ഇതുവരെ കാണാത്ത ചാക്കോച്ചൻ; കരുത്തുറ്റ തിരക്കഥ; ‘ഓഫിസർ ഓൺ ഡ്യൂട്ടി’ റിവ്യു
Officer on Duty Review

Mail This Article
ഷാഹി കബീർ, മാർട്ടിന്‍ പ്രക്കാട്ട്, ജിത്തു അഷ്റഫ് എന്നിവർക്കൊപ്പം കുഞ്ചാക്കോ ബോബൻ ഒന്നിക്കുന്ന ‘ഓഫിസർ ഓണ്‍ ഡ്യൂട്ടി’ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സിനിമയായിരുന്നു. ഷാഹി കബീർ എന്ന തിരക്കഥാകൃത്തിൽ അർപ്പിച്ച വിശ്വാസം ഒട്ടും ചോരാതെ കാത്തിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും മികച്ച ത്രില്ലർ–ആക്‌ഷൻ സിനിമ തന്റെ ആദ്യ സംവിധാനത്തിലൂടെയാണ് പുറത്തുവന്നതെന്ന് സംവിധായകൻ ജിത്തു അഷറഫിനും അഭിമാനിക്കാം. ഇമോഷനൽ ഇൻവെസ്റ്റിഗേഷൻ ഴോണറിൽ എത്തിയ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് ഒരിക്കലും മിസ് ആകാൻ പാടില്ലാത്ത തിയറ്റർ അനുഭവം തന്നെയാണ്.
ഡ്യൂട്ടിക്കിടയിൽ പ്രകടിപ്പിച്ച അമിതാവേശത്തിന്റെ പേരിൽ ബ്ലാക്ക് ലിസ്റ്റിൽ ആവുകയും റാങ്കിൽ തരംതാഴ്ത്തപ്പെട്ട് സർക്കിൾ ഇൻസ്പെക്ടറാവുകയും ചെയ്ത പൊലീസ് ഓഫിസറാണ് ഹരിശങ്കർ. അധ്യാപികയായ ഭാര്യ ഗീതയും രണ്ടു പെൺമക്കളും അടങ്ങുന്ന ഹരിശങ്കറിന്റെ കുടുംബത്തിന്റെ അടിവേരിളകിയത് കുടുംബത്തിലുണ്ടാകുന്ന വലിയൊരു ദുരന്തമാണ്. ആ മാനസികാഘാതത്തിൽ നിന്ന് കഷ്ടിച്ച് പുറത്തുവന്ന ഹരിശങ്കർ തിരിച്ചു ജോലിയിൽ പ്രവേശിക്കുന്നു. ചാർജെടുത്ത ആദ്യ ദിവസം തന്നെ ഹരിയെ തേടി ഒരു മുക്കുപണ്ടം പണയം വച്ച കേസെത്തുന്നു. എതിരാളികളോട് ഒരു ദയയും കാണിക്കാത്ത ഹരി കേസിന്റെ അറ്റം പിടിച്ചെത്തുന്നത് എത്ര അഴിച്ചിട്ടും മുറുകികൊണ്ടിരിക്കുന്ന കുരുക്കുകളിലേക്കാണ്. ഈ കേസിനു പിന്നിലെ നിഗൂഢത തേടി ഹരിശങ്കർ നടത്തുന്ന യാത്രയാണ് പ്രേക്ഷകരെ തികച്ചും അസ്വസ്ഥമാക്കുന്ന ചില സത്യങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നത്.
കുഞ്ചാക്കോ ബോബന്റെ വൺ മാൻ ഷോ ആണ് ചിത്രത്തെ സമ്പന്നമാക്കുന്നത്. അഞ്ചാം പാതിരയ്ക്കും നായാട്ടിനും ശേഷം പൊലീസ് ഓഫിസറായി അതിഗംഭീര പ്രകടനമാണ് മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ ചിത്രത്തിൽ കാഴ്ചവച്ചത്. ഒരൽപം മനസികാസ്വാസ്ഥ്യമുള്ള പൊലീസ് ഓഫിസറാണ് ഹരിശങ്കർ. പല ഷേഡുകൾ ഉള്ള സർക്കിൾ ഇൻസ്‌പെക്ടർ ഹരിശങ്കർ എന്ന കഥാപാത്രത്തെ വളരെ പെർഫെക്റ്റ് ആയി കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചിട്ടുണ്ട്. കോളജ് കുമാരിമാർക്ക് പ്രിയങ്കരനായിരുന്ന ഒരുകാലത്തെ ചോക്ളേറ്റ് ഹീറോയിൽ നിന്ന് പക്വതയുള്ള ഇരുത്തം വന്ന മധ്യവയസ്‌കനിലേക്ക് ഗംഭീരമായ പകർന്നാട്ടമാണ് കുഞ്ചാക്കോ ബോബൻ നടത്തിയിരിക്കുന്നത്.
