ADVERTISEMENT

നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള പാനീയമാണ് ഗ്രീൻടീ എന്ന് നമുക്കറിയാം. എന്നാൽ ഏതു സമയത്ത് കുടിച്ചാലാണ് ഗുണങ്ങൾ കൂടുതൽ ലഭിക്കുക എന്ന് പലർക്കും അറിയില്ല. ഗ്രീൻ ടീയിലടങ്ങിയ പോഷകങ്ങൾ എല്ലാം ലഭിക്കാൻ ഇത് രാവിലെ വെറുംവയറ്റിൽ കുടിക്കുന്നതാണ് നല്ലത് എന്ന് ആയുർവേദം പറയുന്നു.  ഏറ്റവും മികച്ച ആരോഗ്യപാനീയങ്ങളിലൊന്നാണ് ഗ്രീൻടീ. ആന്റിഓക്സിഡന്റുകളും പോളിഫിനോളുകളും അവശ്യപോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ മുതൽ രക്തസമ്മർദം നിയന്ത്രിക്കുന്നതിൽ വരെ ഗ്രീൻ ടീ പ്രധാന പങ്കുവഹിക്കുന്നുണ്ട്. സൗഖ്യമേകാൻ ഗ്രീൻ ടീ സഹായിക്കും. 

∙കൊളസ്ട്രോൾ കുറയ്ക്കുന്നു
ഉയർന്ന കൊളസ്ട്രോൾ, പ്രധാനമായും എൽഡിഎൽ കൊളസ്ട്രോൾ, ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടും. ദിവസവും രാവിലെ ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ഹൃദയാരോഗ്യം വർധിപ്പിക്കും എന്ന് പഠനങ്ങൾ പറയുന്നു. ഗ്രീൻടീയിലടങ്ങിയ ശക്തിയേറിയ ആന്റിഓക്സിഡന്റായ കറ്റേച്ചിനുകൾ ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കുകയും ഹൃദയധമനികളിൽ പ്ലേക്ക് അടിഞ്ഞുകൂടുന്നതിനെ തടയുകയും ചെയ്യുന്നു. 

∙രക്തസമ്മർദം നിയന്ത്രിക്കുന്നു
ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഗ്രീന്‍ ടീക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കും. ഗ്രീൻ ടീയിലടങ്ങിയ ഫ്ലേവനോയ്ഡുകൾ രക്തക്കുഴലുകളെ വിശ്രാന്തിയിലാക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. ഗ്രീൻടീയിലടങ്ങിയ പോളിഫിനോളുകൾ, ഉയർന്ന രക്തസമ്മർദത്തിനു കാരണമാകുന്ന ഇൻഫ്ലമേഷനെ കുറയ്ക്കുന്നു. ദിവസവും രാവിലെ വെറുംവയറ്റിൽ ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് രക്തസമ്മർദം നിയന്ത്രിക്കും എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

Image Credit: Dmytrenko Vlad/shutterstock
Image Credit: Dmytrenko Vlad/shutterstock

∙ശരീരഭാരം കുറയ്ക്കുന്നു
മിക്ക ആരോഗ്യപ്രശ്നങ്ങളുടെയും പ്രധാന കാരണം പൊണ്ണത്തടിയാണ്. പൊണ്ണത്തടി നിയന്ത്രിച്ചാൽ ആരോഗ്യവും മെച്ചപ്പെടും. ഗ്രീൻ ടീ ഉപാപചയ പ്രവർത്തനം വർധിപ്പിക്കാൻ സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാനും സഹായകമാണ്. കൂടുതൽ കൊഴുപ്പിനെ കത്തിച്ചു കളയാനുള്ള ശരീരത്തിന്റെ കഴിവ് (thermogenesis) വർധിപ്പിക്കാൻ ഗ്രീൻ ടീ സഹായിക്കും. ഇതുവഴി ബിഎംഐ (Body Mass Index) യും ശരീരഭാരവും നിയന്ത്രിക്കാനും സാധിക്കും. ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും ഗ്രീൻ ടീ സഹായിക്കും. വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കാനും ഗ്രീൻടീ കുടിക്കുന്നതിലൂടെ സാധിക്കുന്നു.

