‘ഞാനും രേണുവും വിവാഹിതരായിട്ടില്ല, അനുമോൾ പിന്മാറിയപ്പോൾ ഇവരിലേക്കെത്തി’: വിവാഹച്ചിത്രത്തിലെ വാസ്തവം

Mail This Article
അന്തരിച്ച മിമിക്രി ആർട്ടിസ്റ്റ് കൊല്ലം സുധിയുടെ ഭാര്യ രേണു പുനർവിവാഹിതയായി എന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം ഒരു ഫോട്ടോഷൂട്ട് ചിത്രമാണെന്ന് വെളിപ്പെടുത്തി ഒപ്പം അഭിനയിച്ച ഡോക്ടർ മനു ഗോപിനാഥൻ. രേണു സുധി ഇപ്പോൾ പ്രശസ്തയായ ഒരു മോഡലാണ്. രേണുവിനൊപ്പം ഫോട്ടോ ഷൂട്ട് ചെയ്താൽ വൈറലാകും എന്നുള്ളതുകൊണ്ടാണ് രേണുവിനെ കാസ്റ്റ് ചെയ്തത് എന്ന് ഡോ. മനു പറയുന്നു. ആദ്യം ഈ ഫോട്ടോഷൂട്ട് പ്ലാൻ ചെയ്തിരുന്നത് നടിയും അവതാരകയുമായ അനുവിനെ മോഡൽ ആക്കിയായിരുന്നെന്നും അവർ പിന്മാറിയതുകൊണ്ടാണ് രേണു സുധിയെ സമീപിച്ചതെന്നും മനു പറഞ്ഞു. ആയുർവേദ ഡോക്ടറും സൈക്കോളജി കൺസൾട്ടന്റുമായ ഡോ. മനു നിരവധി പരസ്യ ചിത്രങ്ങളിലും ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മോഡലിങിലൂടെ സീരിയലിലും സിനിമകളിലും സജീവമാകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഡോ. മനു മനോരമ ഓൺലൈനിനോട് പറഞ്ഞു.
‘‘ഞാനും രേണു സുധിയും വിവാഹിതരായി എന്ന തരത്തിൽ പ്രചരിക്കുന്ന ഫോട്ടോ ഒരു ബ്യൂട്ടി ക്ലിനിക്കിന് വേണ്ടി ഞാനും രേണുവും അഭിനയിച്ച പരസ്യചിത്രമാണ്. അതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്. പാർലറിന്റെ പരസ്യം ചെയ്യുമ്പോൾ വിവാഹത്തിന് വേണ്ടിയുള്ള മേക്കപ്പ് ഒക്കെയല്ലേ ചെയ്യാൻ പറ്റൂ, അല്ലാതെ സോഷ്യൽ മീഡിയയിൽ പറയുന്നതുപോലെ ഒരു കണ്ടന്റ് അല്ല അത്. ആദ്യം ഈ പ്രോജക്റ്റ് പ്ലാൻ ചെയ്തത് ടെലിവിഷൻ അവതാരക അനുമോളെ വച്ചാണ്. പക്ഷേ അവർ പിന്മാറി, കാരണം പറഞ്ഞത് ഈ ചിത്രങ്ങൾ പുറത്തുവന്നാൽ ഇത്തരത്തിൽ വിവാഹം കഴിഞ്ഞുവെന്ന് ആളുകൾ പ്രചരിപ്പിക്കും, അതുകൊണ്ട് തനിക്ക് പേടിയാണ് എന്നാണ്. മുൻപ് ചെയ്ത ഒരു വർക്ക് ഇത്തരത്തിൽ പ്രചരിപ്പിച്ചുവെന്ന്. ഞാൻ ഫോട്ടോഷൂട്ടും മോഡലിങും ചെയ്യുന്ന ആളാണ്. മുൻപ് മുഖം പൊള്ളിയ ഒരു സൂസൻ തോമസ് എന്ന കുട്ടിയോടൊപ്പം ചെയ്ത ഫോട്ടോഷൂട്ട് വൈറലായിരുന്നു. വർഷത്തിൽ ഒരു പ്രോജക്റ്റ് ചെയ്യുക എന്നതാണ് എന്റെ ഒരു രീതി, അത് വൈറൽ ആകണം. ഞാൻ ഒരു കൺസെപ്റ്റ് ഡയറക്ടർ കൂടിയാണ്.

