പറഞ്ഞും പണം തന്നതും സുരേഷ് ഗോപി, പേരിട്ടത് മുരളി: ‘അമ്മ’ പിറന്നത് ഇങ്ങനെ
Mail This Article
സുരേഷ് ഗോപിയാണ് അഭിനേതാക്കളുടെ സംഘടന രൂപീകരിക്കണമെന്ന ആശയം ആദ്യം മുന്നോട്ടു വച്ചതെന്നും ‘അമ്മ’ എന്ന പേരിട്ടത് മുരളിയാണെന്നും നടൻ മണിയൻപിള്ള രാജു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെ 85 പേർ വന്ന ആദ്യ യോഗം നടത്താനായി സുരേഷ് ഗോപി 25000 രൂപയും ഗണേഷ് കുമാറും താനും 10000 രൂപ വീതവും ഇട്ടെന്നും മണിയൻ പിള്ള കൂട്ടിച്ചേർത്തു.
‘‘1994ൽ സുരേഷ് ഗോപിയാണ് അങ്ങനെയൊരു ആഗ്രഹവുമായി എന്റെ അടുത്ത് വരുന്നത്. ‘ബാക്കി എല്ലാവർക്കും സംഘടനകളായി, നമുക്ക് മാത്രം ഒന്നും ആയിട്ടില്ല. നമുക്ക് ഒരെണ്ണം ഉണ്ടാക്കിയെടുക്കണം. രാജുചേട്ടൻ അതിന് മുൻകൈ എടുക്കണമെന്നും’ പറഞ്ഞു. അന്ന് സുരേഷ് ഗോപി 25,000 രൂപ തന്നു. ഞാനും ഗണേഷ് കുമാറും പതിനായിരം രൂപ വച്ച് ഇട്ടു. ഈ പൈസ വച്ച് തിരുവനന്തപുരത്തെ പഞ്ചായത്ത് ഹാളിൽ വച്ച് അഭിനേതാക്കളുടെ യോഗം ചേർന്നു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെ 85 പേർ വന്നു. ‘അമ്മ’ എന്ന പേരിട്ടത് നടൻ മുരളിയാണ്.
ഒരു സദ്യയൊക്കെ വച്ച് രാവിലെ മുതൽ വൈകീട്ട് വരെ യോഗം നടന്നു. അങ്ങനെയാണ് ‘അമ്മ’ സംഘടന തുടങ്ങുന്നത്. സംഘടനയുടെ ഒന്നാം നമ്പർ അംഗത്വം സുരേഷ് ഗോപിയും രണ്ടാം അംഗത്വം ഗണേശ് കുമാറും മൂന്നാം അംഗത്വം ഞാനും എടുത്തു. അങ്ങനെ ഞങ്ങൾ ഈ സംഭവം തുടങ്ങി. പിന്നാലെ ഒരു ഷോ ചെയ്യാമെന്ന് ഞങ്ങൾ തീരുമാനിച്ചു. ഇപ്പോൾ നമ്മളെ വിട്ടുപോയ ഗാന്ധിമതി ബാലൻ ആ ഷോ ഏറ്റെടുക്കുന്നു. അങ്ങനെ മൂന്ന് സ്ഥലങ്ങളിൽ ഷോ നടത്തുന്നു. ഈ ഷോ വൻ വിജയമായി. അതായിരുന്നു ‘അമ്മ’യുടെ ആദ്യത്തെ ഫണ്ട്. അന്നത്തെ ഷോയിൽ അമിതാഭ് ബച്ചൻ, കമല്‍ഹാസൻ എന്നിവർ വന്നിരുന്നു. ഗാന്ധിമതി ബാലനെ അക്കാര്യത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല. അദ്ദേഹത്തിന് അതിൽ സാമ്പത്തിക നഷ്ടം ഉണ്ടായാലും സംഘടനയ്ക്ക് അത് ഗുണമായി.
ഞാൻ എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്പർ ആയി കുറച്ചുനാൾ പ്രവർത്തിച്ചിരുന്നു. ഈ വർഷം എന്തുകൊണ്ട് ഇലക്‌ഷന് നിൽക്കാത്തതെന്ന് ചോദിച്ചു, നേതൃത്വത്തിൽ ഇല്ലെങ്കിൽപോലും ‘അമ്മ’യുടെ എല്ലാ കാര്യങ്ങളിലും നമ്മൾ മുന്നിൽ ഉണ്ടാകും. ഇത്തവണ ഒരുപാട് പുതുമുഖങ്ങളുണ്ട്. അവർ നോക്കട്ടെ.
അന്ന് ‘അമ്മ’ തുടങ്ങുന്ന സമയത്ത് 110 പേരാണുണ്ടായിരുന്നത്. അങ്ങനെ കൂടിക്കൂടി ഇപ്പോൾ 500ൽ കൂടുതൽ പേരായി. 120 പേർക്കോളം കൈനീട്ടം കൊടുക്കുന്നുണ്ട്, ഇൻഷുറൻസ് ഉണ്ട്. നല്ല കാര്യങ്ങളുമായി ‘അമ്മ’ മുന്നോട്ടുപോകുകയാണ്. കഴിഞ്ഞ 25 വർഷമായി ഇടവേള ബാബുവും നല്ല സേവനമാണ് കാഴ്ചവച്ചത്. ഇനിയും അങ്ങോട്ട് മോഹൻലാൽ പ്രസിഡന്റ് ആയതുകൊണ്ട് സംഘടന കൂടുതൽ ശക്തിപ്പെടും. ഇനി അങ്ങോട്ട് ഒരുപാട് ഷോകൾ വരുന്നുണ്ട്. മിനിമം ആറുകോടിയില്ലാതെ ‘അമ്മ’യ്ക്കു മുന്നോട്ടുപോകാൻ പറ്റില്ല. ഇത്രയും പേരുടെ കൈനീട്ടം, ഇൻഷുറൻസ് തുക തന്നെ രണ്ടോ മൂന്നോ കോടിയോളം വരും. മൂന്ന് കോടി രൂപ ഇൻഷുറൻസ് അടിച്ച വർഷങ്ങളുണ്ട്. ഓഫിസ് ശമ്പളം, വൈദ്യുതി തുടങ്ങിയ ചിലവുകള്‍ വേറെ. അതിനു ഷോ നടക്കണം. മോഹൻലാല്‍ ഉള്ളതുകൊണ്ട് രണ്ട് മൂന്ന് ഷോകൾ പറഞ്ഞുവച്ചിട്ടുണ്ട്- മണിയൻപിള്ള രാജു പറഞ്ഞു.