∙ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഗ്രീൻ ടീ സഹായിക്കും. ഗ്രീൻ ടീയിൽ ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളായ ഇജിസിജി പോലുള്ളവ ധാരാളമുണ്ട്. ഇത് രക്തക്കുഴലുകളെ റിലാക്സ് ചെയ്യിക്കുകയും വാസ്ക്കുലാർ ഇൻഫ്ലമേഷൻ കുറയ്ക്കുകയും ചെയ്യും. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ദിവസവും 2–3 കപ്പ് ഗ്രീൻ ടീ കുടിക്കുകയും ഒപ്പം ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുകയും ചെയ്താൽ ഹൃദയസംബന്ധമായ രോഗങ്ങൾ മൂലമുള്ള മരണസാധ്യത 41 ശതമാനം കുറയ്ക്കാൻ സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. 

Photo By: adrian825/istockphoto
Photo By: adrian825/istockphoto

∙ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നു
ഇൻസുലിൻ പ്രതിരോധം മൂലമോ ഇൻസുലിൻ ആവശ്യത്തിന് ഉൽപാദിപ്പിക്കാൻ സാധിക്കാത്തതു മൂലമോ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഗ്രീൻടീ സഹായിക്കും. ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്നും പ്രമേഹം മൂലമുള്ള മരണ സാധ്യത കുറയ്ക്കുമെന്നും പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. 

∙തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ഗ്രീൻ ടീയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് മനോനില മെച്ചപ്പെടുത്തുകയും ഓർമശക്തി മെച്ചപ്പെടുത്തുകയും ചെയ്യുക വഴി തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കൂടാതെ എൽ തിയാനൈൻ എന്ന അമിനോ ആസിഡും ഗ്രീൻടീയിലുണ്ട്. ഇത് കഫീനോടൊപ്പം ചേർത്ത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. 

Representative Image. Photo Credit : Mixetto / iStockPhoto.com
Representative Image. Photo Credit : Mixetto / iStockPhoto.com

∙സമ്മർദം അകറ്റുന്നു
കഫീനും എൻതിയാനൈനും ബൗദ്ധിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക മാത്രമല്ല, മനോനില മെച്ചപ്പെടുത്തുകയും സമ്മർദം അകറ്റുകയും ചെയ്യും. ദിവസവും രാവിലെ ഗ്രീൻ ടീ കുടിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തും. 

∙ഗ്രീൻ ടീ ഇങ്ങനെ തയാറാക്കാം
പരമാവധി ഗുണങ്ങൾ ലഭിക്കാൻ ഗുണനിലവാരുമുള്ള ഗ്രീൻ ടീ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കാം. ഗ്രീൻ ടീ ബാഗുകൾക്കു പകരം ഗ്രീൻ ടീ ഇലകൾ ആണ് നല്ലത്. വെള്ളത്തിൽ ഇട്ട് ഇത് തിളപ്പിക്കാൻ പാടില്ല. പകരം ചൂടുവെള്ളത്തിലേക്ക് ഇലകൾ ഇടുകയാണ് ചെയ്യേണ്ടത്. കാപ്പിയിലുള്ളത്ര കഫീൻ ഗ്രീൻ ടീയിൽ അടങ്ങിയിട്ടില്ല. എങ്കിലും കൂടിയ അളവിൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യഗുണങ്ങൾ ലഭിക്കാൻ മധുരം ചേർക്കാതെ ഗ്രീൻടീ കുടിക്കുന്നതാണ് നല്ലത്.

English Summary:

Lower Cholesterol & Blood Pressure Naturally: The Amazing Power of Green Tea. Beat High Blood Pressure & Cholesterol with This Simple Morning Ritual.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com