സെക്കന്റുകൾ മാത്രം നീണ്ടുനിന്ന മിന്നൽ ചുഴലി: ഗുരുവായൂരിൽ വ്യാപക നാശം; വീണത് 20 വൈദ്യുത തൂണുകൾ
Mail This Article
ഗുരുവായൂർ ∙ എരുകുളം ബസാർ, നെന്മിനി, തൈക്കാട് മേഖലയിൽ ഇന്നലെ വൈകിട്ട് 3നു ശേഷം 4 കിലോമീറ്ററോളം ദൂരത്തിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നഷ്ടം. ഒട്ടേറെ വീടുകൾക്കും മതിലുകൾക്കും കേടു പറ്റി, ഓടുകളും ഷീറ്റുകളും പറന്നു പോയി. മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണു. മരം വീണും കാറ്റടിച്ചും 20 വൈദ്യുതി തൂണുകൾ നിലംപൊത്തി. ചാണാശ്ശേരി വാസുവിന്റെ തൊഴുത്ത് നിലംപൊത്തി, മതിൽ തകർന്നു. തരകൻ ജയ്സൺ, കരകെട്ടി ഷാമില, വലിയകത്ത് ഹംസ, എന്നിവരുടെ മതിലുകൾ തകർന്നു. കുഴിക്കാടത്ത് ഷീജയുടെ വിറകുപുരയും ചാണാശേരി മോഹനന്റെ വീട്ടുമുറ്റത്തെ ശുചിമുറിയും തകർന്നു. കൃഷ്ണപ്രിയ അപാർട്മെന്റിന്റെ മുകൾ നിലയിലെ ട്രെസ് ഷീറ്റ് മുഴുവൻ കേടുവന്നു.
കരുമത്തിൽ മുരളി, തെക്കേച്ചിറ ശശി, മുളംകൂടത്ത് ഉണ്ണി, പയ്യപ്പാട്ട് ജയൻ, പല്ലത്ത് സുരേഷ്, പാറാം തൊടിയിൽ നാരായണൻ, രാമനത്ത് ജബ്ബാർ, രാമനത്ത് ഷെരീഫ, മൂക്കത്തയിൽ അൻസാർ, കാണംകോട്ട് പ്രസന്ന എന്നിവരുടെ വീടുകളിലെ ഓടുകളും ഷീറ്റുകളും പറന്നു പോയി. മരം വീണ് മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാ സേനയും കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും ചേർന്നു മരങ്ങൾ മുറിച്ചു മാറ്റി. നഗരസഭ ആരോഗ്യ വിഭാഗവും ആർആർടി വൊളന്റിയർമാരും സഹായത്തിനെത്തി.
കൃഷി നശിച്ചു
ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിൽ മേഖലയിൽ വ്യാപക നാശനഷ്ടം. കോവിലകത്തുകുന്നിൽ മാനാത്ത് സിജിമോന്റെ നൂറ്റി ഇരുപതോളം വാഴകളും കളപ്പുരയ്ക്കൽ പ്രേമദാസിന്റെ 10 ജാതിമരങ്ങളും 30 വാഴകളും വൈപ്പൻകാട്ടിൽ ഔറംഗസീബിന്റെ 50 വാഴകളും നിലംപൊത്തി. കുലച്ചവാഴകളാണ് ഭൂരിഭാഗവും. പിണ്ടാണി നടുമുറി സരളയുടെ വീട്ടുപറമ്പിൽ നിന്നിരുന്ന നെല്ലിമരം വൈദ്യുത കമ്പിയിലേക്കു വീണു.
മിന്നൽ ചുഴലി
ചാമക്കാലയിൽ മിന്നൽ ചുഴലി. 2 വീടുകൾ ഭാഗികമായി തകർന്നു. നിരവധി മരങ്ങൾ കടപുഴകി വീണു. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് ചാമക്കാലയിൽ ചുഴലികാറ്റ് ആഞ്ഞടിച്ചത്. സെക്കന്റുകൾ മാത്രം നീണ്ടു നിന്ന ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങൾ ഉണ്ടായി.മരങ്ങൾ വീണ് വൈദ്യുതി ലൈൻകമ്പി പൊട്ടിവീണ നിലയിലാണ്. ചാമക്കാല പള്ളത്ത് ക്ഷേത്രത്തിനടുത്ത് തൊട്ടടുത്ത പറമ്പിലെ തേക്ക് മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. എടവഴിപ്പുറത്ത് വീട്ടിൽ മുത്തുവിന്റെ ഓടിട്ട വീടിന് മുകളിലാണ് മരം വീണത്. തൊട്ടടുത്ത പള്ളത്ത് വീട്ടിൽ വിജയന്റെ ഓട് മേഞ്ഞ വീടിന് മുകളിലും അയിനി മരം വീണ് ഭാഗികമായി തകർന്നു.
പനയ്ക്കൽ ബാലകൃഷ്ണന്റെ മകൻ ഗിരിനാഥിന്റെ കാറിന് മുകളിൽ മരം വീണെങ്കിലും കേടുപാടുകൾ സംഭവിച്ചില്ല. വീടിന് മുന്നിൽ വെച്ചിരുന്ന വാട്ടർ ടാങ്ക് തകർന്നിട്ടുണ്ട്. പ്ലാവ് വീണ് പുറക്കുളം നാസറിന്റെ വീട്ട് പറമ്പിലെ ഷീറ്റ് മേഞ്ഞ ഷെഡും, ഇലഞ്ഞിമരം ഒടിഞ്ഞ് വീണ് കാളത്തേടത്ത് ഗോപിയുടെ ആട്ടിൻ കൂടിനും കേടുപാടുകൾ സംഭവിച്ചു. പലയിടത്തും മരങ്ങൾ വീണ് കിടക്കുന്ന നിലയിലാണ്.
ചാമക്കാല നാലും കൂടിയ സെന്ററിന് കിഴക്ക് തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു.എറികാട്ട് ഹരിയുടെ വീടിന് മുകളിലാണ് തെങ്ങ് വീണത്. സംഭവ സമയം വീട്ടുകാർ അകത്തുണ്ടായിരുന്നു വെങ്കിലും പരിക്കേൽകാതെ രക്ഷപ്പെട്ടു.