രസമുള്ള കല്യാണസദ്യ: മന്ദാകിനി റിവ്യൂ
Mandakini Review
Mail This Article
കല്യാണരാത്രിയിൽ രണ്ടെണ്ണം അടിക്കാതെ എങ്ങനെയാ? കല്യാണ സമയത്തെ ചില ആൺകൂട്ടങ്ങളിൽ കേൾക്കുന്ന ഒരു ചോദ്യമാണിത്. കാത്തു കാത്തിരുന്നു കെട്ടിയ പെണ്ണിന്റെ കൂടെ ആദ്യരാത്രി ആഘോഷിക്കാൻ ഇരുന്ന ആരോമൽ എന്ന കല്യാണച്ചെക്കന് കിട്ടിയ എട്ടിന്റെ പണിയാണ് മന്ദാകിനി. ഒരൊറ്റ ദിവസത്തെ സംഭവങ്ങൾ കോർത്തിണക്കി ചിരിയുടെ രസച്ചരട് മുറിയാതെ, പ്രേക്ഷകനെ ഒട്ടും ബോറടിപ്പിക്കാതെ രണ്ടര മണിക്കൂർ തിയറ്ററിൽ പിടിച്ചിരുത്തുക എന്നത് വലിയൊരു വെല്ലുവിളിയാണ്. എന്നാൽ നവാഗതനായ വിനോദ് ലീല പ്രതീക്ഷയുണർത്തുന്ന സംവിധായകനാണെന്ന് തെളിയാൻ ഈ ഒരൊറ്റ 'മന്ദാകിനി' മതി.
മക്കളെ വളർത്താൻ ഭർത്താവിന്റെ ഡ്രൈവിങ് സ്കൂളിന്റെ വളയം കയ്യിലെടുത്ത അമ്മയാണ് രാജലക്ഷ്മി. രാജലക്ഷ്മിയുടെ രണ്ടാമത്തെ മകൻ ആരോമലിന്റെ വിവാഹം ആഘോഷമാക്കാൻ തന്നെ വീട്ടുകാരും കൂട്ടുകാരും തീരുമാനിച്ചു. നിനച്ചിരിക്കാതെയാണ് ആരോമലിന് ഒട്ടും ചേർച്ചയില്ലാത്ത അമ്പിളി എന്ന മോഡേൺ വധുവിനെ കിട്ടിയത്. ഡ്രൈവിങ് സ്കൂളിൽ പഠിക്കാനെത്തിയ അമ്പിളിയെ രാജലക്ഷ്മി തന്നെ മകനുവേണ്ടി കല്യാണം ആലോചിച്ച് ഉറപ്പിച്ചു. സ്കൂളിൽ പഠിച്ച സമയത്ത് പെൺകുട്ടികളിൽ നിന്നു നേരിട്ട അവഗണനയെല്ലാം മറന്ന് ആരോമൽ അമ്പിളിയെ സ്വപ്നം കണ്ടു. കാത്തുകാത്തിരുന്ന വിവാഹരാത്രി! ആരോമലിന്റെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. അളിയന്റെ നിർബന്ധത്തിന് വഴങ്ങി ഒരു ധൈര്യത്തിന് രണ്ടെണ്ണം അടിക്കാൻ തന്നെ ആരോമൽ തീരുമാനിച്ചു പക്ഷെ പിന്നീട് ആദ്യരാത്രിയിൽ ഒരാളും ആഗ്രഹിക്കാത്ത ചില അപ്രതീക്ഷിത സംഭവവികാസങ്ങളെ നേരിടേണ്ടി വരികയാണ് ആരോമല്‍.
