4 മാസം കൊണ്ട് വിളവെടുക്കാം; കൂർക്ക കൃഷി ഇത്ര എളുപ്പമാണോ?

Mail This Article
മാർച്ച് മാസം പകുതിയോടെ നഴ്സറിയിട്ട് നടീലിനു വേണ്ട കൂർക്കത്തലകൾ/ വള്ളികള്‍ ഉണ്ടാക്കിയെടു ക്കുകയാണ് ആദ്യം വേണ്ടത്. നല്ല കൂർക്കത്തലകൾ /വള്ളികൾ ലഭിക്കുന്നതിനായി നല്ല കൂർക്കക്കിഴങ്ങുകള്‍ നടണം. ഒരേക്കറിലേക്ക് വേണ്ട കൂർക്കത്തലകൾക്ക് 60–70 കിലോ കൂർക്കക്കിഴങ്ങ് നടണം (ഒരു സെന്റിലേക്ക് 6 കിലോ). നല്ല സൂര്യപ്രകാശവും നീർവാർച്ചയുമുള്ള സ്ഥലത്തു വേണം നഴ്സറി. മണ്ണിനടിയിൽ കട്ടിയുള്ള ചെങ്കല്ലോ പാറയോ ഉള്ള സ്ഥലം യോജ്യമല്ല. രണ്ടര അടി വീതിയിലും ആവശ്യത്തിന് നീളത്തിലും 15–20 സെ.മീ. ഉയരത്തിലും തടങ്ങൾ ഒരുക്കി അതിൽ രണ്ടു വരിയായി കിഴങ്ങുകള്‍ നടുന്നു. അടിവളമായി 40 കിലോ ജൈവവളം സെന്റ് ഒന്നിന് എന്ന തോതിൽ കൊടുക്കണം. മാർച്ച്–ഏപ്രിൽ മാസത്തോടെ തയാറാക്കുന്ന നഴ്സറിയിൽനിന്നു 2മാസം കഴിയുന്നതോടെ കൂർക്കത്തല എടുക്കാം. ഒരു ചെടി യിൽനിന്നു നാല്‍പതിലേറെ തലകൾ ലഭിക്കും. 15 സെ.മീ. നീളത്തിൽ മുറിച്ചെടുക്കുന്ന ഈ തലപ്പുകൾ ജൂൺ മധ്യത്തോടെ പ്രധാന കൃഷിയിടത്തിലേക്ക് മാറ്റിനടാം. തടങ്ങൾ എടുത്ത് 3 വരിയായി തലപ്പുകൾ നടാവുന്നതാണ്. തലകൾ നേരെ നടുന്നതിനു പകരം ചെരിച്ചു നടുന്നതാണു നല്ലത്.
കൃഷിയിടത്തില്‍ സെന്റ് ഒന്നിന് 40 കിലോ ജൈവവളം കൊടുക്കണം. മികച്ച വിളവിന് രാസവളവും ആവ ശ്യമാണ്. ഒരു സെന്റ് കൂർക്കയ്ക്ക് അരക്കിലോ യൂറിയ, ഒന്നരക്കിലോ രാജ്ഫോസ്/റോക്ക് ഫോസ്ഫേറ്റ്/ എല്ലുപൊടി, 600 ഗ്രാം പൊട്ടാഷ് എന്നിവ രണ്ട് തവണയായി കൊടുക്കാം. രാജ്ഫോസ്/എല്ലുപൊടി മുഴുവനും ആദ്യ വളപ്രയോഗത്തിൽ നൽകണം. മണ്ണിൽ അമ്ലാംശം കൂടുതലുണ്ടെങ്കിൽ അടിവളം നൽകു ന്നതിന് രണ്ടാഴ്ച മുൻപു കുമ്മായം 3 കിലോ ഒരു സെന്റിന് എന്ന തോതിൽ കൊടുക്കണം.
നിധി, ശ്രീധര, സുഫല എന്നീ ഇനങ്ങളോടൊപ്പം നാടൻ ഇനങ്ങളും നടാം. വളം കൊടുക്കുമ്പോൾ നിർബന്ധമായും മണ്ണ് കയറ്റിക്കൊടുക്കുക. വളമിടുന്നതിനു മുന്‍പ് കളനിയന്ത്രണവും ചെയ്യണം. വളരുന്ന ഘട്ടത്തിൽ കൂർക്ക പൂവിട്ടാൽ നുള്ളിക്കളയണം. കൂർക്കയിൽ കീട, രോഗങ്ങൾ പൊതുവേ കുറവാണ്. വെള്ളക്കെട്ട് ഉണ്ടാകാതെ സൂക്ഷിച്ചാൽ മതി. പ്രധാന കൃഷിയിടത്തിൽ നട്ട് 4 മുതൽ 5 മാസമാകുമ്പോഴേക്കും വിളവെടുക്കാം. ഇലകൾ ഉണങ്ങിത്തുടങ്ങിയാൽ വിളവെടുക്കാറായി എന്ന് അനുമാനിക്കാം. ഒരു സെന്റിൽനിന്ന് 40 –50 കിലോ കൂർക്ക ലഭിക്കും.