പരോളിന് വേണം വീട്ടുകാരുടെ ‘നല്ല’ ഉറപ്പ്; രേഖാമൂലം ഉറപ്പു നൽകേണ്ടത് ജയിൽ സൂപ്രണ്ടിന്
Mail This Article
കോട്ടയം ∙ പരോൾ കാലയളവിൽ നാട്ടിൽ പ്രശ്നങ്ങളുണ്ടാക്കാതെ നോക്കുമെന്നു കുടുംബാംഗങ്ങൾ ഉറപ്പു നൽകിയാൽ മാത്രമേ ജയിൽപുള്ളികൾക്ക് ഇനി പരോൾ അനുവദിക്കൂ. കുഴപ്പം കാട്ടിയാൽ അതിന്റെ ഉത്തരവാദിത്തം ഇനി കുടുംബത്തിനു കൂടിയായിരിക്കും. ഇത്തരത്തിൽ രേഖാമൂലമുള്ള ഉറപ്പ് ജയിൽപുള്ളിയെ കൂട്ടിക്കൊണ്ടു പോകാൻ എത്തുന്ന ബന്ധു ജയിൽ സൂപ്രണ്ടിന് എഴുതി നൽകണം.
പരോൾ കഴിഞ്ഞു തിരികെ ജയിലിൽ എത്തിക്കേണ്ട ഉത്തരവാദിത്തവും ഇനി കുടുംബത്തിനായിരിക്കും. നാട്ടിലെത്തിയാൽ സ്ഥലം സബ് ഇൻസ്പെക്ടറുടെ നിരീക്ഷണത്തിലായിരിക്കും ജയിൽപുള്ളി. തിരികെ ജയിലിൽ എത്തുമ്പോൾ സബ് ഇൻസ്പെക്ടർ നൽകുന്ന നല്ലനടപ്പിന്റെ സാക്ഷ്യപത്രവും വേണം. നെട്ടുകാൽത്തേരി തുറന്ന ജയിലിലെ അന്തേവാസി പരോൾ കാലയളവിൽ സഹോദരനെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് കർശന നിയന്ത്രണങ്ങൾ.