അല്‍ത്താഫ് സലീമാണ് ചിത്രത്തിൽ കല്യാണ ചെക്കനായ ആരോമലായി എത്തുന്നത്. അൽത്താഫ് സ്ഥിരമായി ചെയ്യാറുള്ളതുപോലെ തന്നെ ഒരല്പം മണ്ടനായ, നന്മയുള്ള കഥാപാത്രമാണ് ആരോമലും. പക്ഷേ, ഓരോ സിനിമയിലും നർമ്മം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് അൽത്താഫിനെ പ്രേക്ഷകർ ബോറടിക്കാതെ ഇഷ്ടപ്പെടാൻ കാരണം. കല്യാണദിവസം ഒരൽപം ടെൻഷനും ത്രില്ലുമായി നിൽക്കുന്ന കല്യാണച്ചെക്കന്റെ വേഷം ആരോമൽ ഭംഗിയായി അവതരിപ്പിച്ചു. അൽത്താഫിനൊപ്പം തന്നെ അനാര്‍ക്കലി മരിക്കാറിന്‍റെ അമ്പിളിയും പ്രേക്ഷക ഹൃദയം കയ്യിലെടുത്തു. അമ്പിളിയാണ് കല്യാണ രാത്രിയിൽ നർമ്മത്തിന്റെ ബിരിയാണിച്ചെമ്പ് പൊട്ടിക്കുന്നത്. അതിമനോഹാരിയായ കല്യാണപ്പെണ്ണായി മാറുന്നതിനൊപ്പം മന്ദാകിനിയിലെ ട്വിസ്റ്റുകളുടെ ചരടു വലിക്കുന്നത് അനാര്‍ക്കലിയാണ്. ചിത്രത്തിൽ വന്ന ഓരോ കഥാപാത്രവും മുഷിപ്പിക്കാതെ നൂലിൽ കൊരുത്തിട്ട മുത്തുകൾ പോലെ നർമ്മം വാരി വിതറുന്നുണ്ട്. അശ്വതി ശ്രീകാന്ത്, വിനീത് തട്ടില്‍, കുട്ടി അഖില്‍, ജാഫർ ഇടുക്കി, ഗണപതി, ജിയോ ബേബി, സരിത കുക്കു, സംവിധായകൻ ലാൽ ജോസ്, എന്നിവർക്കൊപ്പം അതിഥിതാരമായി ജൂഡ് ആന്റണിയും ചിത്രത്തിൽ എത്തുന്നുണ്ട്.
ഒരു കോമഡി ചിത്രം പ്രേക്ഷകരെ മുഷിപ്പിക്കാതെ പിടിച്ചിരുത്തണമെങ്കിൽ നർമ്മത്തിന്റെ രസച്ചരട് മുറിയാതെ സൂക്ഷിക്കണം. അത്തരത്തിൽ ഇഴചേർന്ന നർമ്മമുഹൂർത്തങ്ങളും ട്വിസ്റ്റുകളും കൊണ്ടു സമ്പന്നമാണ് ചിത്രം. തന്റേടവും മിടുക്കും കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാൻ മാത്രമല്ല, വേണ്ടി വന്നാൽ രണ്ടെണ്ണം പൊട്ടിക്കാനും കഴിവുള്ള പെണ്ണുങ്ങളാണ് മന്ദാകിനിയുടെ കരുത്ത്. സ്ത്രീകഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം മലയാള സിനിമയിൽ സ്ത്രീകൾക്ക് പ്രാധാന്യം കുറഞ്ഞു വരുന്നു എന്ന പരാതിക്കുള്ള മറുപടിയാണ്. അപ്രതീക്ഷിത സംഭവങ്ങളുടെ പെരുമഴയെങ്കിലും എല്ലാം ഒന്നിനൊന്ന് പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. കല്യാണരാത്രിയിലെ ആഘോഷങ്ങളെ മിടുക്കോടെ ഒപ്പിയെടുത്തത് ഷിജു എം ഭാസ്കറിന്‍റെ ക്യാമറയാണ്. ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ബിബിന്‍ അശോക് ആണ്.
ചിരിയുടെ രസക്കാഴ്‌ചയൊരുക്കുന്ന ഒരുഗ്രൻ കോമഡി എന്റർടെയ്നറാണ് മന്ദാകിനി. സ്പെയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചുരുക്കത്തിൽ, എല്ലാതരം പ്രേക്ഷകർക്കും ഇഷ്ടമാകുന്ന നല്ലൊരു കല്യാണ സദ്യ തന്നെയാണ് മന്ദാകിനി.