ഹരിശങ്കറിന്റെ ഭാര്യയായ ഗീതയായി എത്തിയത് പ്രിയാമണിയാണ്. ശ്രദ്ധനേടുന്ന അഭിനയ മികവുമായാണ് പ്രിയാമണി മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. എടുത്തുപറയേണ്ട അഭിനയപ്രകടനവുമായി എത്തിയത് വില്ലനായി അഭിനയിച്ച ആനന്ദം ഫെയിം വൈശാഖ് നായറാണ്. കുഞ്ചാക്കോ ബോബന് ഒപ്പത്തിനൊപ്പം നിൽക്കുന്ന ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് ക്രിസ്റ്റി സാവിയോ എന്ന വില്ലനായി വൈശാഖ് നടത്തിയത്. പ്രേക്ഷകരെ മുൾമുനയിലാക്കുന്ന ഫൈറ്റും വയലൻസും കൊണ്ട് വൈശാഖ് ചിത്രത്തിൽ ഗംഭീര സാന്നിധ്യമായി. എടുത്തു പറയേണ്ട വൈകാരിക പ്രകടനം കാഴ്ചവച്ച മറ്റു താരങ്ങൾ ജഗദീഷ്, മനോജ് കെ.യു., ഉണ്ണി ലാലു, മീനാക്ഷി അനൂപ് തുടങ്ങിയവരാണ്. നർത്തകനായ റംസാൻ, ശ്യാം ബാബു എന്ന മറ്റൊരു വില്ലൻ കഥാപാത്രം മികവുറ്റതാക്കി. വില്ലത്തി വേഷങ്ങളിലെത്തിയ പെൺകുട്ടികളും ചെറിയ കഥാപത്രങ്ങളായി എത്തിയ കഥാപാത്രങ്ങൾ പോലും ഏറ്റവും മികവുറ്റ പ്രകടനങ്ങളാണ് കാഴ്ചവച്ചത്.
നായാട്ട്, ഇലവീഴാ പൂഞ്ചിറ, ഇരട്ട എന്നീ സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഷാഹി കബീർ ഒരു സിനിമയ്ക്ക് തിരക്കഥ തയാറാക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. ആ പ്രതീക്ഷയ്ക്ക് ഒരു കോട്ടവും തട്ടാത്ത തരത്തിലുള്ള ഷാഹി കബീറിന്റെ ശക്തമായ ഈടുറ്റ തിരക്കഥയാണ് ഓഫിസർ ഓൺ ഡ്യൂട്ടിയുടെ കരുത്ത്. വില്ലന്മാർ ചെയ്യുന്ന ഓരോ ക്രൂരതയ്ക്ക് പോലും അവർക്കൊരു മോശമായ ഭൂതകാലം നൽകിക്കൊണ്ട് ആരും ദുഷ്ടന്മാരായി ജനിക്കുന്നില്ല, സാഹചര്യമാണ് അവരെ ക്രൂരകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്നൊരു സത്യം കൂടി ഷാഹി തന്റെ തിരക്കഥയിൽ പറഞ്ഞുവയ്ക്കുന്നുണ്ട്. നിരവധി വയലന്റ് രംഗങ്ങൾ ചിത്രത്തിലുണ്ടെങ്കിലും പ്രേക്ഷകന് മനം മടുപ്പിക്കുന്ന ക്രൂരതയുടെ ഉത്സവങ്ങളായി അവ ചിത്രത്തിൽ ആഘോഷിച്ചിട്ടില്ല.
ഷാഹിയുടെ തിരക്കഥയുടെ ഗൗരവത്തിനു ഒരു പോറൽ പോലും ഏൽക്കാത്ത തരത്തിലാണ് ജിത്തു അഷറഫ് തന്റെ ആദ്യ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. മേക്കിങ്ങിൽ മികച്ച ക്വാളിറ്റി ചിത്രം നിലനിർത്തുന്നുണ്ട്. ആക്‌ഷൻ രംഗങ്ങളും ഫൈറ്റും ചേസിംഗ് സീനുകളുമെല്ലാം മികവ് പുലർത്തി. റോബിൻ വർഗീസ് രാജിന്റെ ഛായാഗ്രഹണവും ചമൻ ചാക്കോയുടെ എഡിറ്റിങ്ങും ഗ്രിപ്പിങായ ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന് കെട്ടുറപ്പും ഭദ്രതയും പകർന്നു. ജേക്സ് ബിജോയ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തലസംഗീതവും പതിവുപോലെ സിനിമയുടെ മൂഡ് നിലനിർത്തി പ്രേക്ഷകർരെ സസ്പെൻസിൽ പിടിച്ചുകെട്ടി.
ഇന്ന് യുവാക്കളെ വഴിതെറ്റിച്ചുകൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിന്റെ പ്രത്യാഘാതങ്ങൾ ‘ഓഫിസർ ഓൺ ഡ്യൂട്ടി’യിൽ വളരെ ഗൗരവത്തോടെ ചർച്ച ചെയ്യുന്നുണ്ട്. പ്രലോഭനങ്ങളുടെയും പ്രണയാവേശങ്ങളുടെയും പേരിൽ അബദ്ധങ്ങളിൽ ചെന്ന് ചാടുന്ന പെൺകുട്ടികൾ ഒരുപാടുള്ള നാട്ടിൽ 'ഓഫിസർ ഓൺ ഡ്യൂട്ടി' ഒരു മസ്റ്റ് വാച്ച് സിനിമ തന്നെയാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെങ്കിലും പ്രേക്ഷകരെ അസ്വസ്ഥമാക്കുന്ന രംഗങ്ങൾ അധികമില്ലാത്ത ഈ ചിത്രം മക്കൾക്കൊപ്പം കേരളത്തിലെ മാതാപിതാക്കൾ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമാണ്. നവാഗത സംവിധായകൻ എന്ന നിലയിൽ ഷാഹി കബീറിന്റെ അതിഗംഭീരമായ തിരക്കഥയിലൂടെ പ്രതീക്ഷ നൽകുന്ന തുടക്കമാണ് ‘ഓഫിസർ ഇൻ ഡ്യൂട്ടി’യിലൂടെ ജിത്തു അഷറഫ് കാഴ്ചവച്ചിരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് നിർമാണം.