പുരസ്‌കാരം വലിയ ഊർജവും ഉന്മേഷവും നൽകുന്നു: റഫീഖ് അഹമ്മദ്

Mail This Article
പുരസ്‌കാരങ്ങൾ ലഭിക്കുന്നത് കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ വേണ്ട ഉന്മേഷം പകരുമെന്ന് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം നേടിയ റഫീഖ് അഹമ്മദ്. വിഡ്ഢികളുടെ മാഷ് എന്ന ചിത്രത്തിലെ "തിരമാലയാണു നീ കടലായ ഞാന്‍ നിന്നെ തിരയുന്നതെത്രമേല്‍ അർഥശൂന്യം" എന്ന ഗാനത്തിനാണ് റഫീഖ് അഹമ്മദ് പുരസ്‌കാരത്തിന് അർഹനായത്. കെ.എസ്.ചിത്ര പാടിയ ഗാനത്തിന് ബിജിബാൽ ആണ് ഈണം പകർന്നത്. ഇത് ആറാം തവണയാണ് സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നതെന്നും അതൊരു വലിയ ബഹുമതിയാണെന്നും റഫീഖ് അഹമ്മദ് പ്രതികരിച്ചു.
‘ആറാമത്തെ തവണയാണ് എനിക്ക് സംസ്ഥാന അവാർഡ് ലഭിക്കുന്നത്. അത് വലിയൊരു ബഹുമതിയായി കരുതുന്നു. തിരമാലയാണു നീ എന്നത് ഹിറ്റ് ചാർട്ടിൽ വന്ന പാട്ട് ആയിരുന്നില്ല. കുറച്ചൊരു ഗൗരവ സ്വഭാവമുള്ള കാവ്യാത്മകമായ പാട്ടാണ് അത്. ബിജിബാലിന്റേതാണ് ഈണം. അവാർഡുകൾ കിട്ടുന്നത് കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കാനുള്ള ഊർജവും ഉന്മേഷവും തരുന്നുണ്ട്. അതോടൊപ്പം തന്നെ ശ്രോതാക്കളുടെ സ്നേഹവും പ്രോത്സാഹനവും വലിയ അംഗീകാരമാണ്.’, റഫീഖ് അഹമ്മദ് പറഞ്ഞു.