പ്രവാസ ലോകത്ത്് ജീവിതം കെട്ടിപ്പടുത്ത് മലയാളിയായ 'കാർഗില്‍'; അഭിമാനം നൽകുന്ന പേരിന് പിന്നിലെ കഥയിങ്ങനെ
Mail This Article
ദുബായ് ∙ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ ഷിരൂരിൽ നടത്തിയ തിരച്ചിലിനെ തുടർന്ന് കാർഗില്‍ വീണ്ടും സംസാര വിഷയമായപ്പോൾ, ഈ പേരിലൊരു മലയാളി യുവാവ് യുഎഇയില്‍ ശ്രദ്ധ നേടുന്നു. കോഴിക്കോട് ടൗൺ സ്വദേശി അലി കാർഗിലാ(25)ണ് പേരിലെ സവിശേഷതയാൽ പ്രവാസ ലോകത്ത് ജീവിതം കെട്ടിപ്പടുക്കുന്നത്. ഏതൊരു ഇന്ത്യക്കാരനും അഭിമാനപുളകിതനാകുന്ന കാർഗിൽ എന്ന വാക്ക് തന്റെ പേരിന്റെ 'നെഞ്ചോ'ട് ചേർന്നുനിൽക്കുന്നതിന് പിന്നിലെ കഥ മനോരമ ഒാൺലൈനുമായി പങ്കുവയ്ക്കുകയാണ്, ഷാർജയിലെ സ്വകാര്യ കമ്പനിയിൽ ഒാഡിറ്ററായ അലി കാർഗിൽ:
∙വീരോജ്വല സ്മരണകൾക്ക് ഒരു പേര്
കശ്മീരിലെ കാർഗിൽ പ്രദേശത്ത് 1999 മേയ് മുതൽ ജൂലൈ വരെവരെയായിരുന്നു കാർഗിൽ യുദ്ധം നടന്നത്. കാശ്മീരിൽ ഇന്ത്യയും പാക്കിസ്ഥാനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാക്ക് പട്ടാളം നുഴഞ്ഞു കയറിയതാണ് യുദ്ധത്തിനു കാരണമായത്. ഒാരോ ഇന്ത്യക്കാരന്റെയും മനസ്സിൽ ദേശസ്നേഹം ജ്വലിച്ചുയർന്ന ദിവസങ്ങൾ. ഒടുവിൽ ഇന്ത്യ വിജയം കൈവരിച്ചു. ഇതേ സമയം, 1999 ജൂലൈ 16 ന് കോഴിക്കോട് മലാപ്പറമ്പിൽ ബസ് സർവീസ് നടത്തുന്ന കെ.പി.ഇസ്ഹാഖിനും വീട്ടമ്മയായ ഷാഹിദയ്ക്കും രണ്ടാമത്തെ കുട്ടി പിറന്നു. മിടുക്കനായ ആൺകുട്ടി. കാർഗിൽ യുദ്ധ വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നതിനാൽ, ദേശസ്നേഹിയായ ഇസ്ഹാഖിന് അതിന്റെ സ്മരണയുണർത്തുന്ന പേര് വേണമെന്നും അത് കാർഗിൽ എന്നാക്കിയാലോ എന്നുമുള്ള ആലോചനയുണ്ടായി. ആദ്യ പേര് അലി. ഇസ് ലാമിക ചരിത്രത്തിലെ നാലാമത്തെ ഖലീഫയായ ധീരയോദ്ധാവായ അലി ബിൻ അബി ത്വാലിബിന്‍റെ നാമം. രണ്ടാമത് കാർഗിൽ. തന്റെ ആശയം ഭാര്യയുമായി അദ്ദേഹം പങ്കുവച്ചു. മാത്രമല്ല, പൊലീസിൽ നിന്ന് വിരമിച്ചിരുന്ന ഇസ്ഹാഖിന്റെ സഹോദരി നസീമയിലേക്കും ചർച്ചയെത്തി. നസീമയുടെ കൂടി പിന്തുണ ലഭിച്ചതോടെ പേര് ഉറപ്പിച്ചു–അലി കാർഗിൽ. സ്കൂൾ വിദ്യാഭ്യാസ കാലത്ത് കൂട്ടുകാരെല്ലാം കാർഗിൽ എന്ന് വിളിക്കുമ്പോൾ വളരെ സന്തോഷവും അഭിമാനവും തോന്നിയിരുന്നതായി അലി കാർഗിൽ പറയുന്നു.
