ADVERTISEMENT

തിരുവനന്തപുരം ∙ കുറഞ്ഞ നിരക്കിൽ 150 മെഗാവാട്ട് വൈദ്യുതി നൽകാൻ താൽപര്യം പ്രകടിപ്പിച്ച കമ്പനിയുടെ വൈദ്യുതി വാങ്ങാൻ അനുമതി തേടി കെഎസ്ഇബി നൽകിയ അപേക്ഷ പരിഗണിക്കാതെ റഗുലേറ്ററി കമ്മിഷൻ. 25 വർഷത്തേക്കു കുറഞ്ഞനിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി നൽകാനുള്ള കരാറുകൾ റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ ശേഷം സംസ്ഥാനത്തിന്റെ സമ്മർദത്തെ തുടർന്ന് പുനഃസ്ഥാപിച്ചപ്പോൾ, അതിനെതിരെ അപ്‌ലറ്റ് ട്രൈബ്യൂണലിൽ അപ്പീൽ നൽകാത്ത കമ്പനിയുമായുള്ള കരാർ തുടരാനായിരുന്നു കെഎസ്ഇബി തീരുമാനം .

ജിൻഡൽ പവർ (150 മെഗാവാട്ട്), ജാബുവ പവർ (2 കരാറുകളിലായി 215 മെഗാവാട്ട്), ജിൻഡൽ ഇന്ത്യ തെർമൽ (100 മെഗാവാട്ട്) എന്നിവയുമായുള്ള കരാറുകളാണ് റഗുലേറ്ററി കമ്മിഷൻ ആദ്യം റദ്ദാക്കുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തത്. ഇതിൽ ജിൻഡൽ പവർ ഒഴികെയുള്ള കമ്പനികൾ അപ്പീൽ നൽകി അനുകൂല ഉത്തരവു നേടി. കെഎസ്ഇബിയുമായുള്ള മുൻ കരാർപ്രകാരം വൈദ്യുതി നൽകാൻ ജിൻഡൽ പവർ ധാരണയിലെത്തിയിരുന്നു. എന്നാൽ, റഗുലേറ്ററി കമ്മിഷന്റെ നിർദേശപ്രകാരം ഇവരുടെ കുടിശിക കെഎസ്ഇബി പിടിച്ചുവച്ചു. കുടിശികയും പലിശയും ഉൾപ്പെടെ ഏകദേശം 110 കോടി രൂപ കമ്പനിക്കു നൽകുന്നതു സംബന്ധിച്ച ചർച്ചയിൽ തീരുമാനമാകാത്തതിനാൽ ധാരണ യാഥാർഥ്യമായില്ല. റഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയാൽ കുടിശിക തീർപ്പാക്കി കരാർ പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. ഇതിനായി സെപ്റ്റംബറിലാണ് കെഎസ്ഇബി ആദ്യം ഫീസടച്ച് എക്സിക്യൂഷൻ അപേക്ഷ നൽകിയത്. അപേക്ഷ പരിഗണിക്കാത്തതിനെ തുടർന്ന് ജനുവരിയിൽ വീണ്ടും അപേക്ഷ നൽകുകയും ഫീസ് അടയ്ക്കുകയും ചെയ്തു. വേനൽക്കാല സാഹചര്യം മുൻനിർത്തി അപേക്ഷ പരിഗണിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. എന്നാൽ, ഒരു മാസം പിന്നിട്ടിട്ടും അപേക്ഷ പരിഗണിച്ചിട്ടില്ല. 

വൈദ്യുതി കണ്ടെത്താൻ തീവ്രശ്രമം 

വേനൽക്കാലത്തു വൈദ്യുതി വാങ്ങാൻ കൂടുതൽ മാർഗങ്ങൾ തേടി കെഎസ്ഇബി. നിലവിൽ വൈകിട്ട് 3നു ശേഷം വൈദ്യുതി വിപണിയിൽ വില വർധിക്കുന്നുണ്ടെങ്കിലും ഈ സമയത്ത് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുറയുന്നതിനാൽ അധിക വൈദ്യുതി വിറ്റ് പണം കണ്ടെത്താനുള്ള സാധ്യത കെഎസ്ഇബി പരിശോധിക്കുന്നുണ്ട്. മാർച്ചിൽ വൈദ്യുതി ലഭ്യമാക്കാൻ പുതിയ ബാങ്കിങ് കരാറിലും കെഎസ്ഇബി ഏർപ്പെട്ടു. ജൂൺ മുതൽ സെപ്റ്റംബർ വരെ കാലയളവിൽ തിരിച്ചു നൽകാമെന്ന ഉറപ്പിൽ യുപി വൈദ്യുതി കോർപറേഷനുമായാണ് പുതിയ കരാറിലെത്തിയത്. മാർച്ച് മുഴുവൻ വൈദ്യുതി ഉപയോഗം കൂടിയ വിവിധ സമയക്രമങ്ങളിലായി യുപി വൈദ്യുതി ലഭ്യമാക്കും. രാത്രി 12 മുതൽ പുലർച്ചെ 3 വരെ 300 മെഗാവാട്ട്, 3 മുതൽ 5 വരെ 400 മെഗാവാട്ട്, വൈകിട്ട് 4 മുതൽ 7 വരെയും രാത്രി 9 മുതൽ 10 വരെയും 200 മെഗാവാട്ട്, 10 മുതൽ 11 വരെ 500 മെഗാവാട്ട്, 11 മുതൽ 12 വരെ 300 മെഗാവാട്ട് വീതം വൈദ്യുതി ഈ കരാറിലൂടെ കേരളത്തിനു ലഭിക്കും. ഇതോടെ മാർച്ചിലെ പ്രതിസന്ധിക്കു പരിഹാരമാകുമെന്നാണു പ്രതീക്ഷ.

English Summary:

Kerala Summer Electricity Crisis Deepens: KSEB's Plea Ignored

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com