ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: ദുബായിൽ ഇന്ത്യൻ ഡോക്ടർക്ക് നഷ്ടമായത് 28 ലക്ഷം രൂപ; ഇടപാടുകൾ നടന്നത് ശസ്ത്രക്രിയ നടത്തുന്നതിനിടെ

Mail This Article
ദുബായ്∙ ഇന്ത്യക്കാരിയായ വനിതാ ഡോക്ടറുടെ ക്രെഡിറ്റ് കാർഡ് ഹാക്ക് ചെയ്ത് നടത്തിയ തട്ടിപ്പിൽ നഷ്ടമായത് 1,20,000 ദിർഹം ( ഏകദേശം 28,47,600 രൂപ). ഡോക്ടർ രോഗിക്ക് ശസ്ത്രക്രിയ നടത്തുന്നതിനിടെയായിരുന്നു സംഭവം. ക്രെഡിറ്റ് കാർഡ് ഹാക്ക് ചെയ്ത് നടത്തിയ 14 അനധികൃത ഇടപാടുകളിലൂടെയാണ് തുക നഷ്ടമായത്. ഒരു രാജ്യാന്തര ബാങ്കിന്‍റെ ക്രെഡിറ്റ് കാർഡാണ് ഇവർ ഉപയോഗിച്ചിരുന്നത്.
ക്രെഡിറ്റ് കാർഡ് എപ്പോഴും താൻ കൈവശം വയ്ക്കാറുണ്ടെന്നും ഒരിക്കലും ഒരു സംവിധാനത്തിലും റജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ ദുബായ് മാളിലെ പ്രധാന ഇലക്ട്രോണിക്സ് ഷോപ്പുകൾ, ഷാർജയിലെ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ഒന്നിലേറെ ഇടപാടുകൾ നടന്നുവെന്നും അവയിൽ പലതും 10,000 ദിർഹത്തിൽ കൂടുതൽ തുകയുടേതായിരുന്നുവെന്നും അവർ വ്യക്തമാക്കി.
∙ ഇടപാടുകൾ കുവൈത്തി ദിനാറിലും
ഇടപാടുകളിൽ രണ്ടെണ്ണം കുവൈത്തി ദിനാറിലായിരുന്നു. ഇതിന് ഒടിപി ആവശ്യമില്ല. ബാങ്ക് വഞ്ചനാപരമായ ഇടപാട് തുടക്കത്തിൽ തന്നെ കണ്ടെത്തിയെങ്കിലും കാർഡ് ബ്ലോക്ക് ചെയ്യുകയോ തന്നെ ബന്ധപ്പെടാൻ ശ്രമിക്കുകയോ ചെയ്തില്ലെന്ന് ഡോക്ടർ പരാതിപ്പെട്ടു. സംശയകരമായ ഇടപാടാണെന്ന് തോന്നിയെങ്കിൽ കാർഡ് മരവിപ്പിക്കേണ്ടതായിരുന്നു. തട്ടിപ്പ് റിപോർട്ട് ചെയ്ത് ഉടനടി കാർഡ് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ട ശേഷവും അനധികൃത ഇടപാട് നടന്നുവെന്നും പരാതിപ്പെട്ടു.
ഇടപാടുകളുടെ വിശദാംശങ്ങൾ നൽകാൻ ആദ്യം ബാങ്ക് വിസമ്മതിച്ചു. സമൂഹമാധ്യമത്തിൽ ഇക്കാര്യം പങ്കുവച്ച ശേഷമാണ് ആപ്പിൾ പേ വഴി ഇടപാടുകൾ നടന്നതെന്ന കാര്യം ബാങ്ക് അറിയിച്ചതെന്നും അവർ പറഞ്ഞു. താൻ ഒരിക്കലും ആപ്പിൾ പേയിൽ റജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഡോക്ടറും കാർഡ് ഒരിക്കലും അവരുടെ സേവനവുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് ആപ്പിളും സ്ഥിരീകരിച്ചു. പേയ്‌മെന്‍റുകൾക്ക് എങ്ങനെയാണ് അംഗീകാരം ലഭിച്ചതെന്ന് മനസിലാകുന്നില്ലെന്നും വഞ്ചന സംശയിച്ചെങ്കിൽ കാർഡ് ബ്ലോക്ക് ചെയ്യുന്നതിന് പകരം പേയ്‌മെന്‍റുകൾ അംഗീകരിക്കരുതായിരുന്നുവെന്നും ഡോക്ടർ പറയുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
സമഗ്ര അന്വേഷണം നടത്തുമെന്ന് ബാങ്ക്; തുക അടയ്ക്കില്ലെന്ന് ഡോക്ടർ
അതേസമയം, ഉപയോക്താക്കളുടെ വിവരങ്ങളും ഇടപാടുകളും രഹസ്യമായി സൂക്ഷിക്കുന്നതിനാൽ ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാൻ സാധിക്കില്ലെന്ന് ബാങ്ക് അധികൃതർ പറയുന്നു.
വഞ്ചനയുമായി ബന്ധപ്പെട്ട ആശങ്കകൾ വളരെ ഗൗരവമായി കാണുന്നുവെന്നും തങ്ങളുടെ ഉപയോക്താക്കളെ സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണെന്നും പരാതിയുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തുമെന്നും അധികൃതർ പറഞ്ഞു. അതേസമയം നഷ്‌ടമായ തുക 12 മാസം കൊണ്ട് തവണകളായി അടക്കാമെന്നുള്ള ബാങ്കിന്‍റെ വാഗ്‌ദാനം ഡോക്ടർ നിരസിച്ചു. താൻ ഈ ഇടപാടുകൾക്ക് അംഗീകാരം നൽകിയിട്ടില്ല. അതിനാൽ പണം നൽകേണ്ടതില്ലെന്നാണ് അവരുടെ നിലപാട്.