കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം; പുതിയ കെട്ടിടത്തിലേക്ക് ആദ്യം മാറുക റെയിൽവേ ആശുപത്രി
Mail This Article
കോഴിക്കോട്∙ രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ആദ്യം പുതിയ കെട്ടിടത്തിലേക്കു മാറുക റെയിൽവേ ആശുപത്രി. ഇതിനായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ രൂപകൽപന അംഗീകാരത്തിന്റെ അവസാനഘട്ടത്തിലാണ്. നിലവിലുള്ള കെട്ടിടങ്ങളിൽ 90 ശതമാനവും പൊളിച്ചുമാറ്റി പുതിയവ നിർമിക്കുന്നതാണ് നവീകരണത്തിൽ പ്രധാനം. ഇതിനായി റെയിൽവേ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്.
ഇതിനോടു ചേർന്നാണ് റെയിൽവേ ആശുപത്രിയും ഇപ്പോൾ പ്രവർത്തിക്കുന്നത്. ആശുപത്രി മാറ്റണമെങ്കിൽ പുതിയ കെട്ടിടം നിർമിക്കേണ്ടതുണ്ട്. മറ്റു ഓഫിസുകൾ പുതിയ കെട്ടിടം നിർമിക്കും വരെ താൽക്കാലിക കെട്ടിടത്തിലേക്കാണ് മാറുന്നതെങ്കിൽ ആശുപത്രി അങ്ങനെ മാറ്റാനാവില്ലെന്നതിനാൽ അതിനായി പുതിയ കെട്ടിടം ആദ്യം പണി തീർക്കാനാണ് റെയിൽവേ തീരുമാനം. ഇതിനായി പുതിയ കെട്ടിടത്തിന്റെ രൂപരേഖ റെയിൽവേ അംഗീകരിച്ച് മദ്രാസ് ഐഐടിയുടെ അംഗീകാരത്തിന് അയച്ചിരിക്കുകയാണ്.
മുഴുവൻ കെട്ടിടങ്ങളുടെയും രൂപരേഖ റെയിൽവേയും ഐഐടിയും അംഗീകരിച്ച ശേഷമേ നിർമാണം ആരംഭിക്കാൻ കരാറുകാർക്ക് കൈമാറൂ. ഒന്നാം പ്ലാറ്റ്ഫോമിനോടു ചേർന്നു പ്രവർത്തിക്കുന്ന റിസർവേഷൻ ഓഫിസ് താൽക്കാലികമായി നാലാം പ്ലാറ്റ്ഫോമിലേക്ക് മാറാനിരിക്കുകയാണ്.
തുടർന്നായിരിക്കും ഒന്നാം പ്ലാറ്റ്ഫോമിലെ പഴയ കെട്ടിടങ്ങൾ പൊളിക്കാൻ ആരംഭിക്കുക. നവീകരണത്തിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങൾ വരുന്ന സ്ഥലങ്ങൾ സ്റ്റേഷൻ പരിസരത്ത് അടയാളപ്പെടുത്തിക്കഴിഞ്ഞു. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്ന 445.95 കോടി രൂപയുടെ വികസനപദ്ധതിയുടെ കരാർ സേലത്തെ റാങ്ക് പ്രോജക്ട്സ് ആൻഡ് ഡവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് നൽകിയത് 2023 നവംബർ 17ന് ആണ്.