ആഡംബര വാഹനങ്ങൾ മോഷ്ടിച്ച് വിൽപന; മൂന്നംഗ പ്രവാസി സംഘം അറസ്റ്റിൽ

Mail This Article
കുവൈത്ത് സിറ്റി ∙ ആഡംബര കാറുകള്‍ വാടകയ്ക്ക് എടുത്ത് പൂർണമായും പൊളിച്ച് യന്ത്രഭാഗങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് വില്‍ക്കുന്ന മൂന്നംഗ പ്രവാസി സംഘം അറസ്റ്റിൽ. കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് സ്ഥിര താമസത്തിന് പോകുന്ന വിദേശികളുടെ രേഖകള്‍ ഉപയോഗിച്ചാണ് ഇവർ ആഡംബര കാറുകള്‍ വാടകക്ക് എടുത്തിരുന്നത്.
സബാഹ് അല്‍-സാലെമിലെ കുറ്റാന്വേഷണ വിഭാഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വാടകയ്ക്ക് എടുത്ത കാറുകള്‍ തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് റെന്റ് എ കാര്‍ കമ്പനികളില്‍ നിന്ന് ലഭിച്ച പരാതികളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കസ്റ്റഡിയിലായത്. കാര്‍ വാങ്ങാനെന്ന പേരിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരെ ബന്ധപ്പെട്ട് കുടുക്കുകയായിരുന്നു.
ചില കേസുകളില്‍ കുവൈത്ത് വിട്ട് പോകുന്നവരുടെ ഒത്താശയും ഇവര്‍ക്ക് ലഭിച്ചിരുന്നു.അതിന് പണം നല്‍കിയിരുന്നുവെന്നും പ്രതികള്‍ വ്യക്തമാക്കി. 14,000 ദിനാര്‍ വിലമതിക്കുന്ന ആഡംബര കാര്‍ പകുതി വിലയ്ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന്, അന്വേഷണ ഉദ്യോഗസ്ഥർ വാഹനം വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് സംഘാംഗങ്ങളുമായി ബന്ധപ്പെടുകയായിരുന്നു. സാല്‍മിയ പ്രദേശത്ത് നടത്തിയ കൂടിക്കാഴ്ചയില്‍7,000 ദിനാറിന് കാര്‍ വില്‍ക്കാന്‍ സംഘം സമ്മതിച്ചു. ഇടപാട് നടന്നതിന് തൊട്ടുപിന്നാലെ മൂന്ന് പ്രതികളെയും ഒരു പ്രാദേശിക കഫേയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.