മാതാപിതാക്കളുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് പ്രഖ്യാപനം, പിന്നാലെ സഹോദരനെ ചേർത്തുപിടിച്ച് അമാൽ; തിരുത്തൽ

Mail This Article
കുടുംബവുമായുള്ള സകല ബന്ധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് ഗായകൻ അമാൽ മാലിക് നടത്തിയ പരസ്യ പ്രഖ്യാപനം വലിയ തോതിൽ ചർച്ചയായിരുന്നു. മാതാപിതാക്കളുടെ ചില പ്രവൃത്തികൾ കാരണം താനും സഹോദരൻ അർമാൻ മാലിക്കും തമ്മിൽ അകൽച്ചയിലാണെന്നും അമാൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തിരുത്തലുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. താനും സഹോദരനും ഒന്നാണെന്നും തങ്ങളെ തമ്മിൽ വേർപെടുത്താൻ ഒരു ശക്തിക്കും സാധിക്കില്ലെന്നും അമാൽ മാലിക് പറഞ്ഞു. കുടുംബത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള സമൂഹമാധ്യമ കുറിപ്പ് നീക്കം ചെയ്ത് മണിക്കൂറുകൾക്കിപ്പുറമാണ് വിശദീകരണവുമായി മറ്റൊരു കുറിപ്പ് അമാൽ പങ്കുവച്ചത്.
‘നിങ്ങളുടെ ഈ സ്നേഹവും പിന്തുണയും ഒരുപാട് വലുതാണ്. എല്ലാത്തിനും നന്ദി. പക്ഷേ എന്റെ കുടുംബത്തെ ഉപദ്രവിക്കരുതെന്ന് ഞാൻ അപേക്ഷിക്കുകയാണ്. ദയവായി കാര്യങ്ങൾ വളച്ചൊടിക്കരുത്. എന്റെ ബലഹീനതയെയും നിസ്സഹായാവസ്ഥയെയും നെഗറ്റീവ് തലക്കെട്ടുകളോടെ പ്രചരിപ്പിക്കരുത്. ഇതൊരു അപേക്ഷയാണ്. ഇക്കാര്യങ്ങൾ തുറന്നു പറയാൻ എനിക്ക് വളരെയധികം സമയം വേണ്ടിവന്നു. വളരെ ബുദ്ധിമുട്ടേറിയ കാലത്തിലൂടെയാണ് കടന്നു പോകുന്നത്. ദൂരെയാണെങ്കിലും ഞാൻ എന്റെ കുടുംബത്തെ സ്നേഹിക്കുന്നു. എനിക്കും സഹോദരനുമിടയിൽ യാതൊന്നും മാറിയിട്ടില്ല. ഇനിയും അങ്ങനെയായിരിക്കും. അർമാനും ഞാനും ഒന്നാണ്. ഞങ്ങൾക്കിടയിൽ ഒന്നും സംഭവിക്കില്ല. ഒരു ശക്തിക്കും ഞങ്ങളെ വേർപെടുത്താൻ സാധിക്കില്ല. എപ്പോഴും സ്നേഹവും സമാധാനവും മാത്രം’, അമാൽ മാലിക് കുറിച്ചു.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി അമാൽ മാലിക് രംഗത്തെത്തിയത്. തന്റെ സന്തോഷങ്ങളെല്ലാം കുടുംബം തന്നെ ഇല്ലാതാക്കിയെന്നും അവരുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നുവെന്നും മാതാപിതാക്കളുമായി ഇനി തൊഴിൽപരമായ കാര്യങ്ങൾ മാത്രമേ ചർച്ച ചെയ്യുകയുള്ളുവെന്നുമായിരുന്നു അമാലിന്റെ പ്രഖ്യാപനം. മാതാപിതാക്കളുടെ പ്രവൃത്തികൾ കാരണം താനും സഹോദരനും മാനസികമായി അകന്നുവെന്നും അമാൽ കുറ്റപ്പെടുത്തി. വിഷയം സജീവ ചർച്ചയായതോടെയാണ് അമാൽ പ്രസ്താവനയിൽ തിരുത്തൽ വരുത്തിയത്.