നിർധനരായ ഹൃദ്രോഗികൾക്ക് ചികിത്സാ സഹായം പ്രഖ്യാപിച്ച് ഖത്തർ ഔഖാഫ് മന്ത്രാലയം

Mail This Article
ദോഹ ∙ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സ നടത്താൻ കഴിയാത്ത നിർധനരായ ഹൃദ്രോഗികൾക്ക് സഹായവുമായി ഖത്തർ എൻഡോവ്‌മെന്റ് (ഔഖാഫ്) ഇസ്ലാമിക കാര്യ മന്ത്രാലയം. ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) കീഴിലുള്ള ഹാർട്ട് ഹോസ്പിറ്റലിൽ 70 ഹൃദ്രോഗികളുടെ ചികിത്സയ്ക്കായി ഔഖാഫ് മന്ത്രാലയം സഹായം നൽകുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അടിയന്തര പരിചരണം ആവശ്യമുള്ളവരും ചികിത്സാ ചെലവുകൾക്ക് ബുദ്ധിമുട്ടുള്ളവരുമായ രോഗികൾക്ക് മന്ത്രാലയത്തിന് കീഴിലുള്ള നബ്ദ് എൻഡോവ്‌മെന്റിന്റെ ഭാഗമായാണ് സഹായം നൽകുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്‌മെന്റ്‌സിന്റെ ഡയറക്ടർ ജനറൽ എൻജിനീയർ ഹസ്സൻ അബ്ദുല്ല അൽ-മർസൂഖി പറഞ്ഞു. ഹെൽത്ത്കെയർ എൻഡോവ്‌മെന്റ് ഫണ്ടിന്റെ നേതൃത്വത്തിൽ 2020 ൽ ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള ഹാർട്ട് ഹോസ്പിറ്റലുമായി സഹകരിച്ചാണ് പദ്ധതി ആരംഭിച്ചത് . ഉദാരമതികളുടെ സഹായങ്ങൾ കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാബ്ദ് എൻഡോവ്‌മെന്റ് വഴി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് എൻഡോവ്‌മെന്റ് നൽകുന്ന പിന്തുണ ഹൃദ്രോഗികൾക്ക് ഏറെ സഹായകരമാണെന്ന് വാർത്താസമ്മേളനത്തിൽ പങ്കടുത്ത ഹാർട്ട് ഹോസ്പിറ്റലിലെ കാർഡിയോതൊറാസിക് സർജറി വിഭാഗം മേധാവി ഡോ. അബ്ദുൾ വാഹിദ് അൽ-മുല്ല പറഞ്ഞു. രോഗികളുടെ താമസ, ചികിത്സാ ചെലവുകളും എൻഡോവ്‌മെന്റ് വഹിക്കും. ഇതുവരെയുള്ള നബ്ദ് എൻഡോവ്‌മെന്റിൽ ആകെ 200 ഗുണഭോക്താക്കളാണുള്ളത്.
യഥാർഥത്തിൽ പിന്തുണ അർഹിക്കുന്ന രോഗികൾക്കാണ് സഹായം ഉറപ്പാക്കുന്നത്. രോഗിയുടെ മെഡിക്കൽ റിപ്പോർട്ടും സാഹചര്യങ്ങളും സോഷ്യൽ സർവീസസ് വകുപ്പും ക്ലിനിക്കൽ കേസ് കോ ഓർഡിനേറ്റർമാരുടെ യൂണിറ്റും വിശദമായി പരിശോധിച്ച ശേഷമാണ് അർഹരായവരെ കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.