ADVERTISEMENT

ദൂരയാത്ര കഴിഞ്ഞുള്ള അവന്റെ ഓരോ മടങ്ങിവരവിലും ഞാൻ കാത്തിരിക്കുമായിരുന്നു, അവൻ കൊണ്ടുത്തരുന്ന സമ്മാനപ്പൊതികൾക്കു വേണ്ടി... യാത്രയാക്കുമ്പോൾ പ്രത്യേകം ഓർമിപ്പിക്കും, ഇക്കുറി തിരിച്ചുവരുമ്പോൾ എനിക്കെന്തു കൊണ്ടുവരണമെന്ന്. കിലുങ്ങുന്ന കരിവള, കല്ലു വച്ച മൂക്കുത്തി, മഴവിൽനിറമുള്ള ചാന്തുപെട്ടി. യാത്ര കഴിഞ്ഞെത്തിയ ശേഷമുള്ള കൂടിക്കാഴ്‌ചയിൽ അവനെന്നോടു പറയും, കണ്ണടച്ച് കയ്യ് നീട്ട്... കണ്ണിറുക്കിയടച്ചു ഞാൻ നീട്ടുന്ന കൈവെള്ളയിൽ ഒരു ചുണ്ടുമ്മ കൊണ്ടിലയിട്ടു സമ്മാനമോരോന്നെടുത്തുവയ്ക്കും. ‘സോപാനം’ എന്ന ചിത്രത്തിലെ അഞ്ജുവിനെയും അനന്തുവിനെയും പരിചയപ്പെട്ടപ്പോൾ വെറുതെ ഓർത്തുപോയതാണ്. മൂകാംബികയ്‌ക്കു പോയിവരുമ്പോൾ എന്തു കൊണ്ടുവരണമെന്ന് അനന്തു ചോദിക്കുമ്പോൾ അഞ്‌ജു എന്ന പതിനേഴുകാരി മുഖമുയർത്താതെ പറയുന്നുണ്ട്, ഒരു ഡസൻ പച്ചകുപ്പിവള കൊണ്ടുവരാമോ എന്ന്. 

ചുറ്റമ്പലത്തിൽ മാലകെട്ടാൻ വന്നൊരു പാവം ചെക്കനായിരുന്നു അനന്തു. പാട്ടു പഠിക്കാൻ ചെന്ന ഭാഗവതരുടെ വീട്ടിൽവച്ചാണ് അവൻ അഞ്ജുവിനെ കണ്ടുമുട്ടുവന്നത്. ഭാഗവതരുടെ മൂത്തമകൾ. ഒരു പാട്ടീണം മൂളിയല്ലാതെ അവളെ ഓർമിക്കാനേ കഴിയുമായിരുന്നില്ല അവന്. അവരുടെ തനിച്ചുനടത്തങ്ങളിൽ എന്നുമുതൽക്കാണ് പ്രണയം തണലു നീർത്തിത്തുടങ്ങിയത്? അവൾ ആദ്യമായി പ്രണയം പറഞ്ഞത് നാടകശാലയുടെ പിന്നാമ്പുറത്തെ പായൽച്ചുമരിൽ ചെങ്കല്ലു കൊണ്ടു വരഞ്ഞുവച്ച രണ്ടു വരികളിലൂടെയായിരുന്നു... ‘‘കരുണ ചെയ്‌വാനെന്തു താമസം കൃഷ്‌ണാ....’’ ഇഷ്‌ടമാണെങ്കിൽ ദീപാരാധനയ്‌ക്കു വരുമ്പോൾ വിഗ്രഹത്തിൽ താമരപ്പൂ കാണണമെന്ന് അടയാളം പറഞ്ഞ് അവൾ ഓടിയകലുമ്പോൾ ആദ്യമായി അനന്തുവിന്റെ പ്രണയതീർഥക്കുളത്തിൽ ആയിരം കടുഞ്ചെന്താമരകൾ ഒരുമിച്ച് ഇതൾ വിരിയുകയായിരുന്നു... പക്ഷേ, ദീപാരാധന തൊഴാനെത്തിയ ആ പെൺകുട്ടിയെ ഒരു താമരയല്ലികൊണ്ടു പോലും മറുപടി നൽകാതെ നിരാശപ്പെടുത്തേണ്ടി വന്നു അനന്തുവിന്. ഗുരുവിന്റെ മകളെ പ്രണയിക്കാൻ ആദ്യം മടിച്ചെങ്കിലും പിന്നീട് ആ പ്രണയം അവളെ അറിയിക്കാതിരിക്കാൻ അനന്തുവിന് കഴിയുന്നില്ല. 

മൂകാംബികയിൽ കച്ചേരിക്കു പോയ്‌വരുമ്പോൾ വാങ്ങിയ പച്ചക്കുപ്പിവള അവളുടെ കൈത്തണ്ടയിൽ  അണിയിച്ചുകൊടുക്കണമെന്ന് അവനെത്ര ആശിച്ചുകാണണം. പക്ഷേ യാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴേക്കും അവളുടെ വേളിക്കാര്യമൊക്കെ ഭാഗവതർ തീരുമാനിച്ചുറപ്പിച്ചിരുന്നു. അണിയുംമുമ്പേ ഉടഞ്ഞുവീണ കുപ്പിവളപ്പൊട്ടുപോലെ എത്ര നൊന്തുടഞ്ഞൊരു ഹൃദയവുമായിട്ടാകണം അനന്തു എന്നെന്നേക്കുമായ് ആ നാടുവിട്ടതെന്നു ഞാനോർക്കാറുണ്ട്. എന്നിട്ടും കണ്ടുമുട്ടാനായിരുന്നു അവരുടെ പ്രണയനിയോഗം. അതുകൊണ്ടായിരിക്കും, മൂകാംബികയിൽനിന്ന് അനന്തു വാങ്ങിയ ആ പച്ചക്കുപ്പിവളകൾ വീണ്ടും അവളുടെ കൈത്തണ്ടയിൽ കിലുങ്ങിയത്. 

ഗാനം: താരനൂപുരം ചാർത്തി

ചിത്രം: സോപാനം

രചന: കൈതപ്രം

സംഗീതം: എസ്.പി വെങ്കിടേഷ്

ആലാപനം: യേശുദാസ്, മഞ്ജു മേനോൻ

താരനൂപുരം ചാർത്തി മൂകയാമം

ശ്യാമപരിഭവം പെയ്തു മഞ്ഞു വീണു

മൗനരാഗമോടെ പ്രിയചന്ദ്രലേഖ നിന്നൂ ഓ....

 

പുടവയായ് നിലാവുലഞ്ഞൂ ഋതുപരിണയം തുടങ്ങി

പൊന്നുനൂലരഞ്ഞാണം കുളിരരുവിയിൽ കിലുങ്ങീ

മായാതീരം ദൂരേ അണിഞ്ഞൊരുങ്ങീ

തിരി തെളിഞ്ഞുണർന്നൂ അവളൊരുങ്ങി നിന്നൂ (താര)

 

പാതിരാക്കടമ്പിൻ‌മേൽ കിളി പാടുവാൻ മറന്നൂ

അമ്പലക്കുളങ്ങരെയെങ്ങോ പൂപ്പാല പൂത്തു നിന്നൂ

മേലേ കാവിൽ ആരോ നടതുറന്നൂ

തിരുനട തുറന്നൂ അവൾ തൊഴുതു നിന്നൂ (താര)

English Summary:

Tharanoopuram Chaarthi song from the movie Sopanam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com