ADVERTISEMENT

ദുബായ് ∙ 1987ല്‍, 21 വയസ്സുള്ള ജൂഡ്സൺ കൊച്ചിയിൽ നിന്ന് ഖത്തറിലേക്ക് വിമാനം കയറിയത് ജീവിതത്തിലെ പുതിയൊരു അധ്യായം തുറക്കാനായിരുന്നു. പത്താം ക്ലാസ് വരെ പഠിച്ച ആർക്കിടെക്ചറിൽ ഔപചാരിക പരിശീലനമില്ലാത്ത ജൂഡ്സൺ ഇന്ന് ജന്മസിദ്ധമായി ലഭിച്ച വര കൊണ്ട് ജീവിതവിജയം നേടിയിരിക്കുകയാണ്. 2024ൽ 58 വയസ്സിൽ, 100 ൽ അധികം ജീവനക്കാരുള്ള 'ജൂഡ്സൺ അസോസിയേറ്റ്സ്' എന്ന സ്ഥാപനത്തിന്റെ അമരക്കാരനാണ് ജൂഡ്സൺ.

∙ തുടക്കം ഖത്തറില്‍ നിന്ന്
പറയത്തക്ക വിദ്യാഭ്യാസമോ ജോലി പരിചയമോ ഇല്ലാതെ പ്രവാസിയായ ഒരാളുടെ അസാധാരണ വിജയകഥയാണ് ജൂഡ്സന്‍റേത്. പല ജോലികളും അന്വേഷിച്ച് നടക്കുന്നതിനിടെയാണ് ഖത്തർ ദോഹയിലെ റോഡരികിലുളള ഡിസൈനർ കമ്പനി ശ്രദ്ധയില്‍ പെടുന്നത്. നേരെ ചെന്ന് ജോലി ചോദിച്ചു. കൈമുതലായുളളയത് പത്താം ക്ലാസ് വിദ്യാഭ്യാസവും വരയും മാത്രമായിരുന്നു.

വാസ്തുപുരുഷനെ മനസ്സില്‍ ധ്യാനിച്ച് അസലൊരു വര വരച്ചു. അവിടെ ചുമതലയിലുണ്ടായിരുന്ന ഈജിപ്ഷ്യന്‍ ആർക്കിടെക്ട് മെദാത്ത് അന്നുമുതല്‍ ജൂഡ്സണെ കൂടെ കൂട്ടി. ആർക്കിടെക്ചറിലെ  അടിസ്ഥാന കാര്യങ്ങള്‍ പഠിക്കുന്നത് അവിടെ നിന്നാണ് അക്കാദമിക് പശ്ചാത്തലം ഇല്ലെങ്കിലും അക്കാലം വാസ്തുവിദ്യ പഠനത്തിന് അടിത്തറപാകി. 1993 വരെ ഖത്തർ പ്രവാസിയായിരുന്നു. പിന്നീട് കേരളത്തിലേക്ക് മടങ്ങി. ഹോം ഡിസൈനിങ്, പ്ലാനിങ്, എന്നിവയെല്ലാം കണക്കൊട്ടും തെറ്റാതെ പൂർണതയോടെ ചെയ്ത് നല്‍കുന്നു.

ചെറുപ്പം മുതല്‍ തന്നെ വരയ്ക്കാറുണ്ട്. 15–ാം വയസ്സില്‍ കൊച്ചി സെന്‍റ് ആന്‍റണി ലത്തീൻ  പളളി ഡിസൈന്‍ ചെയ്തിരുന്നു. എന്നാല്‍ ഉപജീവിനത്തിനായി വിവിധ തരത്തിലുളള ജോലികള്‍ ചെയ്തു. കെട്ടിടങ്ങളുടെ രൂപകല്‍പനകള്‍ ദൃശ്യവല്‍ക്കരിക്കുകയും കൈകൊണ്ട് വരച്ച സ്കെച്ചുകളുണ്ടാക്കുകയും ചെയ്തു. കേരളത്തില്‍ ചുവടുറപ്പിക്കാന്‍ 3ഡി ആർട്ടിടെക്ചറല്‍ ഡിസൈനിങ്ങില്‍ ഫ്രീലാന്‍സ് ചെയ്തുതുടങ്ങി.