മർകസ് ഇന്റർനാഷനൽ സ്കൂളില്‍ നിന്ന് പത്ത് പാസായി കേന്ദ്രീയവിദ്യാലയത്തിൽ പ്ലസ് ടു പഠനത്തിന് ശേഷം നാഷനൽ ഡിഫൻസ് അക്കാദമിയിൽ ചേരാനായിരുന്നു അലി കാർഗിലിന്റെ ആഗ്രഹം. എന്നാൽ, അതിന് വേണ്ട ഉയരമോ, ഭാരമോ, നെഞ്ചളവോ ഇല്ലാത്തതിനാൽ അവസരം ലഭിച്ചില്ല. തുടർന്ന് കോഴിക്കോട് ഐസി ഭവനിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് പഠനത്തിന് ചേർന്നു. എന്നാൽ ഫൈനൽ പരീക്ഷയെഴുതുന്നതിന് മുൻപേ 2023ൽ യുഎഇയിലേക്കു വിമാനം കയറി.
ഇവിടെയെത്തിയ ഉടന്‍ ജോലി അന്വേഷണം തുടങ്ങി. ചാർട്ടേർഡ് അക്കൗണ്ടൻസി സ്ഥാപനങ്ങളിലേക്ക് അപേക്ഷ അയക്കുന്നതിന്റെ ഭാഗമായി ഷാർജയിലെ ഹുസൈൻ അൽ ഷംസി ചാർട്ടേർഡ് അക്കൗണ്ട്സ് എന്ന കമ്പനിയിലേക്കും അപേക്ഷ അയച്ചു. വൈകാതെ അവിടെ നിന്ന് വിളിയെത്തി. കമ്പനി സിഇഒ മലയാളിയായ തങ്കച്ചൻ മണ്ഡപത്തിലാണ് ഇതിന് വഴിതെളിയിച്ചത്. കമ്പനിക്ക് ലഭിക്കുന്ന ഉദ്യോഗാർഥികളുടെ നൂറുകണക്കിന് മെയിലുകളിൽ വേറിട്ട ആ പേര് അദ്ദേഹത്തിൻറെ കണ്ണുകളിൽ ഉടക്കുകയായിരുന്നു–അലി കാർഗിൽ. മറ്റൊന്നും ചിന്തിച്ചില്ല, ഉടൻ അലിയെ വിളിച്ച് അഭിമുഖം നടത്തുകയും നിയമന ഉത്തരവ് കൈമാറുകയുമായിരുന്നു. തന്റെ പേര് കൊണ്ട് പ്രവാസ ലോകത്ത് അലി കാർഗിലിനുണ്ടായ ആദ്യത്തെ സന്തോഷം.
പ്രവാസി എഴുത്തുകാരനായ ഇഖ് ബാൽ മാടക്കരയാണ് അലി കാർഗിലിനെ പുറംലോകത്തിന് പരിചയപ്പെടുത്തുന്നത്. തന്റെ ഓഫിസ് ഇ–മെയിലിലേക്ക് വന്ന മെയിലിലെ പേരിന്റെ വ്യത്യസ്തത ഇദ്ദേഹത്തിൽ കൗതുകം ജനിപ്പിക്കുകയായിരുന്നു. അതെന്താണ് ഇങ്ങിനെയൊരു പേര് ?–ഇഖ്ബാലിന്റെ ആദ്യത്തെ ആകാംക്ഷ ഇതായിരുന്നു. അദ്ദേഹത്തിന്റെ ഓഫിസിൽ ഓഡിറ്റിങ്ങിനായി വന്നതായിരുന്നു അജ്മാനിലെ ഹുസൈൻ അൽ ഷംസി ഓഡിറ്റ് കമ്പനിയിലെ അലി.
