ശമ്പളം പോരാ, പാർട് ടൈമായി അശ്ലീല വെബ്‌സൈറ്റിൽ അധ്യാപികയുടെ നഗ്നതാപ്രദർശനം; പുറത്താക്കി സ്‌കൂൾ

Mail This Article
പാർട് ടൈമായി അശ്ലീല സമൂഹമാധ്യമ വെബ്‌സൈറ്റിൽ നഗ്നതാപ്രദർശനം നടത്തിയ സ്‌കൂൾ ടീച്ചറെ ഇറ്റലിയിലെ സ്‌കൂൾ താൽക്കാലികമായി പുറത്താക്കി. 29 വയസ്സുകാരിയായ എലേന മരാഗയാണു പുറത്താക്കൽ നടപടിക്കു ശേഷം ഇപ്പോൾ സ്‌കൂൾ അധികൃതരുടെ അന്വേഷണം നേരിടുന്നത്. എന്നാൽ ആരോപണം അംഗീകരിച്ച എലേന തനിക്കതിൽ വലിയ കുഴപ്പമൊന്നും തോന്നുന്നില്ലെന്നും പ്രതികരിച്ചു.
1200 യൂറോയാണ് (ഏകദേശം 1.1 ലക്ഷം രൂപ) തനിക്ക് മാസശമ്പളമായി സ്‌കൂളിൽ നിന്നു ലഭിച്ചിരുന്നതെന്നു എലേന പറഞ്ഞു. ഇത് തന്റെ ജീവിതച്ചെലവുകൾക്ക് തികയില്ലായിരുന്നു. എജ്യുക്കേഷനൽ സയൻസസിൽ ഡിഗ്രിയുള്ള എലേന 5 വർഷമായി നഴ്‌സറി സ്‌കൂൾ ടീച്ചറാണ്. തന്‌റെ സുഹൃത്തുക്കളിൽ പലരും ജോലിക്കുപുറമേ മറ്റു ഹോബികളിലും മറ്റും പ്രവർത്തിച്ച് പണമുണ്ടാക്കുന്നതു കണ്ടതാണ് എലേനയെ സ്‌കൂൾജോലിക്കൊപ്പം മറ്റൊരു ധനസമ്പാദനമാർഗം എന്ന ആശയത്തിനു പ്രചോദിപ്പിച്ചത്.
ലോകമെമ്പാടും തരംഗമായി മാറിയ സമൂഹമാധ്യമരീതിയിലുള്ള അശ്ലീല വെബ്‌സൈറ്റ് ഇതിനിടെയാണ് എലേനയുടെ ശ്രദ്ധയിൽപെട്ടത്. വെറുതെ ഒരു കൗതുകത്തിന് എലേന അതിൽ അക്കൗണ്ട് തുടങ്ങുകയായിരുന്നു. എന്നാൽ ആദ്യദിനങ്ങളിൽ തന്നെ ദിവസേന തന്‌റെ മാസശമ്പളത്തിനു തുല്യമായ തുക വേതനമായി കിട്ടാൻ തുടങ്ങിയതോടെ ഞെട്ടിപ്പോയെന്ന് എലേന പറയുന്നു. കുട്ടികളെ പഠിപ്പിക്കുന്നത് തനിക്കേറെയിഷ്ടമുള്ള കാര്യമാണെന്നും എന്നാൽ ഇത്രയും വരുമാനം കിട്ടിയതോടെ താൻ അശ്ലീല സമൂഹമാധ്യമത്തിൽ തുടരുകയാണെന്നും അവർ പറഞ്ഞു.
എലേന പഠിപ്പിക്കുന്ന കുട്ടികളിലൊരാളുടെ രക്ഷിതാവ് അശ്ലീല സമൂഹമാധ്യമത്തിൽ എലേനയുടെ ചിത്രങ്ങളും വിഡിയോയും കണ്ടതോടെയാണു രഹസ്യം പുറത്തായത്. അദ്ദേഹം മറ്റു രക്ഷിതാക്കളെ വിവരം അറിയിച്ചു. വാർത്ത പരന്നതോടെ എലേനയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തി. സംഭവം വിവാദമായതോടെ ഇറ്റലിയുടെ വിദ്യാഭ്യാസ മന്ത്രാലയം കർശന നിഷ്‌കർഷകൾ അധ്യാപകർക്കായി ഏർപ്പെടു്ത്താൻ തീരുമാനമെടുത്തിട്ടുണ്ട്. അധ്യാപകവൃത്തിയുടെ പാവനത കളയുന്ന നടപടികളിലേക്കൊന്നും അധ്യാപകർ കടക്കരുതെന്നാണ് മന്ത്രാലയത്തിന്‌റെ താക്കീത്.