സൂസനോടൊപ്പം ചെയ്ത ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതൊരു കൺസെപ്റ്റ് ഫോട്ടോഷൂട്ട് ആയിരുന്നു. സൗന്ദര്യമോ ലുക്കോ ഒന്നും നമ്മുടെ സ്വപ്‌നങ്ങൾ എത്തിപ്പിടിക്കുന്നതിൽ മാനദണ്ഡമല്ല. മീഡിയയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് സൗന്ദര്യമല്ല കഴിവാണ് പ്രധാനം എന്ന സന്ദേശം പങ്കുവയ്ക്കാൻ വേണ്ടിയാണ് ആ ഫോട്ടോഷൂട്ട് ചെയ്തത്. മോഡലാകാനും സിനിമയിൽ അഭിനയിക്കാനും പൊക്കം വേണം, സൗന്ദര്യം വേണം, വെളുത്തതായിരിക്കണം എന്നൊന്നും ഒരു നിബന്ധനയും ഇല്ല എന്ന് ആളുകളെ മനസ്സിലാക്കിക്കാൻ വേണ്ടി ചെയ്ത ആ ഫോട്ടോഷൂട്ടുകൾ 2019 ലും 2020 ലും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഞാനൊരു ആയുർവേദ ഡോക്ടർ ആണ്, ഇപ്പോൾ കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ആയി തിരുവനന്തപുരത്ത് സ്വന്തം ക്ലിനിക്ക് ഇട്ടിരിക്കുന്നു. അതിനൊപ്പം മോഡലിങ് ചെയ്യാറുണ്ട്, ആൽബം സീരിയൽ ഒക്കെ ചെയ്തിരുന്നു. എന്റെ ലക്‌ഷ്യം സിനിമയും സീരിയലുമൊക്കെ ആണ്. അതിലേക്ക് പോകാൻ ഏറ്റവും നല്ല വഴി മോഡലിങ് ആണെന്ന് കരുതുന്നു. ശ്രദ്ധിക്കപ്പെടുന്ന കുറച്ച് വർക്കുകൾ ചെയ്‌താൽ നമുക്ക് സിനിമയിലേക്ക് എളുപ്പത്തിൽ എത്താം.
രേണുവിനൊപ്പം ചെയ്ത ഫോട്ടോഷൂട്ട് വൈറൽ ആയി അതിൽ വലിയ സന്തോഷമുണ്ട്. രേണുവിനെ ഞാൻ വിവാഹം കഴിച്ചു എന്ന രീതിയിലാണ് ഇത് പ്രചരിപ്പിക്കുന്നത്. രേണു ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടു നിൽക്കുന്ന സമയമായതുകൊണ്ടാണ് ഈ ഫോട്ടോ ഷൂട്ടും വൈറൽ ആയത്. ഒരു വർക്ക് ചെയ്യുമ്പോൾ ആ സമയത്ത് ശ്രദ്ധിക്കപ്പെട്ട ആളുകളെ വച്ചായിരിക്കും ചെയ്യുക. ഉദാഹരണത്തിന് മോഹൻലാൽ ശോഭനയെ നായികയാക്കി ഒരുപാട് ഹിറ്റ് സിനിമകൾ ചെയ്തിട്ടുണ്ട്, പിന്നെ എന്തുകൊണ്ട് സ്ഥിരം അദ്ദേഹം ശോഭനയെ മാത്രം നായികയാക്കുന്നില്ല, അദ്ദേഹം മറ്റു താരങ്ങളെ നായിക ആക്കുന്നത്, അതാത് സമയത്ത് പോപ്പുലാരിറ്റി ഉള്ള ആളെ നായിക ആക്കുന്നതാണ്, എന്നാൽ മാത്രമേ ആ വർക്ക് വിജയിക്കൂ.
പിന്നെ വർക്കിന് വേണ്ടി പണം മുടക്കുന്ന ആളിന് ഉദ്ദേശം ആളുകളിലേക്ക് എത്തുക റീച്ച് കിട്ടുക എന്നുള്ളതാണ്. ഞാൻ തന്നെ അടുത്ത വർക്ക് ചെയ്യുമ്പോൾ ഞാൻ മുൻകാലങ്ങളിൽ ചെയ്ത വർക്ക് ഏതാണെന്നു നോക്കും, ആ വർക്ക് വിജയിച്ചാൽ നമ്മളെ തേടി ആളുകൾ പിന്നാലെ വരും. എന്തായാലും രേണു സുധിയുമായി ചെയ്ത ഫോട്ടോഷൂട്ട് ആളുകളിലേക്ക് എത്തി, വൈറലായി പണം മുടക്കിയ ആളിനും അഭിനയിച്ച ഞങ്ങൾക്കും സന്തോഷം.’’ ഡോക്ടർ മനു ഗോപിനാഥൻ പറയുന്നു.