1996-97 കാലഘട്ടത്തില്‍ 3ഡി മാക്സും ഓട്ടോകാർഡും സ്വയം പഠിച്ചു. ഇത് കൂടുതല്‍ ആത്മവിശ്വാസം നല്‍കി. സ്വന്തമായൊരു സ്ഥാപനമെന്ന സ്വപ്നം, ഇന്‍റീരിയർ ഡിസൈനിങ് കമ്പനി ജൂഡ്‌സൺ അസോസിയേറ്റ്‌സ്, തുടങ്ങി. അർപ്പണബോധവും കഠിനാധ്വാനവും സ്ഥാപനത്തെ വളർച്ചയിലേക്ക് നയിച്ചു. ഇന്ന് ദുബായിലും കേരളത്തിലുമായി 100 ലധികം ജീവനക്കാരുളള സ്ഥാപനമാണ് ജൂഡ്‌സൺ അസോസിയേറ്റ്‌സ്.

malayali-architecture-joden-life-story-dubai
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

∙ തലതിരിഞ്ഞ വര
കടലാസില്‍ നിന്നും കൈയ്യെടുക്കാതെ കെട്ടിടങ്ങളുടെയും നഗരദൃശ്യങ്ങളുടെയും രേഖാചിത്രങ്ങള്‍ ജൂഡ്സണ്‍ വരയ്ക്കും, തലകീഴായി. നേർക്കുനേർ ഇരുന്ന് സംസാരിക്കുമ്പോള്‍  മറുവശത്തിരിക്കുന്നവർക്ക് മനസിലാകുന്നതിനായാണ് തലകീഴായി വരയ്ക്കാന്‍ ആരംഭിച്ചത്. ഇതേ കുറിച്ച് ക്ലയന്‍റിലൊരാള്‍ ചോദിച്ചപ്പോഴാണ് അതേകുറിച്ച് മനസിലാക്കുന്നത്. ഏത് പ്ലാനും തലകീഴായി വരയ്ക്കും. വിവിധ രാജ്യങ്ങളിലായി നിരവധി വീടുകളും പളളികളും കെട്ടിടങ്ങളുമെല്ലാം രൂപകല്‍പന ചെയ്തിട്ടുണ്ട്.

ഒരു കെട്ടിടത്തിന്‍റെ ചിത്രം വരയ്ക്കാന്‍ അതിന്‍റെ ഫോട്ടോ പോലും ആവശ്യമില്ല. മനസില്‍ പതിഞ്ഞ ചിത്രം അതേ പടി കടലാസിലേക്ക് പകർത്തും. പളളിയോ, ഹോട്ടലോ, റിസോർട്ടോ, എന്തുതന്നെയായാലും നിമിഷങ്ങള്‍ക്കുളളില്‍ രേഖാചിത്രമായി കടലാസിലേക്ക് ജൂഡ്സണ്‍ പകർത്തും. ഒരിക്കല്‍  സ്ഥാപനത്തിന്‍റെ ആവശ്യത്തിനായി സൗദി അറേബ്യ സന്ദർശിച്ചു. വിമാനത്താവളത്തില്‍ വച്ച് ഉദ്യോഗസ്ഥർ ആല്‍ബം പരിശോധിച്ചു. വർക്കുകള്‍ ഇഷ്ടപ്പെട്ടതോടെ വിമാനത്താവളത്തിൽ നിന്ന് തന്നെ രണ്ട് വർക്ക് ഓർഡറുകളാണ് ജൂഡ്സണ് ലഭിച്ചത്. പിന്നീട് സൗദി അറേബ്യയില്‍ നിന്ന് നിരവധി വർക്കുകള്‍ ലഭിച്ചു.

∙ അച്ഛന്‍റെ പാതയില്‍ മക്കളും
2002 ലാണ് ദുബായിലെത്തുന്നത്. 3D ആനിമേഷൻ, ഗ്രാഫിക്സ് ഡിസൈനിങ് കമ്പനി തുടങ്ങി. ഇപ്പോള്‍ ദുബായില്‍ രണ്ട് ഇന്‍റീരിയർ ഡിസൈന്‍ കമ്പനികളും അമേരിക്കയില്‍ ഒരു കമ്പനിയുമുണ്ട്. രണ്ട് കുറവുകളാണ് ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ ജൂഡ്സണ് തോന്നിയത്. ഒന്ന് ഔപചാരികമായ വിദ്യാഭ്യാസം. മറ്റൊന്ന് ആർക്കിടെക്ചർ പഠനം. ആ രണ്ട് കുറവുകളും മക്കളിലൂടെ സാക്ഷാത്കരിച്ചു.

മൂത്തമകള്‍ ടാനിയ അച്ഛന്‍റെ വഴിയെ നടന്ന് ആർക്കിടെക്ട് ആയി. ദുബായിലെയും യുഎസിലെയും സ്ഥാപനത്തിന്‍റെ മേല്‍നോട്ടം ടാനിയ്ക്കാണ്. രണ്ടാമത്തെ മകള്‍ നീരജ എംബിഎ ബിരുദധാരിയാണ്. സ്ഥാപനങ്ങളുടെ അഡ്മിന്‍റെയും ബിസിനസ് വികസനത്തിന്‍റെയും ചുമതല നീരജയ്ക്കാണ്.

