ADVERTISEMENT

1991ൽ ഇറങ്ങിയ സിബി മലയിൽ ചിത്രം ‘സാന്ത്വന’ത്തിനു വേണ്ടി മോഹൻ സിത്താര – കൈതപ്രം ടീം ഒരുക്കിയ പാട്ടാണ് ‘ഉണ്ണി വാവാവോ’. അന്നു സംവിധായകൻ ഗാനശിൽപികളോട് ആവശ്യപ്പെട്ടത് അൽപം പഴമയും നിഷ്കളങ്കതയും അലിഞ്ഞു ചേർന്ന പാട്ടു വേണം എന്നാണ്. ഗാനം ചിട്ടപ്പെടുത്താൻ ഇരുന്നപ്പോൾ പല ഈണങ്ങൾ പരീക്ഷിക്കുന്നതിനിടെ ഒരു ഈണത്തിനൊപ്പം മോഹൻ സിത്താര പാടിയ ഡമ്മി വരികളുടെ ഇടയിൽ നിന്നു ‘വാവാവോ...’ എന്ന വാക്ക് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ശ്രദ്ധ ആകർഷിക്കുകയായിരുന്നു. മലയാളത്തിലെ ഏറ്റവും ജനകീയമായ താരാട്ടുപാട്ടുകളിൽ ഒന്നു പിറവിയെടുക്കാൻ പിന്നെ അധികസമയം വേണ്ടി വന്നില്ല.

തങ്ങളുടെ കുട്ടിയെ ഉറക്കാൻ ബോളിവുഡ് നടൻ രൺബീർ കപൂർ ‘ഉണ്ണി വാവാവോ...’ എന്ന പാട്ടു പഠിച്ചുവെന്ന് നടി ആലിയ ഭട്ട് വെളിപ്പെടുത്തി എന്ന വാർത്തയോടു ‘വളരെ സന്തോഷം...’ എന്നാണ് കൈതപ്രം പ്രതികരിച്ചത്. ‘എല്ലാം ദൈവാനുഗ്രഹം’ എന്നു മോഹൻ സിത്താരയും.

ചിത്രയും യേശുദാസും പാടിയ വ്യത്യസ്ത പതിപ്പുകൾ ഉണ്ടെങ്കിലും കൂടുതൽ ജനകീയമായത് ചിത്ര ആലപിച്ചതാണ്. കുറച്ചുകൂടി വേഗമുള്ള താളം ആയതുകൊണ്ടാകാം അങ്ങനെ സംഭവിച്ചത് എന്നു സംഗീത സംവിധായകൻ. യേശുദാസ് പാടിയത് അതേ ഈണത്തിന്റെ കുറച്ചുകൂടി ശോകഭാവം നിറഞ്ഞ പതിപ്പായിരുന്നു. ‘ശങ്കരാഭരണം’ രാഗഛായ ആണു പാട്ടിനുള്ളതെങ്കിലും ഒരു രാഗം തീരുമാനിച്ചു ചിട്ടപ്പെടുത്തിയതല്ല താൻ ഈ ഗാനം എന്നു മോഹൻ സിത്താര പറഞ്ഞു. ആളുകൾക്ക് ഒരു മൂളിപ്പാട്ടു പാടുന്ന അനായസതയോടെ പാടാൻ പറ്റണമെന്നു മാത്രമാണ് ഈണത്തിന്റെ കാര്യത്തിൽ ശ്രദ്ധിച്ചത്.

താരാട്ടു പാട്ടായി ഉണ്ടാക്കുന്ന പാട്ടു കേട്ടാൽ കുട്ടികൾ ഞെട്ടി എഴുന്നേൽക്കരുത് എന്ന ജാഗ്രതയോടെയാണ് ഓർക്കെസ്ട്ര ഒരുക്കിയത്. അതുകൊണ്ടു തന്നെ തബല, ഡോലക്, വയലിൻ, വീണ, ഫ്ലൂട്ട് എന്നിങ്ങനെ വളരെ കുറച്ചു സംഗീതോപകരണങ്ങൾ മാത്രമാണ് ഉപയോഗിച്ചതും. അന്നു ഗാനമേളകളിലും പിന്നീട് സമൂഹമാധ്യമങ്ങളിലും പാട്ടു ജനകീയമാകാൻ ഇതും ഒരു കാരണമായിരിക്കാം എന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ എവിഎം തീയറ്ററിലാണ് പാട്ട് ജന്മമെടുത്ത്. മൂന്നു വർഷങ്ങൾക്കു മുൻപ് റീമാസ്റ്റർ ചെയ്ത പതിപ്പും യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഒന്നരക്കോടി വ്യൂസും 43000 ലൈക്കുകളും മൂവായിരത്തിനു മുകളിൽ കമന്റുകളും ഈ പാട്ടിനു ലഭിച്ചിട്ടുണ്ട്. കമന്റുകളെല്ലാം തന്നെ പാട്ടിനു പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിച്ചുകൊണ്ടുള്ളവയാണെന്ന  പ്രത്യേകതയുമുണ്ട്. 

English Summary:

Kaithapram and Mohan Sithara opens up about the song Unni vavavo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com