1999 മേയിലാണ് പാക്കിസ്ഥാൻ സേന ജമ്മു കശ്മീരിലെ കാർഗിൽ ജില്ലയിൽ നുഴഞ്ഞുകയറിയത് ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.രണ്ട് മാസത്തിലേറെയായി തീവ്രമായ യുദ്ധം നടന്നു. ഓപറേഷൻ വിജയിന്റെ ഭാഗമായി പാക്കിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ തുരത്താനും ടൈഗർ ഹില്ലും മറ്റ് തന്ത്രപ്രധാന സ്ഥാനങ്ങളും വിജയകരമായി തിരിച്ചുപിടിക്കാനും ഇന്ത്യൻ സൈന്യത്തിന് കഴിഞ്ഞു. 1999 ജൂലൈ 26-ന് പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ സൈനികർ വിജയം ഉറപ്പിച്ചു. എന്നിരുന്നാലും, യുദ്ധം ഇരുവശത്തും നാശനഷ്ടങ്ങൾക്ക് കാരണമായി.
ദേശസ്നേഹത്തിന്റെ മഹിതമായ ഓർമയ്ക്കായി കാർഗിൽ എന്ന് എഴുതിയ കാത്തിരിപ്പ് കേന്ദ്രവും സലൂണുമൊക്കെ നമ്മുടെ കേരളത്തിൽ ഒട്ടേറെ സ്ഥലങ്ങളിൽ വാർത്താ പ്രാധ്യന്യത്തോട് കൂടി നിറയുന്നത് ഈ കഴിഞ്ഞ കാർഗിൽ വിജയദിവസവും കണ്ടിരുന്നു. എന്നാൽ അതിനുമപ്പുറം ഒരു വ്യക്തിക്ക് കാർഗിൽ എന്ന് നാമകരണം ചെയ്യപ്പെട്ടത് ഏറെ സന്തോഷവും അഭിമാനകരവുമാണ്.
∙യുദ്ധം വേണ്ട, സമാധാനം മതി
ലോകത്ത് നിരന്തരമായി യുദ്ധം നടക്കുന്നു. യുക്രെയ്ൻ–റഷ്യ, പലസ്തീൻ–ഇസ്രായേൽ, ലബനൻ–ഇസ്രായേൽ യുദ്ധ വാര്‍ത്തകൾ പലപ്പോഴും വല്ലാത്ത ദുഃഖവും ഞെട്ടലുമുണ്ടാക്കുന്നുവെന്ന് അലി കാർഗിൽ പറയുന്നു. എല്ലാ പ്രശ്നങ്ങളും ചർച്ചയിലൂടെ പരിഹരിക്കാനാകുമെങ്കിലും മനുഷ്യൻ എന്തിനാണ് ഇങ്ങനെ പരസ്പരം പോരടിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ലോക സമാധാനത്തിനായി എന്തെങ്കിലും ചെയ്യുക ജീവിതാഭിലാഷമാണെന്ന് യുവാവ് പറയുന്നു. ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിച്ചത് വില്യം ഷെയ്ക് സ്പിയറിന്റെ "റോമിയോ ആൻഡ് ജൂലിയറ്റ്" നാടകത്തിലെ നായിക ജൂലിയറ്റാണ്. ഒരു പേരിലാണ് എല്ലാമിരിക്കുന്നത് എന്ന് അലി കാർഗിൽ തെളിയിക്കുന്നു.
കാർഗിൽ യുദ്ധത്തിന് ശേഷം ജീവിതത്തിൽ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട ദൗത്യമായിരുന്നു അർജുനെ കണ്ടെത്താൻ ഷിരൂരിൽ നടത്തിയതെന്ന് റിട്ട. മേജർ ജനറൽ എം.ഇന്ദ്രബാലൻ വെളിപ്പെടുത്തിയതോടെയാണ് കാർഗിൽ വീണ്ടും വാർത്തകളിലിടം പിടിച്ചത്.