∙ പ്രവാസികളുടെ വീടെന്ന സ്വപ്നം
വീടുവയ്ക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ ജൂഡ്സനെ സമീപിക്കാറുണ്ട്. 20 വർഷത്തോളത്തിലധികമായി കേരളത്തില്‍ വലുതും ചെറുതുമായ നിരവധി വീടുകള്‍  കേരളത്തില്‍ ചെയ്തു നല്‍കി. കേരളത്തിലെ സ്ഥാപനത്തിലും 40 ലധികം ജീവനക്കാരുണ്ട്. കാസർകോട് മുതല്‍ തിരുവനന്തപുരം ഏത് ജില്ലയിലാണെങ്കിലും വീട് വയ്ക്കാന്‍ ജൂഡ്സന്‍റെ വര കൂട്ടുണ്ട്. നാട്ടില്‍ വീടുപണി നടക്കുമ്പോള്‍ മേല്‍നോട്ടം വഹിക്കാന്‍ ആരുമില്ലാത്ത പ്രവാസികള്‍ക്ക് വിളിപ്പാടകലെ ജൂഡ്സനുണ്ട്. വീടിനെ കുറിച്ചുളള സ്വപ്നങ്ങളും ആശങ്കകളുമെല്ലാം ധൈര്യമായി പങ്കുവയ്ക്കാം. മനസ്സിന് ഇണങ്ങിയ വീടൊരുങ്ങും വരെ അവരിലൊരാളായി താനുണ്ടാകുമെന്നുളളതാണ് ജൂഡ്സന്‍റെ ഉറപ്പ്.

∙ ബിസിനസുകാർ മുതല്‍ ഹരിശ്രീ അശോകന്‍ വരെ
പേസ് ഗ്രൂപ്പ് സ്ഥാപകനും മലബാർ ഗ്രൂപ്പ് കോ ചെയർമാനുമായ അന്തരിച്ച പി എ ഇബ്രാഹിം ഹാജി, സണ്ണി ഡയമണ്ട്സിലെ സണ്ണി, ചുങ്കത്ത് ജ്വല്ലറി മാനേജിങ് പാർട്ണർ രജ്ഞിത്ത് ചുങ്കത്ത്, ജയലക്ഷ്മി സില്‍ക്സിന്‍റെ സഹ ഉടമസ്ഥനായ സതീഷ് കമ്മത്തിന്‍റെയും വീടുകള്‍ ചെയ്ത് നല്‍കിയത് ജൂഡ്സനാണ്. ചലച്ചിത്രതാരം ഹരിശ്രീ അശോകന്‍റേയും മകന്‍ അർജുന്‍ അശോകന്‍റേയും വീടുകളും ചെയ്തുനല്‍കി. ചെയ്ത വർക്കുകള്‍ കണ്ട് ഇഷ്ടപ്പെട്ടാണ് കൂടുതല്‍ പേരും വർക്കിനായി സമീപിക്കുന്നത്. അതുതന്നെയാണ് വലിയ സന്തോഷമെന്നും ജൂഡ്സന്‍.

∙ ആള്‍ക്കൂട്ടത്തിലെ വരയെന്ന സ്വപ്നം
ഒരു വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന്  കെട്ടിടങ്ങളുടെയും വീടുകളുടെയുമെല്ലാം 3ഡി വര തലകീഴായി വരയ്ക്കണം. പോള്‍ റിവൈർ വില്ല്യംസ് എന്ന ആർക്കിടെക്ട് മാത്രമാണ് ഇതുപോലെ തലതിരിച്ച് പ്ലാന്‍ വരച്ചിരുന്നതെന്നാണ് അറിവ്. അങ്ങനെയെങ്കില്‍ തലതിരിച്ച് ത്രീഡി ഡയമെന്‍ഷനില്‍ താന്‍ വരയ്ക്കുന്ന പ്ലാനുകളും ഡിസൈനുകളുമെല്ലാം എല്ലാവരും കാണേണ്ടതല്ലേയെന്ന് ജൂഡ്സന്‍റെ ചോദ്യം. തലകീഴായുളള ജൂഡ്സന്‍റെ വര അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്സിലും യുആർഎഫ് വേള്‍ഡ് റെക്കോർഡിലും ഇടം പിടിച്ചിട്ടുണ്ട്.ഗിന്നസ് വേള്‍ഡ് റെക്കോർഡിനായി ശ്രമിച്ചപ്പോള്‍ ഭാവിയില്‍ ആർക്കെങ്കിലും തകർക്കാന്‍ പറ്റുന്നതാണെങ്കില്‍ മാത്രമെ  പരിഗണിക്കൂവെന്നാണ് അധികൃതർ നല്കിയ മറുപടി. ഏത് റെക്കോർഡിനേക്കാളും വിലയുളള വിരലുകളുമായി ജൂഡ്സന്‍ യാത്ര തുടരുകയാണ്, ആർക്കിടെക്ചറിന്‍റെ പുതിയ അഴകളവുകള്‍ തേടി.

English Summary:

Malayali Architecture Joden's Life Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com