നിർമിച്ചത് മിന്നൽ വേഗത്തിൽ, ഉള്ളിൽ രണ്ടുമരം! അദ്ഭുതമാണ് ഈ ജിപ്സം പാനൽ വീട്!
Mail This Article
ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ തറവാട് വീടിനോട് ചേർന്ന് ഫാഷൻ ഫൊട്ടോഗ്രഫറായ മാത്യു മാത്തൻ പണിത വീടിനു പറയാൻ നിരവധി സവിശേഷതകളുണ്ട്. ഉടമസ്ഥൻ തന്നെയാണ് വീട് രൂപകൽപന ചെയ്തത് എന്നതാണ് ആദ്യത്തെ സവിശേഷത.

രണ്ടാമത്തേത് കോൺക്രീറ്റിനു പകരം ഫൈബർ സിമന്റ് ബോർഡുകൾ ഉപയോഗിച്ചാണ് വീടിന്റെ ചുവരുകൾ ഒരുക്കിയിട്ടുള്ളത് എന്നതാണ്. 'വീടുപണി ഏറ്റവും വേഗത്തിൽ തീർക്കണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് ഫൈബർ സിമന്റ് പാനൽ വീടുകളെ കുറിച്ച് അന്വേഷിക്കുന്നത്. ആലുവ എഫ്എസിടിയിൽ നിന്നാണ് ജിഎഫ്ആർജി പാനലുകൾ വാങ്ങിയത്. അകത്തെ കുറച്ചു ഭിത്തികൾ മാത്രമേ ഇഷ്ടിക കൊണ്ട് കെട്ടേണ്ടി വന്നിട്ടുള്ളൂ'. മാത്യു പറയുന്നു.


അർധവൃത്താകൃതിയിലുള്ള വീടിന്റെ പുറംകാഴ്ചയ്ക്ക് അധികം പ്രാധാന്യം നൽകിയിട്ടില്ല. പക്ഷേ മരങ്ങളോടുള്ള സ്നേഹം കാണണമെങ്കിൽ ഇവിടേക്ക് വരണം. കാരണം രണ്ടു മരങ്ങളെ വീട്ടിലെ അംഗങ്ങളെപോലെ വീടിനകത്ത് നിലനിർത്തി അതിനു ചുറ്റുമാണ് വീട് പണിതത്. ഞാവലും മാവുമാണ് മരങ്ങൾ. വീട്ടിനുള്ളിലിരുന്നുതന്നെ മഴ ആസ്വദിക്കാം.


ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 3500 ചതുരശ്രയടിയിൽ ഒരുക്കിയത്. ഇടച്ചുവരുകൾ ഇല്ലാതെ തുറസായ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്.

നടുമുറ്റത്തേക്ക് തുറന്ന ഇടനാഴിയാണ് സ്വീകരണമുറിയെയും ഊണുമുറിയെയും തമ്മിൽ ബന്ധിപ്പിക്കുന്നത്. ഇടനാഴിയിൽ നിന്ന് മൂന്നു കിടപ്പുമുറികളിലേക്കും പ്രവേശിക്കാം. രണ്ടു കോർട്യാർഡുകളാണ് വീടിന്റെ ഹൈലൈറ്റ്. ഇതിൽ ഗോവണിയോട് ചേർന്നുള്ള കോർട്യാർഡിലാണ് മരങ്ങൾ ഉള്ളത്. ഊണുമുറിയോട് ചേർന്നുള്ള കോർട്യാർഡിൽ ചെറിയ ചെടികൾ ഹാജർ വച്ചിട്ടുണ്ട്.

ടൈലും ഗ്രാനൈറ്റും ഒഴിവാക്കി മൊസെയ്ക് ആണ് നിലത്ത് വിരിച്ചത്. വലിയ കുടുംബമാണ്. ബന്ധുക്കൾ എല്ലാവരും എത്തുമ്പോൾ ഒത്തുചേരലിന്റെ സൗകര്യത്തിനാണ് വലിയ ഊണുമേശ ഒരുക്കിയത്. വാകയുടെ ഒറ്റത്തടിയാണിത്. ആന്റിക് മൂല്യമുള്ള ഫർണിച്ചറുകളും അകത്തളത്തിൽ ഹാജർ വയ്ക്കുന്നുണ്ട്. ഇവിടെ ചുറ്റുമതിലാണ് കോർട്യാർഡിനു അതിര് തീർക്കുന്നത്. ഇവിടം എക്സ്പോസ്ഡ് ശൈലിയിൽ ബ്രിക്ക് വർക്ക് ചെയ്തു.
പച്ചപ്പിന്റെ കാഴ്ചകളിലേക്ക് തുറക്കുംവിധമാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം. വാഡ്രോബ് സൗകര്യങ്ങൾ നൽകി. മോഡുലാർ ശൈലിയിൽ ധാരാളം സ്റ്റോറേജ് സ്‌പേസുള്ള അടുക്കളയുമുണ്ട്.
പലർക്കും അറിയേണ്ടിയിരുന്നത്, ചോർച്ചയോ മറ്റ് സുരക്ഷാപ്രശ്നങ്ങളോ ഇല്ലാതെ മരങ്ങളെ വീടിനുള്ളിൽ ഉൾക്കൊള്ളിച്ചത് എങ്ങനെയെന്നാണ്! അതിൽ വലിയ റോക്കറ്റ് സയൻസ് ഒന്നുമില്ല. താഴത്തെ ശാഖകൾ മുറിച്ച് വീടിനു മുകളിലേക്ക് പടർന്നു നിൽക്കുന്ന വിധമാണ് മരങ്ങളെ വീടിനുള്ളിൽ നിർത്തിയിരിക്കുന്നത്. സുരക്ഷയ്ക്കായി മെറ്റൽ ഫ്രെയിമിൽ ടഫൻഡ് ഗ്ലാസ് വിരിച്ച മേൽക്കൂരയും നൽകിയിട്ടുണ്ട്. ഏറ്റവും രസകരമായ കാര്യം മാമ്പഴക്കാലത്ത് വീടിനുള്ളിൽ നിന്നുതന്നെ രുചികരമായ മാങ്ങ പറിച്ചുതിന്നാം. മാത്യു പറയുന്നു.
Project Facts
Location- Muhamma, Alappuzha
Area- 3500 SFT
Owner- Mathew Mathan
Mob- 94471 03531