരുന്നത്.