ADVERTISEMENT

തിരുവനന്തപുരം∙ പ്രശസ്ത നടൻ മോഹൻ രാജ് അന്തരിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. പാര്‍ക്കിന്‍സന്‍സ് രോഗബാധിതനായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നു ഏറെക്കാലമായി മോഹൻ രാജ് (70) ചികിത്സയിൽ ആയിരുന്നു. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മോഹൻ രാജ്  ആയുർവേദ ചികിത്സയ്ക്കായി ഒരു വർഷം മുൻപാണ് കാഞ്ഞിരംകുളത്ത് എത്തിയത്.

കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രമാണ് മോഹൻ രാജിനെ പ്രശസ്തനാക്കിയത്. മുന്നൂറോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കാഞ്ഞിരംകുളം സ്വദേശിയായ മോഹൻ രാജ് തിരുവനന്തപുരം ഗവ. ആർട്‌സ് കോളജിൽ വിദ്യാർഥിയായിരിക്കെ കായികതാരമായിരുന്നു. പിന്നീട് സൈന്യത്തിലെത്തി. കാലിനു പരുക്കേറ്റതിനെ തുടർ‌ന്ന് ആർമിയിലെ ജോലി വിട്ട് കസ്റ്റംസിലും പിന്നീട് എൻ‌ഫോഴ്സ്മെന്റിലും ഉദ്യോഗസ്ഥനായി. എൻഫോഴ്‌സ്‌മെന്റ് ഓഫിസറായി ചെന്നൈയിൽ ജോലി ചെയ്യുമ്പോഴാണ് സിനിമയിലെത്തിയത്. ‘കഴുമലൈ കള്ളൻ’ എന്ന തമിഴ് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അതിനു ശേഷം ‘ആൺകളെ നമ്പാതെ’ എന്ന ചിത്രത്തിലും അഭിനയിച്ചു.

സുഹൃത്തു കൂടിയായ സംവിധായകൻ കലാധരനാണ് മോഹൻരാജിനെ സിബി മലയിലിനും ലോഹിതദാസിനും പരിചയപ്പെടുത്തിയത്. ‘കിരീട’ത്തിലെ പ്രധാന വില്ലനെ അവതരിപ്പിക്കാനിരുന്ന നടൻ എത്താതിരുന്നതിനെ തുടർന്ന് മോഹൻരാജിന് നറുക്കു വീണു. അതു വഴിത്തിരിവായി. മലയാള സിനിമ കണ്ട എക്കാലത്തെയും ഗംഭീരവില്ലന്മാരിലൊരാള‌ായി കീരിക്കാടൻ ജോസ്. അതോടെ മോഹൻരാജിന്റെ ജീവിതവും മാറി. മലയാളത്തിലും തമിഴിലും തെലുങ്കിലും തിരക്കുള്ള നടനായി. രണ്ടു ജാപ്പനീസ് ചിത്രങ്ങളിലും അഭിനയിച്ചു.

കേന്ദ്ര സർവീസിൽ ജോലി ചെയ്യുമ്പോൾ സിനിമയിലഭിനയിക്കാൻ സർക്കാരിൽനിന്ന് അനുവാദം വാങ്ങേണ്ടിയിരുന്നു. അതില്ലാതെയാണ് മോഹൻരാജ് സിനിമയിൽ അഭിനയിച്ചത്. അതിന്റെ പേരിൽ സസ്പെൻഷൻ കിട്ടി. അന്നു തുടങ്ങിയ നിയമപോരാട്ടം അവസാനിച്ചത് 20 വർഷത്തിനു ശേഷമാണ്. 2010 ൽ ജോലി തിരികെ ലഭിച്ചെങ്കിലും പിന്നീടു രാജി വച്ചു. പട്ടാളത്തിലായിരിക്കെ കാൽമുട്ടിനേറ്റ പരുക്ക് പിൽക്കാലത്ത് അലട്ടിയിരുന്നു. കിരീടം, ചെങ്കോൽ, കനൽക്കാറ്റ്, മറുപുറം, ആമിനാ ടെയ്‌ലേഴ്‌സ്, നരസിംഹം, ആറാംതമ്പുരാൻ, മായാവി, മിമിക്സ് പരേഡ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഭാര്യ: ഉഷ. മക്കൾ: ജയ്ഷ്മ, കാവ്യ.

English Summary:

Actor Mohan Raj passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com