‘അമ്പിളി പോയപ്പോൾ ഞാൻ ഒറ്റയ്ക്കായി’; അഗതിമന്ദിരത്തിലെ ജീവിതം; ഡബ്ബിങ് ആർടിസ്റ്റ് ചന്ദ്രമോഹൻ അഭിമുഖം
Mail This Article
പത്തനാപുരം ഗാന്ധിഭവന്റ കവാടം കടന്നു അകത്തെത്തിയാൽ അവിടം മറ്റൊരു ലോകമാണ്. ജീവിതത്തിന്റെ പല അവസ്ഥകളിലൂടെ കടന്നുപോയി ഒടുവിൽ ഗാന്ധിഭവന്റെ സ്നേഹത്തണലിൽ എത്തിയവർ നിരവധി. അവർക്കായി ഗാന്ധിഭവനുള്ളിൽ തന്നെ ഒരു പഞ്ചായത്തും അവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു പഞ്ചായത്ത് പ്രസിഡന്റുമുണ്ട്. ഈ പഞ്ചായത്ത് പ്രസിഡന്റിനെ നേരിൽക്കണ്ടാൽ ഒരുപക്ഷേ മലയാളികൾ തിരിച്ചറിയണമെന്നില്ല. എന്നാൽ, സംസാരിച്ചു തുടങ്ങിയാൽ ആ ശബ്ദം മലയാളികൾ പെട്ടെന്ന് ഓർത്തെടുക്കും. ചലച്ചിത്രതാരം ശങ്കറിന്റെയോ അതോ റഹ്മാന്റെയോ എന്നു സംശയിച്ചു നിൽക്കുമ്പോഴേക്കും മറുപടിയായി ആ ചിരപരിചിത ശബ്ദമെത്തും– ഞാൻ ചന്ദ്രമോഹൻ. മലയാളത്തിൽ ഏറ്റവും കൂടുതൽ നായകന്മാർക്ക് ശബ്ദം നൽകിയിട്ടുള്ള ഡബ്ബിങ് ആർടിസ്റ്റാണ്.
മലയാളത്തിൽ ഒരുകാലത്ത് ഏറ്റവും തിരക്കുണ്ടായിരുന്ന ഡബ്ബിങ് ആർടിസ്റ്റ് എങ്ങനെയാണ് ഗാന്ധിഭവനിലെത്തിയതെന്ന ചോദ്യത്തിന് ശാന്തമായി അദ്ദേഹം മറുപടി പറഞ്ഞു തുടങ്ങി. അതിൽ മദ്രാസിലെ ജീവിതവും ഭാര്യയും ഡബ്ബിങ് ആർടിസ്റ്റുമായ അമ്പിളിയുടെ അപ്രതീക്ഷിത വേർപാടുമെല്ലാം കടന്നു വന്നു. മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്.
അവൾ പോയപ്പോൾ ഞാൻ ഒറ്റയ്ക്കായി
ഞാൻ 42 വർഷം മദ്രാസിലായിരുന്നു. ജോലിയും ഡബ്ബിങും എല്ലാം അവിടെയായിരുന്നു. സിനിമയെല്ലാം കേരളത്തിലേക്ക് വന്നപ്പോൾ ഞാനും കുടുംബത്തോടെ തിരുവനന്തപുരത്തേക്ക് പോന്നു. എന്റെ വീട് തിരുവനന്തപുരത്താണ്. സിനിമയിൽ ഡബ്ബിങ് അവസരങ്ങൾ കുറഞ്ഞെങ്കിലും സീരിയൽ രംഗത്ത് സജീവമായി. ആ സമയത്താണ് ഭാര്യ അമ്പിളി അസുഖബാധിതയായത്. ആകെ മൂന്നു മാസമേ ചികിത്സ ചെയ്തുള്ളൂ. അതായത് അസുഖം കണ്ടു പിടിച്ച് മൂന്നു മാസത്തിനുള്ളിൽ അവൾ പോയി. ബ്രെയിൻ ട്യൂമറായിരുന്നു. കണ്ടെത്താൻ വൈകിപ്പോയി.
2018 ഓഗസ്റ്റ് രണ്ടാം തീയതി അവൾ മരിച്ചു. അപ്പോൾ ഞാൻ ഒറ്റയ്ക്കായി. ഞാൻ സോമരാജ് സാറിനെ വിളിച്ചു ഗാന്ധിഭവനിലേക്ക് പോന്നു. ഞാനൊരു വീട് വച്ചിരുന്നു, വട്ടിയൂർക്കാവിൽ. അവിടെ മക്കളുണ്ട്. മൂത്ത മകൾക്ക് ജോലിയുണ്ട്. രണ്ടാമത്തെ ആൾ ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിയാണ്. എന്റെ കുടുംബക്കാർ എല്ലാവരും തിരുവനന്തപുരത്തുണ്ട്. അവിടെ നിൽക്കുന്നതിനേക്കാൾ എന്റെ പ്രായത്തിലുള്ളവരുമായി സംസാരിച്ചും മറ്റു പരിപാടികളുമൊക്കെയായി നിൽക്കുന്നതായിരിക്കും നല്ലതെന്നു കരുതിയാണ് ഗാന്ധിഭവനിലേക്ക് പോന്നത്. ഇപ്പോൾ രണ്ടു വർഷം കഴിഞ്ഞു.
