പ്രവാചകപ്പള്ളിയിൽ വിശ്വാസി പ്രവാഹം; പ്രത്യേക അനുമതിയെടുത്തവർക്ക് റൗദാ ശരീഫിലേക്ക് പ്രവേശനം

Mail This Article
മദീന ∙ റമസാനിൽ പ്രവാചകപ്പള്ളിയിലേക്ക് (മസ്ജിദുന്നബവി) വിശ്വാസികളുടെ ഒഴുക്ക് തുടരുന്നു. റമസാനിലെ ആദ്യ 15 ദിവസത്തിനിടെ 1.4 കോടി പേർ മസ്ജിദുന്നബവിയിലെത്തി പ്രാർഥന നിർവഹിച്ചു. പ്രവാചകന്റെ കബറിടം സ്ഥിതിചെയ്യുന്ന റൗദാ ശരീഫ് സന്ദർശിക്കാൻ 3.79 ലക്ഷം പേർക്ക് അനുമതി നൽകി.
പ്രത്യേക അനുമതിയെടുത്തവർക്ക് മാത്രമാണ് റൗദാ ശരീഫിലേക്ക് പ്രവേശനം. പള്ളിയിലെത്തിയ സന്ദർശകർക്കായി 45 ലക്ഷം ഇഫ്താർ പാക്കറ്റുകളും 3650 ടൺ സംസം വെള്ളവും വിതരണം ചെയ്തതായി ഹറം കാര്യ അതോറിറ്റി അറിയിച്ചു.

തെറ്റുകളിൽ പശ്ചാത്തപിച്ച് പാപമോചനം തേടണം
അബുദാബി ∙ ചെയ്തുപോയ തെറ്റുകളിൽ പശ്ചാത്തപിച്ച് സ്രഷ്ടാവിനോട് പാപമോചനം തേടണമെന്ന് കാരന്തൂർ മർക്കസ് സഖാഫി സുന്നിയ്യ ഹിസ്ബുൽ ഖുർആൻ കോളജ് പ്രിൻസിപ്പൽ അബൂബക്കർ സഖാഫി പറഞ്ഞു. റമസാനിലെ സവിശേഷ ലൈലത്തുൽ ഖദർ രാത്രി പാപമോചനത്തിനായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബുദാബി മദീന സായിദ് ബിൻ ഹമൂദ മസ്ജിദിലായിരുന്നു പ്രസംഗം.യുഎഇ പ്രസിഡന്റിന്റെ റമസാൻ അതിഥിയായി എത്തിയതാണ് അദ്ദേഹം.