ലഹരി മരുന്നുമായി 3 യുവാക്കൾ പിടിയിൽ

Mail This Article
കരുനാഗപ്പള്ളി ∙ സിപിഎം പ്രാദേശിക നേതാവിന്റെ മകൻ ഉൾപ്പെടെ 3 യുവാക്കളെ 2.9 ഗ്രാം എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. തൊടിയൂർ പുലിയൂർ വഞ്ചി ചന്ദ്രത്തറ വീട്ടിൽ എസ്. അർച്ചന്ദ് (21), ആലപ്പാട് അമൃതപുരി അമൃത ദർശനം 614ൽ ആർ.നാഥ് (21), കുലശേഖരപുരം കടത്തൂർ എച്ച്എസ് ഹൗസിൽ ഹാഫിസ് സജീർ (23) എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് കുലശേഖരപുരം പാലൂർക്കാവിൽ നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്തത്.
ലഹരി മരുന്ന് കണ്ടെടുത്തതോടെ അക്രമാസക്തനായ ഹാഫിസ് സജീർ പരിശോധനാ സംഘത്തിലെ ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്നും പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നിർദേശപ്രകാരം എസ്ഐ കണ്ണന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘത്തോടൊപ്പം കരുനാഗപ്പള്ളി പൊലീസും ചേർന്നു നടത്തിയ പരിശോധനയിലാണു അറസ്റ്റ്. കരുനാഗപ്പള്ളിയിലും പരിസരത്തുമുള്ള വിദ്യാർഥികൾക്കും മറ്റും വിൽപന നടത്താനായി എത്തിച്ചതാണ് ലഹരി മരുന്നെന്ന് പൊലീസ് പറഞ്ഞു.