ഗാന്ധിഭവനിലെ ജീവിതം
അമ്പിളി ഉണ്ടായിരുന്ന സമയത്ത് ഇത്തരമൊരു തീരുമാനത്തെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടു പോലുമില്ല. അവൾ പോയപ്പോൾ വല്ലാത്തൊരു ശൂന്യത തോന്നി. അതുകൊണ്ടാണ് ഗാന്ധിഭവനിലേക്ക് പോന്നത്. ഇവിടെ ഞാൻ വളരെ ബിസിയാണ്. ഗാന്ധിഭവനിൽ പഞ്ചായത്തൊക്കെയുണ്ട്. അവിടെ തിരഞ്ഞെടുപ്പൊക്കെ നടക്കും. അങ്ങനെ തിരഞ്ഞെടുപ്പിൽ ഞാൻ ജയിച്ചു. ഇവിടെ പഞ്ചായത്തിന്റെ പ്രസിഡന്റാണ് ഞാൻ ഇപ്പോൾ. അതിന്റെ ജോലിത്തിരക്കുണ്ട്. ആ തിരക്കിൽ സമയം പോകും. വേറൊന്നും ചിന്തിക്കാൻ സമയം കിട്ടില്ല. പിന്നെ, ഇടയ്ക്ക് പഴയ സുഹൃത്തുക്കൾ വിളിക്കും... സംസാരിക്കും. പലർക്കും ഞാൻ ഗാന്ധിഭവനിലാണെന്ന് അറിയില്ല. ഇപ്പോൾ മാധ്യമങ്ങളിൽ വാർത്ത വന്നതുകൊണ്ട് പലരും ഗാന്ധിഭവനിലേക്ക് വിളിക്കുന്നുണ്ട്.
ഞങ്ങളുടേത് പ്രണയവിവാഹം
എന്റെയും അമ്പിളിയുടെയും പ്രണയവിവാഹമായിരുന്നു. ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ ഞങ്ങൾ തമ്മിലും ഉണ്ടായിരുന്നു. ചെന്നൈയിൽ വച്ചാണ് പരിചയപ്പെട്ടത്. അമ്പിളിയെ വളരെ ചെറുപ്പം മുതലെ എനിക്കറിയാം. അമ്പിളിയുടെ കുടുംബമായും എനിക്ക് അടുത്ത പരിചയമുണ്ടായിരുന്നു. അവൾ എട്ടാമത്തെ വയസിൽ ഡബിങ് തുടങ്ങിയതാണ്. ഭക്ത മാർക്കണ്ഠേയ എന്ന കുട്ടികളുടെ സിനിമയായിരുന്നു ആദ്യ ചിത്രം. പിന്നെ ഒത്തിരി സിനിമകൾ ചെയ്തു.
മോനിഷയുടെ എല്ലാ സിനിമകളും അമ്പിളിയാണ് ചെയ്തത്. ഞങ്ങളുടെ വിവാഹം ചെന്നൈയിൽ വച്ചു തന്നെയായിരുന്നു. പിന്നീട് നാട്ടിലേക്ക് ഷിഫ്റ്റ് ചെയ്തപ്പോൾ മദ്രാസ് ജീവിതം ഒരുപാട് മിസ് ചെയ്തു. 42 വർഷമെന്നു പറയുന്നത് വലിയൊരു കാലഘട്ടമല്ലേ. അത്രയും വർഷത്തിനു ശേഷം നാട്ടിലേക്ക് പറിച്ചു നട്ടപ്പോൾ ആദ്യസമയത്ത് അൽപം ബുദ്ധിമുട്ടായിരുന്നു. പിന്നെ, നാടുമായി ഇഴുകിച്ചേർന്നു. അമ്പിളി ഉണ്ടായിരുന്നപ്പോൾ എനിക്കത്രയും കുഴപ്പം തോന്നിയിരുന്നില്ല.
