ADVERTISEMENT

പാട്ടുകളുടെ പൗര്‍ണമി ചന്ദ്രിക തീര്‍ത്ത് എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍ കടന്നുപോയി. ചലനങ്ങള്‍ സൃഷ്ടിച്ച നാടകങ്ങളിലൂടെ മലയാള സിനിമയില്‍ ചിരപ്രതിഷ്ഠ നേടിയ സംഗീതജ്ഞനായിരുന്നു അദ്ദേഹം. സിനിമയില്‍ മാത്രമല്ല അദ്ദേഹം തീര്‍ത്ത ഒരുപാട് നാടക ഗാനങ്ങളിലും സ്വരമായ ഗായകന്‍ ബിജു നാരായാണന് പിതൃതുല്യമായ സ്‌നേഹം പകര്‍ന്ന മാസ്റ്ററെ കുറിച്ച് സ്‌നേഹോഷ്മളമായ ഓര്‍മകളാണുളളത്.

 

‘ഒരുപക്ഷേ മാഷിനൊപ്പം ഒട്ടനവധി പാട്ടുകളില്‍ പ്രവര്‍ത്തിച്ച കുറച്ചു ഗായകരില്‍ ഒരാള്‍ ഞാനായിരിക്കും. അങ്ങനെ എന്‌റെ സംഗീത ജീവിതത്തില്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ഒരാളാണ് കടന്നുപോയത്.കുറേ നാളായി അദ്ദേഹം സുഖമില്ലാതെ കിടക്കുകയായിരുന്നു. ഞങ്ങള്‍ രണ്ടു പേരും കൊച്ചിക്കാര്‍ ആയതുകൊണ്ടു തന്നെ ഇടയ്ക്കിടെ കാണുമായിരുന്നു. ഇത്രയും വലിയ സംഗീതജ്ഞനായിട്ടും എന്നോട് എന്തെങ്കിലും പറയണമെങ്കില്‍ എന്റെ അടുത്തേക്ക് വരികയാണ് ശൈലി. അതാണ് അദ്ദേഹത്തിന്‌റെ എളിമയും നന്മയും. റെക്കോഡിങിനു ചെന്നാല്‍ എല്ലാം അടുത്തിരുന്നു പഠിപ്പിച്ച് തരും. 

 

മക്കളെ എന്നാണ് അദ്ദേഹം എല്ലാവരേയും വിളിച്ചിരുന്നത്. ആ വിളിയും പാട്ടുകളും ഇനിയില്ല. അര്‍ജുനന്‍ മാസ്റ്ററിന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയപ്പോള്‍ വലിയ സന്തോഷം തോന്നി. അര്‍ജുനന്‍ മാസ്റ്ററിന് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയില്ല എന്ന് എല്ലാവരും പറയുമ്പോഴും അത് ഒരു തരി പോലും അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. ഒരു രീതിയിലുള്ള പരാതിയോ പരിഭവമോ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അത്രമാത്രം സാത്വികനായ മനുഷ്യനായിരുന്നു.

 

അദ്ദേഹത്തിനൊപ്പം കുറേ ദൂരം സഞ്ചരിക്കാനായതില്‍ ഏറ്റവും നല്ല ഓര്‍മ്മ മുന്‍ പ്രസിഡന്‌റ് ഡോ.എപിജെ അബ്ദുല്‍ കലാം സാറിനെ കാണാന്‍ കഴിഞ്ഞതാണ്. പ്രസിഡന്റ് ആയ ശേഷം ആദ്യമായി കേരളത്തിലെത്തിയ അദ്ദേഹത്തിനായി ഒരു പാട്ട് മനോരമ തന്നെ പുറത്തിറക്കി. അദ്ദേഹം തന്നെ എഴുതിയ പഴയൊരു ഗാനം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ ശേഷം അത് അര്‍ജ്ജുനന്‍ മാസ്റ്റര്‍ ഈണമിട്ടു. പാട്ട് കേട്ട കലാം സര്‍ ഞങ്ങള്‍ രണ്ടാളുകളേയും കാണണമെന്നു പറഞ്ഞു. ഞങ്ങള്‍ രണ്ടാളും തിരുവനന്തപുരത്തു പോയി. ഏകദേശം ഇരുപത് മിനിട്ടോളം അദ്ദേഹത്തെ കണ്ട് സംസാരിക്കാനായി. അത് എനിക്ക് എന്‌റെ ജീവിതത്തിലെ അമൂല്യമായ നിമിഷമാണ്. കുറേ നല്ല ഗാനങ്ങള്‍ സമ്മാനിച്ചു എന്നു മാത്രമല്ല, ഇതുപോലൊരു നല്ല മുഹൂര്‍ത്തവും എനിക്കു തന്നിട്ടാണ് അദ്ദേഹം യാത്രയായത്’.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com