ഐഐടി അബുദാബി ക്യാംപസിൽ പുതിയ ബിരുദ കോഴ്സുകൾ

Mail This Article
അബുദാബി ∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡൽഹിയുടെ (ഐഐടി ഡൽഹി) അബുദാബി ക്യാംപസിൽ പുതുതായി ആരംഭിക്കുന്ന ബിരുദ കോഴ്സുകളുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ എംബസിയിൽ നടത്തിയ ഓപ്പൺ ഹൗസിലായിരുന്നു പ്രഖ്യാപനം.
250 വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്ത ഓപ്പൺ ഹൗസിൽ കോഴ്സുകളുടെ വിശദാംശങ്ങൾ, യോഗ്യത, ഫാക്കൽറ്റി, ഫീസ് ഘടന, സ്കോളർഷിപ്, പ്രവേശന പ്രക്രിയയുടെ വിവിധ വശങ്ങൾ തുടങ്ങി സമസ്ത വിവരങ്ങളും വിശദീകരിച്ചു.
ഐഐടി ഡൽഹി-അബുദാബി എക്സിക്യൂട്ടൂവ് ഡയറക്ടർ ഡോ. ശന്തനു റോയ് ക്ലാസിന് നേതൃത്വം നൽകി. ഏപ്രിൽ 13ന് നടക്കുന്ന കംപൈൻഡ് അഡ്മിഷൻ എൻട്രൻസ് ടെസ്റ്റിനെക്കുറിച്ചും (സിഎഇടി) അബുദാബി ക്യാംപസ് വാഗ്ദാനം ചെയ്യുന്ന വിവിധ കോഴ്സുകളെക്കുറിച്ചുമുള്ള സംശയങ്ങൾക്കും മറുപടി നൽകി.
ഫീസ്
4 വർഷത്തെ കോഴ്സിന് മൊത്തം 3,25,000 ദിർഹമാണ് ഫീസ്. വാർഷിക ഫീസ് 81,375 ദിർഹം. 2 പേരുള്ള താമസത്തിന് മാസത്തിൽ 1,000 ദിർഹവും തനിച്ചു താമസിക്കുന്നതിന് 2,000 ദിർഹവും നൽകണം.
സ്കോളർഷിപ്
യുഎഇ പൗരന്മാർക്ക് ട്യൂഷൻ ഫീസിന്റെ 100% സ്കോളർഷിപ് ലഭിക്കും. അബുദാബിക്ക് പുറത്തുള്ള വിദ്യാർഥികൾക്ക് 4,000 ദിർഹം (90453 രൂപ) പ്രതിമാസ സ്റ്റൈപ്പൻഡും താമസ നിരക്കിൽ ഇളവും നൽകും. ജെഇഇ അഡ്വാൻസ് വഴി പ്രവേശനം നേടിയവർക്ക് മാസത്തിൽ 2,000 ദിർഹം (45226 രൂപ) സ്റ്റൈപ്പൻഡ് ലഭിക്കും.
പ്രവാസി ഇന്ത്യക്കാർ
യുഎഇയിലെ പ്രവാസി ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ള രാജ്യാന്തര വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി സ്കോളർഷിപ്പ്/ഫീസ് ഇളവ് ലഭിക്കും.
പത്തിൽ 8 സിജിപിഎ പോയിന്റ് ലഭിക്കുന്നവർക്ക് ഫീസിന്റെ 100 ശതമാനം സ്കോളർഷിപ് ലഭിക്കും. 6 പോയിന്റ് ലഭിക്കുന്നവർക്ക് 50 ശതമാനമാണ് സ്കോളർഷിപ്. 6 പോയിന്റിൽ താഴെ ലഭിക്കുന്നവർക്ക് ഫീസിളവില്ല.
സിഎഇടി, ജെഇഇ അഡ്വാൻസ് എന്നീ പരീക്ഷകൾക്ക് ലഭിച്ച സ്കോർ അടിസ്ഥാനത്തിലാണ് പ്രവേശനം. ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളിൽ 3 മണിക്കൂർ നീളുന്ന പരീക്ഷയിൽ മികച്ച സ്കോർ നേടുന്നവർക്ക് സീറ്റ് ലഭിക്കും.
പുതിയ കോഴ്സുകൾ
കെമിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, എനർജി സയൻസ് ആൻഡ് എൻജിനീയറിങ്. 2024 ജനുവരിയിൽ അബുദാബിയിൽ പ്രവർത്തനം ആരംഭിച്ച ക്യാംപസിൽ നിലവിൽ എനർജി ട്രാൻസിഷൻ ആൻഡ് സസ്റ്റൈനബിലിറ്റിയിൽ എംടെകും കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്, എനർജി എൻജിനീയറിങ് എന്നിവയിൽ ബിടെക് പ്രോഗ്രാമുകളും എനർജി ആൻഡ് സസ്റ്റൈനബിലിറ്റിയിൽ പിഎച്ച്ഡി കോഴ്സും നടക്കുന്നു.
സീറ്റ്
മൊത്തം സീറ്റുകളിൽ മൂന്നിലൊന്ന് ജെഇഇ (അഡ്വാൻസ്ഡ്) വഴിയും മൂന്നിൽ രണ്ട് ഭാഗം സീറ്റുകൾ സിഎഇടി 2025 വഴിയും അനുവദിക്കും. സിഎഇടി 2025 സീറ്റുകളിൽ ശേഷിച്ചവ യുഎഇ പൗരന്മാർക്കും യുഎഇയിൽ പഠിക്കുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള രാജ്യാന്തര വിദ്യാർഥികൾക്കുമായിരിക്കും. വിവരങ്ങൾക്ക് www.abudhabi.iitd.ac.in