ആദ്യം ശബ്ദമായത് കമലഹാസന്
മദ്രാസിൽ വാര്യർ ആൻഡ് വാര്യർ അസോസിയേറ്റ്സിൽ ആയിരുന്നു ആദ്യം ജോലി. അന്ന് ഞങ്ങളുടെ സുഹൃദ്സംഘത്തിൽ എഡിറ്റർ ശങ്കുണ്ണിയും ഉണ്ടായിരുന്നു. ശങ്കുണ്ണിയേട്ടൻ ആണ് എന്നോട് ഡബ്ബിങ് ഒന്നു ശ്രമിച്ചു കൂടെ എന്നു ചോദിക്കുന്നത്. എനിക്കത്ര പിടിയില്ലെന്നു പറഞ്ഞിട്ടും അദ്ദേഹം വിട്ടില്ല. വെറുതെ വന്ന് വോയ്സ് നോക്കൂ എന്നു പറഞ്ഞു. അമ്മ ടി.പി രാധാമണി ആകാശവാണി ആർടിസ്റ്റായിരുന്നു. അമ്മയുടെ കൂടെ പോയിട്ടുള്ള പരിചയം മാത്രമെ എനിക്കീ രംഗത്ത് അന്നുണ്ടായിരുന്നുള്ളൂ.
ഐ.വി. ശശി സാറിന്റെ ആശീർവാദം എന്ന ചിത്രത്തിനാണ് ഞാൻ വോയ്സ് ടെസ്റ്റ് ചെയ്യാൻ പോയത്. കമലഹാസനു വേണ്ടിയായിരുന്നു അത്. ഫസ്റ്റ് ടേക്ക് തന്നെ ഓകെ ആയി. അങ്ങനെ ഞാൻ ഡബ്ബിങ് ആർടിസ്റ്റ് ആയി. ഞാനും അമ്പിളിയും ഒരുമിച്ചു നിരവധി സിനിമകൾ ഡബ്ബ് ചെയ്തിട്ടുണ്ട്. ആർടിസ്റ്റ് ശങ്കറിനു വേണ്ടി 170ലധികം സിനിമകൾ ചെയ്തു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഒഴിച്ച്. സുരേഷ് ഗോപിക്ക് ന്യൂഡൽഹി വരെ ചെയ്തു. പിന്നെ, റഹ്മാൻ... അദ്ദേഹത്തിന്റെ സത്യൻ അന്തിക്കാട് ചിത്രങ്ങൾ എല്ലാം ഞാൻ തന്നെയാണ് ചെയ്തത്. ഷാനവാസ്, രാജ്കുമാർ, രവീന്ദ്രൻ... അങ്ങനെ ആ ഗ്രൂപ്പെല്ലാം ചെയ്തിട്ടുണ്ട്. തെലുങ്കിൽ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ചിത്രങ്ങളിൽ ചിരഞ്ജീവിക്കും ശബ്ദമായി.
അന്ന് അംഗീകരിക്കപ്പെടാതെ പോയി
ഞാനും അമ്പിളിയുമൊക്കെ ഡബ്ബിങ് രംഗത്ത് സജീവമായി നിൽക്കുന്ന സമയത്ത് സംസ്ഥാന സർക്കാരിന്റെ പുരസ്കാരങ്ങളൊന്നുമില്ല. പിന്നീട് ഭാഗ്യലക്ഷ്മിയൊക്കെ ഇടപെട്ടാണ് ഡബ്ബിങ് ആർടിസ്റ്റുകൾക്കും പുരസ്കാരം ഏർപ്പെടുത്തിയത്. മികച്ച നിരവധി സിനിമകൾ ചെയ്തിട്ടും അതൊന്നും അംഗീകരിക്കപ്പെടാതെ പോയി. ഇനി അത്തരത്തിലുള്ള അവസരങ്ങൾ ഉണ്ടാകില്ല. 2005ലെ ക്രിട്ടിക്സ് അവാർഡ് എനിക്ക് ലഭിച്ചിട്ടുണ്ട്. ഗാന്ധിഭവനിൽ എത്തിയതിനു ശേഷം ഡബ്ബിങിൽ നിന്ന് പൂർണമായും മാറി നിന്നെന്നു പറയാൻ കഴിയില്ല. ഇടയ്ക്ക് ഗാന്ധിഭവനു വേണ്ടിയും ചെയ്തിരുന്നു. നല്ല അവസരങ്ങൾ വരികയാണെങ്കിൽ ഡബ്ബിങ് തുടരണമെന്നാണ് ആഗ്രഹം. ഇപ്പോഴും ശബ്ദത്തിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. പിന്നെ, പഠിച്ച തൊഴിൽ മറന്നു പോകരുതല്ലോ! പണ്ടത്തെപ്പോലെ നായകന്മാർക്ക് ചെയ്യാൻ കഴിയില്ല. കാരണം, ഇപ്പോൾ എല്ലാവരും അവരുടെ സ്വന്തം ശബ്ദമല്ലേ ഉപയോഗിക്കുന്നത്. എങ്കിലും നല്ല അവസരങ്ങൾ ലഭിച്ചാൽ ചെയ്യണം. അഭിനയത്തിൽ താൽപര്യമില്ല. പണ്ട് ചില സിനിമകളിൽ ചെറിയ വേഷങ്ങളൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ, ഇപ്പോൾ തീരെ താൽപര്യമില്ല.